ആദിവാസിജനതയും ആധുനികശാസ്ത്രവും കൈകോർക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇന്ന് ലോകം നേരിടുന്ന, കാലാവസ്ഥാപ്രതിസന്ധി, പ്രകൃതിവൈവിധ്യത്തിൽ ഉണ്ടാകുന്ന കുറവ്, ഭക്ഷ്യസുരക്ഷയിലും, ആരോഗ്യരംഗത്തും നേരിടുന്ന ഭീഷണികൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിഹാരമുണ്ടാക്കാൻ ആദിവാസിജനതകളുടെ അറിവുകളും, ശാസ്ത്രവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. "ആദിവാസിജനതയുടെ അറിവും ശാസ്ത്രങ്ങളും. അപകടസാധ്യതകളെക്കുറിച്ചും, പ്രതോരോധപരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുമുള്ള അറിവും ശാസ്ത്രവും ഒരുമിപ്പിക്കൽ" എന്ന പേരിൽ ശാസ്ത്രത്തിനും, സാമൂഹികശാസ്ത്രങ്ങൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച പാഠ്യശാലയിൽ സംബന്ധിച്ചവർക്ക് മാർച്ച് 14 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ആദിവാസിജനതകളുടെ അറിവുകൾ ശാസ്ത്രത്തിന് എപ്രകാരം ഉപകാരപ്പെടുത്താനാകുമെന്നതിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന മൂന്ന് വർഷങ്ങൾക്ക് മുൻപ്, ആദിവാസിഭക്ഷണസമ്പ്രദായങ്ങളെക്കുറിച്ച് പഠനം സംഘടിപ്പിച്ചത് പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആദിവാസിജനതകളുടെ ഭക്ഷ്യസമ്പ്രദായങ്ങൾ സംരക്ഷിക്കപ്പെടുന്നതിന്റെ ആവശ്യകത മുന്നിൽ കണ്ട് പ്രത്യേകം സംവിധാനങ്ങൾ വിഭാവനം ചെയ്തിരുന്നത് പരാമർശിച്ച പാപ്പാ, ഇത്തരത്തിലുള്ള ഗവേഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെ സ്വാഗതം ചെയ്‌തു.
ആദിവാസിജനതകളുടെ അറിവുകളും, അവരുടെ ജീവിതശൈലിയും, അതേസമയം ശാസ്ത്രജ്ഞരുടെ പഠനങ്ങളിൽ അടിസ്ഥാനമിട്ട അറിവുകളും പരസ്‌പരം പങ്കുവയ്ക്കപ്പെടേണ്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്, പരസ്പരമുള്ള സഹകരണത്തിലൂടെ വളരുന്നതിന് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
മാനവിക സാഹോദര്യം, നീതി, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. മാനവസമൂഹത്തിലെ വൈവിധ്യങ്ങളുടെ ശ്രേഷ്ഠത തിരിച്ചറിയുകയും, പരിപാലിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ പൊതുഭവനമായ ഭൂമിയും മാനവകുടുംബവും നേരിടുന്ന വെല്ലുവിളികൾക്ക് ഒരുമിച്ച് ഉത്തരം നൽകാൻ ഇതുസഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആഗോളസഹോദര്യത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, നീതിയിലേക്കും, സ്നേഹത്തിലേക്കും സമാധാനത്തിലേക്കും ഉള്ള നമ്മുടെ വിളിക്ക് സാക്ഷ്യം വഹിക്കാനാണ് സൃഷ്ടാവായ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദൈവം ഈ പ്രപഞ്ചത്തിന്റെ കാവൽക്കാരായാണ്, അധിപന്മാരായല്ല നമ്മെ സൃഷ്ടിച്ചത്. ഭാവിതലമുറകളുടെ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നതിലേക്കായി ഒരു അന്താരാഷ്ട്രഐക്യത്തിൽ ജീവിക്കാനാണ് ദൈവം നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരികമായ അസ്വസ്ഥതകൾ മൂലം ബുദ്ധിമുട്ടുന്ന പാപ്പായ്ക്കുവേണ്ടി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സേവനമനുഷ്ഠിക്കുന്ന റോസ്മീനിയൻ വൈദികൻ ഫാ. പിയർലൂയിജി ജിറോളിയാണ്, പ്രഭാഷണം വായിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: