ഫ്രാൻസിസ് പാപ്പാ ബ്രസീൽ സന്ദർശന വേളയിൽ  ഫ്രാൻസിസ് പാപ്പാ ബ്രസീൽ സന്ദർശന വേളയിൽ  

നീതിയുക്തമായ ഒരു സമൂഹത്തിനു രൂപം നൽകുക: ഫ്രാൻസിസ് പാപ്പാ

ബ്രസീൽ മെത്രാൻ സമിതിയുടെ സാമൂഹിക-പരിവർത്തന പ്രവർത്തനത്തിനായുള്ള അജപാലന കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാം 'ബ്രസീലിയൻ സാമൂഹ്യവാരം' പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. സന്ദേശത്തിൽ ദരിദ്രരോടും, അവകാശങ്ങൾ നിഷേധിക്കപ്പടുന്നവരോടും ചേർന്ന് നിൽക്കേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ബ്രസീൽ മെത്രാൻ സമിതിയുടെ സാമൂഹിക-പരിവർത്തന പ്രവർത്തനത്തിനായുള്ള അജപാലന കമ്മീഷന്റെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാം 'ബ്രസീലിയൻ സാമൂഹ്യവാരം' പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. 1991 ലാണ് ആദ്യമായി ഇപ്രകാരം സാമൂഹ്യവാരം പരിപാടി രാജ്യത്ത് സംഘടിപ്പിക്കുന്നത്. തന്റെ സന്ദേശത്തിൽ, സമൂഹത്തിൽ തഴയപ്പെടുന്നവരെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകത പാപ്പാ ആവർത്തിച്ചു.

ഭൂമി, പാർപ്പിടം, ജോലി എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ദരിദ്രരായ ആളുകളെയും, അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ളവരുടെയും കൂടെ നിൽക്കണമെന്നും പാപ്പാ പറഞ്ഞു. രാഷ്ട്രത്തിന്റെ നന്മ ലക്‌ഷ്യം വച്ചുകൊണ്ടുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, യഥാർത്ഥ ജനകീയ പങ്കാളിത്തമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു പുതിയ സമ്പദ് വ്യവസ്ഥയും, ജനാധിപത്യ മൂല്യങ്ങളുടെ പുനരുജ്ജീവനവും അടിസ്ഥാനമാക്കപ്പെടണമെന്നും പാപ്പാ നിർദേശിച്ചു. ഇതിനനുസരണം കാര്യങ്ങൾ ഏകോപിപ്പിക്കുന്നവരോട് തനിക്കുള്ള നന്ദിയും പാപ്പാ പങ്കുവച്ചു.

ഈ സാമൂഹ്യവാരം കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തിന് അനുകൂലമായി ധാരാളം ഫലങ്ങൾ ഉത്പാദിപ്പിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ കൂട്ടിച്ചേർത്തു. സാർവത്രിക സാഹോദര്യവും സാമൂഹിക സൗഹൃദവും ജീവിതത്തിൽ  പ്രാവർത്തികമാക്കുവാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.സാമൂഹിക അനീതികൾക്കു നേരെ നിസ്സംഗരാകാതെ, അവയ്ക്ക് ഇരയാവുന്നവരിൽ യേശുവിന്റെ മുഖം കാണുവാൻ പരിശ്രമിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2024, 14:31