തിരയുക

ഫ്രാൻസിസ് പാപ്പാ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോൾ (13 മാർച്ച് 2013) ഫ്രാൻസിസ് പാപ്പാ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോൾ (13 മാർച്ച് 2013) 

ഫ്രാൻസിസ് പാപ്പായുടെ തിരഞ്ഞെടുപ്പിന് പതിനൊന്നു വയസ്

ഫ്രാൻസിസ് പാപ്പാ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് മാർച്ചു മാസം പതിമൂന്നാം തീയതി പതിനൊന്നു വർഷങ്ങൾ തികയുന്നു. കാരുണ്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശമായിരുന്നു പാപ്പായുടെ വാക്കുകളിൽ എപ്പോഴും നിറഞ്ഞുനിന്നിരുന്നത്

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്ഥാനത്യാഗത്തിനു ശേഷം വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി കത്തോലിക്കാസഭയുടെ തലവനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടിട്ട് മാർച്ചു മാസം പതിമൂന്നാം തീയതി പതിനൊന്നു വർഷങ്ങൾ തികയുന്നു. സ്ഥാനമേറ്റ നാൾ മുതൽ സഭയിലെയും , സമൂഹത്തിലെയും അശരണരെയും , പാവങ്ങളെയും , ചൂഷണങ്ങൾക്ക് വിധേയമാകുന്നവരെയും ചേർത്തുനിർത്തിയ പാപ്പായായിരുന്നു ഫ്രാൻസിസ് പാപ്പാ. എങ്കിലും ഇക്കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ക്രൂരതകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന തുറന്നുപറച്ചിൽ  ലോകമനഃസാക്ഷിക്ക് നൊമ്പരം നൽകിയ ഒന്നായിരുന്നു.

 2023  മാർച്ചു മാസം 13 മുതൽ ഇന്നുവരെ പീഡിപ്പിക്കപ്പെടുന്ന ഉക്രൈനു വേണ്ടി 150 ലധികം തവണ അഭ്യർത്ഥനകൾ ഫ്രാൻസിസ് പാപ്പാ നടത്തിയിട്ടുണ്ട്. അതുപോലെ മധ്യ പൂർവ്വേഷ്യയിലും വെടിനിർത്തലിനുവേണ്ടി അറുപതിലധികം തവണ പാപ്പാ സംസാരിച്ചിട്ടുണ്ട്.  യുദ്ധത്തിന്റെയും, മരണത്തിന്റെയും നിഴൽവീണ മനുഷ്യരാശിയുടെ ഇരുണ്ടമണിക്കൂറുകളെയോർത്ത് , 2022 ഡിസംബർ മാസം എട്ടാം തീയതി റോമിലെ സ്പാനിഷ് ചത്വരത്തിൽ ഏതാനും നിമിഷങ്ങൾ കണ്ണുനീരോടെ പാപ്പാ വിതുമ്പിയതും ലോകജനതയ്ക്ക് മറക്കാനാവില്ല.

'രക്തസാക്ഷിയായ ഉക്രൈൻ' എന്ന പാപ്പായുടെ പദപ്രയോഗത്തിനു വിവിധങ്ങളായ മാനങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും, യുദ്ധത്തിനായി പുറപ്പെടുന്ന ആൺകുട്ടികൾ മരണപ്പെടുന്നതും, അതിൽ വേദനിക്കുന്ന അമ്മമാരുടെ ദുഃഖവുമാണ് ഈ വാക്ക് ഉപയോഗിക്കുവാൻ പാപ്പായെ പ്രേരിപ്പിച്ചത്. 2022 ഫെബ്രുവരി 24 മുതൽ ഉക്രേനിയൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ വേദനയാണ് പാപ്പാ ഓരോ തവണയും പങ്കുവച്ചത്.  31,000 ത്തോളം മരണങ്ങൾക്ക് കാരണമായ ഹമാസ് ഭീകരാക്രമണത്തിനും ഇസ്രായേൽ സൈനിക പ്രതികരണത്തിനും ഫ്രാൻസിസ് പാപ്പാ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു.

തന്റെ 87 വയസ്സിന്റെ പ്രായാധിക്യത്തിലും, വത്തിക്കാനിലെ സാന്താ മാർത്താ  ഭവനത്തിന്റെ തന്റെ മുറിയുടെ നിശബ്ദതയിൽ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നത് കാരുണ്യത്തിനും, ലോക സമാധാനത്തിനും വേണ്ടിയാണ്. യുദ്ധത്തിൻ്റെ "ഭ്രാന്ത്" അവസാനിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന ഇന്നും ലോകമെങ്ങും മുഴങ്ങിക്കേൾക്കുന്നു.

ശ്വാസതടസം പല നിമിഷങ്ങളിലും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെങ്കിലും, പ്രാർത്ഥനയ്ക്കായുള്ള അഭ്യർത്ഥനകൾ പാപ്പാ തന്നെ തന്റെ പതിഞ്ഞ സ്വരത്തിൽ വിശ്വാസികളോട് നടത്തുന്നതും, ഏറെ ഹൃദയഹാരിയാണ്. വെറുപ്പുകളും, പരസ്പരമത്സരങ്ങളും, ആയുധങ്ങളും ഇല്ലാത്ത ഒരു ലോകമാണ് ഫ്രാൻസിസ് പാപ്പാ ആഗ്രഹിക്കുന്നത്. അതിനാലാണ് യുദ്ധം എപ്പോഴും പരാജയമാണെന്നും, സമാധാനം കെട്ടിപ്പടുക്കുവാൻ വിട്ടുവീഴ്ചകൾ നടത്തണമെന്നും, ചർച്ചകളിൽ ഏർപ്പെടണമെന്നും, പ്രാർത്ഥിക്കണമെന്നും, സാഹോദര്യം പുലർത്തണമെന്നും പാപ്പാ ആവർത്തിച്ചു ആവശ്യപ്പെടുന്നത്.

മതത്തിന്റെയോ, സംസ്കാരത്തിന്റെയോ അതിർ വരമ്പുകളില്ലാതെ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിർത്തുവാനുള്ള പാപ്പായുടെ പരിശ്രമങ്ങളാണ് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു നടത്തിയ യാത്രകൾ സാക്ഷ്യപ്പെടുത്തുന്നത്. ലാളിത്യമാർന്ന ജീവിത ശൈലി വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും തുടരുവാൻ കണിശതയാർന്ന ചിട്ടകൾ ജീവിതത്തിൽ പുലർത്തിയ പാപ്പായെന്ന നിലയിൽ, ക്രൈസ്തവർക്കെല്ലാം അദ്ദേഹം വലിയ മാതൃകയായിരുന്നു.

ഒപ്പം മതസൗഹാർദ്ദത്തിനും, വിവിധ ക്രിസ്തീയകൂട്ടായ്മകൾ തമ്മിലുള്ള ചർച്ചകൾക്കും ഫ്രാൻസിസ് പാപ്പാ കാട്ടിയ താൽപ്പര്യം, കത്തോലിക്കാ സഭയ്ക്ക്   മറ്റുള്ളവരുടെ ഇടയിൽ ഏറെ സ്വീകാര്യതയുളവാക്കി. 'ആയുധങ്ങളല്ല, അപ്പമാണ് വേണ്ടത്' എന്ന പാപ്പായുടെ വാക്കുകൾ ഈ പതിനൊന്നാം വർഷത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു. പാപ്പായുടെ  സമാധാനശ്രമങ്ങൾ, അതിന്റെ പരിസമാപ്തിയിൽ എത്തട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2024, 11:11