തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

കലയ്ക്കും സംഗീതത്തിനും സമാധാനത്തിന്റെ ഉപകാരങ്ങളായി മാറാനാകും: ഫ്രാൻസിസ് പാപ്പാ

സംഘർഷങ്ങളും യുദ്ധങ്ങളും നിറഞ്ഞ നമ്മുടെ ഈ ലോകത്ത് സമാധാനശ്രമങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. "സമാധാനത്തിനായുള്ള നൂറാം ചങ്ങല" എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സംഗീതമേളയിലേക്ക് അയച്ച വീഡിയോ സന്ദേശത്തിൽ, കലയ്ക്കും സംഗീതത്തിനും സമാധാനത്തിന്റെ പാലങ്ങൾ സൃഷ്ടിക്കുന്നതിലുള്ള പ്രാധാന്യം അനുസ്മരിച്ച സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പാപ്പാ, ഉക്രൈൻ, ഇസ്രായേൽ, പാലസ്തീന മേഖലകളെ പ്രത്യേകം എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച്, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ തുടങ്ങിയ ഇടങ്ങളിലുള്ള സംഘർഷങ്ങളിലും യുദ്ധങ്ങളിലും നിരവധിയായ ഇരകൾ സൃഷ്ടിക്കപ്പെടുകയും, നാശം വിതയ്ക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, സമാധാനത്തിനായി ഒരു സംഗീതക്കച്ചേരി എന്ന ആശയം മുന്നിൽ വച്ച്, പ്രത്യേക പരിപാടി ഒരുക്കിയവർക്ക് ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ മാർച്ച് 9-ന് അരങ്ങേറുന്ന, "സമാധാനത്തിനായുള്ള നൂറാം ചങ്ങല" എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലേക്ക്, സമാധാനത്തിന്റെ പ്രാധാന്യത്തിലേക്ക് ഏവരുടെയും ശ്രദ്ധ ആകർഷിച്ചുകൊണ്ട് പാപ്പാ വീഡിയോ സന്ദേശം നൽകി.

നിഷ്കളങ്കരായ ഇരകളെ സഹായിക്കാനായി കൈകോർത്ത കലാകാരന്മാർക്ക് നന്ദി പറഞ്ഞ പാപ്പാ, ഇത്തരമൊരു പരിപാടിയിലൂടെ, സംഗീതവും കലയും, സമാധാനത്തിന്റെ സന്ദേശം പകരുന്ന, സമാധാനത്തിന്റെ പാലങ്ങൾ പണിയുന്ന ഉപകരണങ്ങളായി മാറുകയാണെന്ന് പ്രസ്താവിച്ചു.

യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന ജനങ്ങളിൽനിന്ന് അകലാതെ, അവർക്കായി പ്രവർത്തിക്കാൻ മുന്നോട്ടുവന്നതിന് പാപ്പാ ഏവർക്കും നന്ദി പറഞ്ഞു. ഇത്തരമൊരു സംഗീതപരിപാടി ആസൂത്രണം ചെയ്ത "നൂറാം ചങ്ങല" എന്ന സംഘടനയ്ക്കും പാപ്പാ പ്രത്യേകമായി തന്റെ വീഡിയോ സന്ദേശത്തിലൂടെ നന്ദി രേഖപ്പെടുത്തി.

പാലസ്തീന-ഇസ്രായേൽ സംഘർഷത്തിന്റെ കൂടി ഭാഗമായി വെസ്റ്റ് ബാങ്കിൽ, യുദ്ധഭീകരതയുടെ ഇരകളായ ഇരുന്നൂറോളം കുടുംബങ്ങൾക്ക് മാനവികസഹായമെത്തിക്കുവനായി ഇത്തരമൊരു സംരംഭത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് പാപ്പാ പ്രത്യേകമായി നന്ദി പറഞ്ഞു. സംഗീതപരിപാടിയിലൂടെ സമാഹരിക്കുന്ന ധനസഹായം ഈ പ്രദേശത്തുള്ള കുടുംബങ്ങൾക്ക് എത്തിക്കുകയാണ് സംഘാടകരുടെ ഉദ്ദേശം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2024, 16:42