തിരയുക

ജീനോ ചെക്കെത്തീൻ ജീനോ ചെക്കെത്തീൻ  (ANSA)

സ്ത്രീഹത്യയ്ക്കിരയായ പെൺകുട്ടിയുടെ പിതാവുമായി ഫോണിൽ സംസാരിച്ച് ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ നവംബറിൽ കൊലചെയ്യപ്പെട്ട ജൂലിയ എന്ന ഇറ്റലിക്കാരി പെൺകുട്ടിയുടെ പിതാവിനെ ഫ്രാൻസിസ് പാപ്പാ ഫോണിൽ വിളിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. താൻ വിശ്വാസത്തിൽനിന്ന് അകലെയാണെങ്കിലും ഇരുന്നൂറ് കോടി ജനത്തിന്റെ സാന്ത്വനമായി പാപ്പായുടെ സ്വരം തിരിച്ചറിയുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇരുന്നൂറ് കോടി ജനത്തിന്റെ സ്വരവും സാന്ത്വനവുമായി ഫ്രാൻസിസ് പാപ്പായുടെ ഫോണിലൂടെയുള്ള സംസാരത്തെ താൻ കാണുന്നുവെന്ന്, 2023 നവംബർ 11-ന് വടക്കൻ ഇറ്റലിയിലെ വെനീസ് നഗരത്തിൽ കൊലചെയ്യപ്പെട്ട, ജൂലിയ എന്ന പെൺകുട്ടിയുടെ പിതാവ് ജീനോ ചെക്കെത്തീൻ. തന്റെ മകൾക്കായി സമർപ്പിച്ചിട്ടുള്ള "പ്രിയപ്പെട്ട ജൂലിയ" എന്ന പുതിയ പുസ്തകം, മാർച്ച് 5 ചൊവ്വാഴ്ച, വടക്കൻ ഇറ്റലിയിലെ പാദുവായിൽ പ്രകാശനം ചെയ്ത അവസരത്തിലാണ് ജീനോ ഇത് പുറം ലോകത്തെ അറിയിച്ചത്.

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ തലവനും, ബൊളോഞ്ഞാ അതിരൂപതാധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ സൂപ്പിയാണ് ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പായുമായി സംസാരിക്കാൻ തനിക്ക് അവസരമൊരുക്കിത്തന്നതെന്ന് ജൂലിയയുടെ പിതാവ് വ്യക്തമാക്കി. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണിയും ഈ വാർത്ത ശരിവച്ചു.

തന്റെ വിശ്വാസജീവിതം അത്ര നല്ലതല്ലെന്ന് വ്യക്തമാക്കിയ ജീനോ, ഒരാൾ ദൈവവിശ്വാസിയാണെങ്കിലും അല്ലെങ്കിലും, പാപ്പാ ഇരുന്നൂറ് കോടിയോളം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആളാണെന്നും, അദ്ദേഹത്തിന്റെ വാക്കുകളിൽ ഇരുന്നൂറ് കോടി ജനങ്ങളുടെ സ്വരവും സാന്ത്വനവുമാണ് താൻ ശ്രവിച്ചതെന്നും പ്രസ്‌താവിച്ചു.

പാദുവയിൽ ജനിച്ച 22 വയസ്സുകാരിയായ ജൂലിയ എന്ന വിദ്യാർത്ഥിനി നവംബർ 11-ന്, വെനീസിൽവച്ച് തന്റെ കാമുകനാൽ കൊല്ലപ്പെടുകയായിരുന്നു. തന്റെ മകളുടെ സമ്മാനമായാണ് പാപ്പായുടെ ഫോൺകോളിനെ താൻ കാണുന്നതെന്ന് ജീനോ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2024, 16:23