അപരന്റെ ദുർബലതകളിൽ സഹായമാകണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
"ദുർബലതയും ദുരുപയോഗവും: പ്രതിരോധത്തിന്റെ വിശാലമായ കാഴ്ചപ്പാടിലേക്ക്" എന്ന ആശയം മുൻപോട്ടുവച്ചുകൊണ്ട് സെൻ്റർ ഫോർ ഇൻ്റർഡിസിപ്ലിനറി റിസർച്ച് ആൻഡ് ഫോർമേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് മൈനേഴ്‌സ് (CEPROM) സംഘടിപ്പിക്കുന്ന മൂന്നാം ലാറ്റിനമേരിക്കൻ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനും, അവരെ പരിപാലിക്കുന്നവർക്ക് പരിശീലനം നൽകുന്നതിനും വേണ്ടി റോമിലെ ഗ്രിഗോരിയൻ സർവകലാശാലയുടെ കീഴിൽ ആരംഭിച്ച സ്ഥാപനമാണ് സെപ്രോം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ദുരുപയോഗത്തിന്റെ വിപത്ത് ഉന്മൂലനം ചെയ്യുന്നതിൽ അംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
വേദനയനുഭവിക്കുന്ന യേശുവിന്റെ മുഖം ദുരുപയോഗം ചെയ്യപ്പെടുന്ന ഓരോ ഇരകളിലും കാണുവാനുള്ള സഭയുടെ പ്രതിബദ്ധത പാപ്പാ അടിവരയിടുകയും, ഈ അവസ്ഥയ്ക്ക് കാരണക്കാരാകുന്ന ആളുകളുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുവാനുള്ള കടമയും പാപ്പാ ഓർമ്മിപ്പിച്ചു.
ദുർബലതകളും, ദുരുപയോഗങ്ങളും ദൈവീകദൃഷ്ടിയിൽ കാണണമെന്നും, അപ്രകാരം ബലഹീനതയിലും നമ്മുടെ ജീവിതസാക്ഷ്യം കൊണ്ട് ശക്തി പ്രാപിക്കുവാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ പറഞ്ഞു. എന്നാൽ ബലഹീനതകളിൽ തളച്ചിടപ്പെട്ടുകൊണ്ട് മറ്റു കാര്യങ്ങളിലേക്ക് നമ്മുടെ ജീവിതത്തെ നയിക്കാൻ സാധിക്കാതെ വരുന്നത് ബാലിശമായ ഒരു വ്യക്തിത്വത്തിലേക്ക് ചുരുങ്ങുവാൻ ഇടയാക്കുമെന്നും, അതിനാൽ വിശുദ്ധ പൗലോസിനെപ്പോലെ, തന്റെ ബലഹീനതകളിൽ അഭിമാനിക്കുകയും കർത്താവിന്റെ കൃപയിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിൽ മുന്നേറുവാൻ ഓരോരുത്തർക്കും സാധിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
സ്വാർത്ഥത, അവിശ്വാസം, ഭയം, വഞ്ചന എന്നിവയാൽ വികലമാക്കപ്പെട്ട ഒരു സമൂഹത്തിൽ , ദൈവീകശക്തിയിൽ ആശ്രയം വച്ചുകൊണ്ട് മൺപാത്രങ്ങളിൽ നമുക്ക് നൽകുന്ന നിധിയെ തിരിച്ചറിയുവാൻ സാധിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: