തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ വിച്ചേൻസയിൽ നിന്നുള്ള “തലിത കും”  സംഘത്തെ ശനിയാഴ്‌ച (02/03/24) വത്തിക്കാനിൽ സ്വീകരിച്ചു ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ വിച്ചേൻസയിൽ നിന്നുള്ള “തലിത കും” സംഘത്തെ ശനിയാഴ്‌ച (02/03/24) വത്തിക്കാനിൽ സ്വീകരിച്ചു   (Vatican Media)

സഹനങ്ങളുടെ വേളകളിൽ പ്രാർത്ഥനാചരടിൽ മുറുകെ പിടിക്കുക, പാപ്പാ!

മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് പഞ്ചഭൂഖണ്ഡങ്ങളിലെ സന്ന്യാസിനീ സമൂഹങ്ങൾ ചേർന്നു 2009-ൽ രൂപം കൊടുത്ത, “ബാലികേ എഴുന്നേൽക്കൂ” എന്നർത്ഥമുള്ള “തലിത കും” (Talitha Kum ) എന്ന അന്താരാഷ്ട്ര ശൃംഖലയിൽപ്പെട്ട ഇറ്റലിയിലെ വിച്ചേൻസയിൽ നിന്നുള്ള ഒരു സംഘത്തെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്‌ച (02/03/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഹനങ്ങളുടെ വേളയിൽ ദൈവത്തിൻറെ പ്രഥമ ഉത്തരം അവിടത്തെ ഒരു പ്രഭാഷണമോ സിദ്ധാന്തമോ അല്ല, പ്രത്യുത, അവിടന്ന് നമ്മോടൊപ്പം നടക്കുകയും നമ്മുടെ ചാരത്തായിരിക്കുകയും ചെയ്യുന്നു എന്നതാണെന്ന് മാർപ്പാപ്പാ.

മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് പഞ്ചഭൂഖണ്ഡങ്ങളിലെ സന്ന്യാസിനീ സമൂഹങ്ങൾ ചേർന്നു 2009-ൽ രൂപം കൊടുത്ത, “ബാലികേ എഴുന്നേൽക്കൂ” എന്നർത്ഥമുള്ള  “തലിത കും” (Talitha Kum ) എന്ന അന്താരാഷ്ട്ര ശൃംഖലയിൽപ്പെട്ട ഇറ്റലിയിലെ വിച്ചേൻസയിൽ നിന്നുള്ള ഒരു സംഘത്തെ ശനിയാഴ്‌ച (02/03/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

മക്കളെ നഷ്ടപ്പെട്ട നൂറ്റിയിരുപതോളം മാതാപിതാക്കളായിരുന്നു ഈ സംഘത്തിൽ ഉണ്ടായിരുന്നത്. സിനഗോഗധികാരികളിൽ ഒരുവനായ ജായ്റോസിൻറെ പുത്രിയെ സുഖപ്പെടുത്തവേ യേശു അരുളിച്ചെയ്ത വാക്കാണ് “തലിത കും”.

താനുമായി കൂടിക്കാഴ്ചയ്ക്കെത്തിയ മാതാപിതാക്കളുടെ കദനകഥ കേൾക്കാനും കുരിശിൽ യേശുവിൻറെ ഹൃദയം കുന്തത്താൽ പിളർക്കപ്പെട്ടതുപോലെ, മുറിപ്പെട്ടതും തുളയ്ക്കപ്പെട്ടതുമായ അവരുട ഹൃദയത്തെ തലോടാനും താൻ ആഗ്രഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. സന്താനനഷ്ടം എന്നത് സൈദ്ധാന്തിക വിശദീകരണങ്ങളെ അംഗീകരിക്കാത്തതും മതപരമോ വികാരപരമോ ആയ വാക്കുകളെയും സമാശ്വസിപ്പിക്കുന്നതിനു പകരം മുറിപ്പെടുത്തുന്നതുമായ പൊള്ളയായ പ്രചോദനവചനങ്ങളെയും നിരാകരിക്കുന്നതുമായ ഒരു അനുഭവമാണെന്ന് പാപ്പാ അനുസ്മരിച്ചു. മർമ്മഭേദകവും വിശദീകരണങ്ങളില്ലാത്തതുമായ വേദനയുടെ വേളയിൽ ഇരവുപകലുകൾ ദൈവത്തോടു നിലവിളിക്കുന്ന പ്രാർത്ഥനയുടെ ചരടിൽ മുറുകെപ്പിടിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

"എന്തുകൊണ്ട്, കർത്താവേ? എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചത്? എന്തുകൊണ്ടാണ് നീ ഇടപെടാത്തത്? നരകുലം വേദനിക്കുമ്പോഴും എൻറെ ഹൃദയം നികത്താനാവാത്ത നഷ്ടത്തെ ഓർത്ത് വിലപിക്കുമ്പോഴും നീ എവിടെയാണ്? ഇത്യാദി ചോദ്യങ്ങൾ ഉള്ളിൽ എരിയുമ്പോഴും നാം മുന്നേറണമെന്ന് പ്രചോദനം പകർന്ന പാപ്പാ ഈ ചോദ്യങ്ങൾ പ്രത്യാശയുടെ കിരണങ്ങൾ ചൊരിയുന്നുവെന്നും മുന്നേറാനുള്ള ധൈര്യം പകരുന്നുവെന്നും പറഞ്ഞു. തിരക്കുുപിടിച്ച ഓട്ടത്തിലും സ്തബ്ധാവസ്ഥയിലും നമ്മുടെ ലോകം പലപ്പോഴും ചെയ്യുന്നതുപോലെ വേദനയെ നിശബ്ദമാക്കുകയും സഹനത്തിന് മൗനോപകരണം ഘടിപ്പിക്കുകയും ചെയ്യുന്നതു ഏറ്റവും മോശമായ ഒരു കാര്യമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2024, 13:01