ഫ്രാൻസീസ് പാപ്പാ വത്തിക്കാൻറെ ന്യായധിപന്മാർക്കൊപ്പം ഫ്രാൻസീസ് പാപ്പാ വത്തിക്കാൻറെ ന്യായധിപന്മാർക്കൊപ്പം  (VATICAN MEDIA Divisione Foto)

ധൈര്യം എന്ന പുണ്യം സദാ മുറുകെ പിടിക്കാൻ ന്യായാധിപന്മാർക്കു കഴിയണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, തൊണ്ണൂറ്റിയഞ്ചാം കോടതി വത്സരം ശനിയാഴ്‌ച (02/03/24) ഉദ്ഘാടനം ചെയ്തു. വിചാരണപ്രക്രിയയുടെ നീതിപൂർവ്വകമായ നടത്തിപ്പ് ഉറപ്പാക്കുന്ന തിരക്കിലായിരിക്കുമ്പോഴും വിമർശനങ്ങൾക്ക് വിധേയരാകുമ്പോഴും ന്യായാധിപന്മാർ ധൈര്യം കൈവെടിയരുതെന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സത്യം കൃത്യമായി നിർണ്ണയിക്കുന്നതിന് ധൈര്യം ആവശ്യമാണെന്നും നീതി നടപ്പാക്കുകയെന്നത്, സ്നേഹത്തിൻറെ ഒരു പ്രവർത്തിയും തെറ്റു തിരിച്ചറിയാൻ ഒരുവനെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയ സാഹോദര്യപരമായ തിരുത്തലിനുള്ള അവസരവുമാണെന്നും മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനിൽ തൊണ്ണൂറ്റിയഞ്ചാം കോടതി വത്സരം ശനിയാഴ്‌ച (02/03/24) താൻ ഉദ്ഘാടനം ചെയ്ത വേളയിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ഈ സദ്ഗുണം, കഷ്ടപ്പാടിൻറെ വേളകളിൽ, മനക്കരുത്തോടു കൂടിച്ചേർന്ന്, നന്മയ്ക്കായുള്ള അന്വേഷണത്തിൽ സ്ഥൈര്യം ഉറപ്പാക്കുകയും പരീക്ഷണങ്ങളെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്നും ഇത് വീരന്മാരായ ചിലയാളുകളുടെ മാത്രം  മനസ്സിൻറെ ഒരു സവിശേഷതയല്ലെന്നും പാപ്പാ പറഞ്ഞു. പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തിൻറെ ഫലമെന്ന നിലയിൽ ക്രിസ്തുവുമായുള്ള സമാഗമത്തിലൂടെ  നൽകപ്പെടുകയും ശക്തിപ്പെടുത്തപ്പെടുകയും ചെയ്യുന്നതും പരിശുദ്ധാരൂപിയെ വിളിച്ചപേക്ഷിക്കുന്നവർക്ക് ലഭിക്കുകയും ചെയ്യുന്നതുമാണിതെന്നു പാപ്പാ കൂട്ടിച്ചേർത്തു.

വിശ്വാസത്തിലും ദൈവത്തിൻറെ സാമീപ്യത്തിലും അധിഷ്ഠിതമായ ഒരു എളിയ ശക്തി അതിൽ അടങ്ങിയിരിക്കുന്നുവെന്നും, നന്മയുടെ നിർവ്വഹണത്തിന് വിഘാതമാകുന്ന ആന്തരികവും ബാഹ്യവുമായ അവസ്ഥകളെ നിരാകരിച്ച് ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടി പ്രവർത്തിക്കാനുള്ള കഴിവിൽ അത് സവിശേഷമാംവിധം ആവിഷ്കൃതമാകുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

സുസംഘടിതവും ക്രമനിബദ്ധവും നിയന്ത്രിതവുമായ സമൂഹങ്ങളിൽപ്പോലും, വിവേചനബുദ്ധിയോടെയും കർത്താവിലുള്ള വിശ്വാസത്തോടെയും വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ വ്യക്തിപരമായ ധൈര്യം എപ്പോഴും ആവശ്യമാണെന്നും ആരോഗ്യകരമായ ഈ ധൈര്യം ഇല്ലെങ്കിൽ, വഴങ്ങിക്കൊടുക്കുകയും ചെറുതും വലുതുമായ നിരവധി ചൂഷണങ്ങളെ അവഗണിക്കുകയും ചെയ്യേണ്ടിവരുമെന്നും പാപ്പാ പറഞ്ഞു. സ്വയം വീരപുരുഷനാകുക എന്നതിൽ ലക്ഷ്യംവയക്കാതെ, ഭയത്തിൻറെയും ബലഹീനതയുടെയും ഭാരം പേറുന്ന സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഒരു മനോഭാവമാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

യുദ്ധത്തിന് ഇരകളാകുന്നവരെയും പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവരുൾപ്പടെ, മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് വിധേയാരാക്കപ്പെടുന്നവരെയും അനുസ്മരിച്ച പാപ്പാ ഈ അനീതികൾക്കു മുന്നിൽ കീഴടങ്ങാതിരിക്കാനുള്ള ശക്തി പരിശുദ്ധാരൂപി നമുക്കു പ്രദാനംചെയ്യുകയും നമ്മിൽ ആത്മരോഷവും അവയ്ക്കെതിരെ പോരാടാനുള്ള ധൈര്യവും ഉണർത്തുകയും ചെയ്യുന്നുവെന്ന് പ്രസ്താവിച്ചു.

ഈ ധീരതയോടുകൂടി കുടുംബത്തിലെയും സമൂഹത്തിലെയും ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നേരിടാനും മക്കളുടെ ഭാവിക്കായി പരിശ്രമിക്കാനും പൊതു ഭവനം സംരക്ഷിക്കാനും തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.

വിചാരണപ്രക്രിയയുടെ നീതിപൂർവ്വകമായ നടത്തിപ്പ് ഉറപ്പാക്കുന്ന തിരക്കിലായിരിക്കുമ്പോഴും വിമർശനങ്ങൾക്ക് വിധേയരാകുമ്പോഴും ന്യായാധിപന്മാർക്ക് ധൈര്യം ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, നീതിക്കുവേണ്ടിയുള്ള സേവനത്തിൽ അവർക്ക് എല്ലായ്പ്പോഴും വിവേകത്തോടൊപ്പം ക്രിസ്‌തീയ ധൈര്യവും നിലനിർത്താൻ കഴിയട്ടയെന്ന് ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2024, 13:09