"ഞാനും കുടിയേറ്റക്കാരുടെ മകനാണ്": ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മധ്യ അമേരിക്കയിലെ രാഷ്ട്രമായ പനാമയിലെ ലജാസ് ബ്ലാങ്കസിൽ ഒത്തുകൂടിയ ഒരുകൂട്ടം കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ കത്തയച്ചു, കത്തിൽ തന്റെ പൂർവകാല ജീവിതത്തിന്റെ വേദനകൾ പാപ്പാ പങ്കുവയ്ക്കുകയും, ഒപ്പം ഭാവിയിൽ പ്രതീക്ഷകളും, പ്രത്യാശയും നൽകുന്ന ക്രിസ്തുവിന്റെ കരുണ അടിവരയിടുകയും ചെയ്തു.
കുടിയേറ്റക്കാർ ഒത്തുചേരുന്ന അവസരത്തിൽ അവരോടൊപ്പം ആയിരിക്കുവാൻ തനിക്കുള്ള അതിയായ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ തന്റെ കത്ത് ആരംഭിക്കുന്നത്. മെച്ചപ്പെട്ട ഭാവി തേടി കുടിയേറിയ തന്റെ മാതാപിതാക്കൾ അനുഭവിച്ച ദുരിതങ്ങളും, പട്ടിണിയുടെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളും, ഇല്ലായ്മയുടെ നിമിഷങ്ങളുമെല്ലാം പാപ്പാ ഓർത്തെടുത്തു. എന്നാൽ ഹൃദയത്തിൽ എപ്പോഴും ഉണ്ടായിരുന്ന പ്രതീക്ഷയുടെ നാമ്പുകളും പാപ്പാ അനുസ്മരിച്ചു.
തനിക്കുവേണ്ടി കൂട്ടായ്മയിൽ പങ്കെടുക്കുന്ന സഭയുടെ പ്രതിനിധികൾക്ക് പാപ്പാ നന്ദി പറഞ്ഞു. സഭയുടെ മാതൃമുഖത്തിന്റെ പ്രതിഫലനമാണ് അവരെന്നും, വെറോനിക്ക, ദുരിതനിമിഷങ്ങളിൽ യേശുവിന്റെ തിരുമുഖം തുടക്കുവാൻ ധൈര്യപൂർവം കടന്നുവന്നതുപോലെ, നിങ്ങളുടെ കൂടെ ആയിരിക്കുവാൻ മനസു കാണിച്ച അവരെ പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്നും പാപ്പാ കത്തിൽ എടുത്തു പറഞ്ഞു. തങ്ങളുടെ സ്വന്തം ദേശം ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് കുടിയേറുവാൻ നിർബന്ധിതരാക്കപ്പെട്ട കുടിയേറ്റക്കാർ യേശുവിന്റെ പീഡാനുഭവ നിമിഷങ്ങളിൽ പങ്കുചേരുന്നവരാണെന്നും പാപ്പാ അടിവരയിട്ടു.
കുടിയേറിയവരെങ്കിലും, മനുഷ്യരെന്ന അന്തസ്, മറന്നുപോകരുതെന്നും പാപ്പാ കത്തിൽ ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നോക്കുവാൻ ഭയപ്പെടേണ്ടതില്ലെന്നും, കാരണം എല്ലാവരും മനുഷ്യകുലത്തിന്റെയും, ദൈവമക്കളുടെ കുടുംബത്തിന്റെയും ഭാഗമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: