തിരയുക

ലാറ്റിനമേരിക്കൻ മെത്രാൻ സമിതിയുടെ  പ്രതിനിധിസംഘം ഫ്രാൻസിസ് പാപ്പായോടൊപ്പം   ലാറ്റിനമേരിക്കൻ മെത്രാൻ സമിതിയുടെ പ്രതിനിധിസംഘം ഫ്രാൻസിസ് പാപ്പായോടൊപ്പം   (Vatican Media)

ദാനധർമ്മം ക്രിസ്തുവിന്റെ ജീവിതത്തിലുള്ള പങ്കാളിത്തമാണ്: പാപ്പാ

ലാറ്റിനമേരിക്കയിലെ സഭകളെ സഹായിക്കുന്ന വിവിധ സംഘടനകളുടെസമ്മേളനം കൊളംബിയയിലെ ബൊഗോത്തായിൽ വച്ച് നടക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ലാറ്റിനമേരിക്കൻ സഭകൾക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലാറ്റിനമേരിക്കയിലെ സഭകളെ സഹായിക്കുന്ന വിവിധ സംഘടനകളുടെസമ്മേളനം കൊളംബിയയിലെ ബൊഗോത്തായിൽ വച്ച് മാർച്ചു മാസം നാല് മുതൽ എട്ടു വരെ നടക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ലാറ്റിനമേരിക്കൻ സഭകൾക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.

സഹായം നൽകുമ്പോൾ സ്വാഭാവികമായി നമ്മിൽ ഉരുത്തിരിയുന്ന ചോദ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.  എന്നാൽ ഈ ചോദ്യങ്ങൾക്കുമപ്പുറം നാം കണ്ടെത്തേണ്ടത് ദൈവീകമായ പരിപാലനയാണെന്ന് പാപ്പാ അടിവരയിട്ടു. ദൈവമാണ് നമുക്ക് എല്ലാം നൽകുന്നതെന്നും, സ്വീകരിക്കുന്ന വസ്തുക്കളുടെ സൂക്ഷിപ്പുകാർ മാത്രമാണ് നാമെന്നും പാപ്പാ പറഞ്ഞു. അതിനാൽ ക്രിസ്തുവിൽ നിന്നും സ്വീകരിക്കുന്ന ഒരു വലിയ ഉത്തരവാദിത്വമാണ് നമ്മുടെ സേവനത്തിൽ നാം കാണേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നമുക്ക് വേണ്ടുന്നതെല്ലാം നൽകുന്ന കർത്താവിന്റെ ദാനങ്ങളുടെ മൂർത്തീമത്ഭാവമാണ് കുരിശിലും, കുർബാനയിലും നമുക്ക് കാണാൻ സാധിക്കുന്നതെന്ന് പാപ്പാ അടിവരയിട്ടു. നമ്മുടെ പക്കലുളളതെല്ലാം ദൈവത്തിന്റേതാണ്, എന്നാൽ ഈ അവബോധം നഷ്ടപ്പെടുന്നത്, വലിയ അപകടമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ ജീവിതത്തിൽ ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾച്ചേർക്കുന്നതാണ് യഥാർത്ഥ സേവനമെന്നും, ദാരിദ്ര്യത്തിനിടയിലും ഇപ്രകാരം മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുവാൻ, വിശുദ്ധകുർബാന മാതൃകയാണെന്നും പാപ്പാ പറഞ്ഞു.

തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട് നമ്മെ രക്ഷിക്കുന്ന ക്രിസ്തുവിനെ അനുകരിക്കുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. കുരിശിനെ ആശ്ലേഷിക്കുന്നത് പരാജയത്തിന്റെ ലക്ഷണമല്ല, അത് ഒരു നിരർത്ഥകമായ ദൗത്യമല്ല, മറിച്ച് അത് ക്രിസ്തുവിന്റെ ദൗത്യത്തോടുള്ള ഐക്യപ്പെടലാണെന്നും  പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2024, 18:47