യുദ്ധത്തിലെ ഇരകൾക്കു വേണ്ടി അനവരതം പ്രാർത്ഥിക്കണം: പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മാർച്ചു മാസം പതിമൂന്നാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായി അഭ്യർത്ഥനകൾ നടത്തുകയും ലോകത്തു നടമാടുന്ന യുദ്ധങ്ങളെ അപലപിക്കുകയും ചെയ്തു. യുദ്ധത്തിൽ വേദനയനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളുടെയോ, യുദ്ധത്തിന്റെ ഇരകളുടെയോ നേരെയോ മാധ്യമങ്ങൾ പോലും ശ്രദ്ധ തിരിക്കാത്ത അവസ്ഥയിലാണ്, പാപ്പായുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്ന ധാരാളം യുവജനങ്ങളുടെ ദൗർഭാഗ്യവും പാപ്പാ അടിവരയിട്ടു. മരണത്തിലേക്ക് നടന്നടുക്കുന്ന ജീവിതങ്ങളാണ് അവരുടേതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു അതിനാൽ ഭ്രാന്തമായ ഈ യുദ്ധാവസ്ഥകൾക്ക് അറുതി വരുത്തുവാൻ ദൈവീകകൃപയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു.
പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി തനിക്കുണ്ടായ അനുഭവവും പാപ്പാ പങ്കുവച്ചു. യുദ്ധമുഖത്ത് മരണപ്പെട്ട ഒരു യുവസൈനികന്റെ ജപമാലയും, ബൈബിളും തന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ പ്രാർത്ഥിച്ചിരുന്ന ജപമാലയും, ബൈബിളും. ഇപ്രകാരം മരണത്തിന്റെ പരാജയം മാത്രം സമ്മാനിക്കുന്ന യുദ്ധം എത്രയും വേഗം അവസാനിക്കട്ടെയെന്ന ആശംസയും പാപ്പാ നടത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: