ഇത്തവണ കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ ധ്യാനചിന്തകൾ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റോമിലെ കൊളോസിയത്തിൽ മാർച്ചുമാസം ഇരുപത്തിയൊൻപതാം തീയതി ദുഃഖവെള്ളിയാഴ്ച നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ വ്യക്തിപരമായി തയ്യാറാക്കിയ ധ്യാനചിന്തകളാണ് പതിനാലുസ്ഥലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'കുരിശിന്റെ വഴിയിൽ യേശുവിനോടൊപ്പം പ്രാർത്ഥിക്കുക', എന്നതാണ് കുരിശിന്റെ വഴിയുടെ പ്രമേയം.
ഫ്രാൻസിസ് പാപ്പായുടെ പത്രോസിനടുത്ത സേവന കാലയളവിൽ, ഓരോ വർഷവും കൊളോസിയത്തിലെ കുരിശിന്റെ വഴി പ്രാർത്ഥനയിലെ ധ്യാനചിന്തകൾ വിവിധ വിഭാഗങ്ങളിൽ ഉള്ള ആളുകളായിരുന്നു നയിച്ചിരുന്നത്. മെത്രാന്മാർ, സന്യാസികൾ, കുടുംബജീവിതം നയിക്കുന്ന ദമ്പതികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ, അഭയാർത്ഥികൾ, യുദ്ധത്തിൽനിന്നും കരകയറുന്ന കുടിയേറ്റക്കാർ തുടങ്ങിയ ആളുകൾക്കു ശേഷം ഇത്തവണ, പാപ്പാ തന്നെ വ്യക്തിപരമായി കുരിശിന്റെ വഴി പ്രാർത്ഥനയിൽ ചിന്തകൾ പങ്കുവയ്ക്കുന്നുവെന്നത് ഏറെ വ്യതിരിക്തമാണ്.
കുരിശുമായി നീങ്ങുന്ന യേശുവിനോടൊപ്പം യാത്ര ചെയ്യുവാനുള്ള ഒരു ആത്മീയക്ഷണമാണ് ഇത്തവണത്തെ കുരിശിന്റെ വഴി പ്രാർത്ഥന. ജൂബിലിയുടെ ഒരുക്കമായി, പ്രഖ്യാപിക്കാൻ ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത പ്രാർത്ഥനാ വർഷവുമായി ബന്ധപ്പെടുത്തിയായിരിക്കും ധ്യാനചിന്തകൾ ചിട്ടപ്പെടുത്തുക. കഴിഞ്ഞ വർഷത്തെ പ്രാർത്ഥനയുടെ പ്രമേയം, 'യുദ്ധങ്ങളുടെ ലോകത്ത് സമാധാനത്തിന്റെ ശബ്ദം' എന്നതായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: