റോമിലെ നൈജീരിയൻ കത്തോലിക്ക സമൂഹം പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. റോമിലെ നൈജീരിയൻ കത്തോലിക്ക സമൂഹം പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.  (VATICAN MEDIA Divisione Foto)

നൈജീരിയൻ കത്തോലിക്കാ സമൂഹത്തോടു പാപ്പാ: കൃതജ്ഞത, വൈവിധ്യത്തിലെ സമൃദ്ധി, സംവാദം പ്രോത്സാഹിപ്പിക്കുക

റോമിലെ നൈജീരിയൻ കത്തോലിക്ക സമൂഹത്തിന് ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മാർച്ച് 25ആം തിയതി റോമിലെ നൈജീരിയൻ കത്തോലിക്ക സമൂഹം പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം 800 ഓളം പേർ പാപ്പയെ സന്ദർശിക്കാൻ വത്തിക്കാനിലെത്തി. തങ്ങളുടെ റോമിലെ അവരുടെ സമൂഹം സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാമത്തെ വാർഷികത്തോടനുബന്ധിച്ചായിരുന്നു ഫ്രാൻസിസ് പാപ്പായെ നൈജീരിയൻ കത്തോലിക്കാ സമൂഹം കാണാൻ എത്തിയത്. മാർച്ച് 25 ആം തീയതി ആഗോള കത്തോലിക്ക സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്നത് അനുസ്മരിച്ച പാപ്പാ ഈ വർഷം വിശുദ്ധ വാരമായതിനാൽ  അത് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചത് അനുസ്മരിപ്പിച്ച് കൊണ്ടാണ് തന്റെ സന്ദേശം ആരംഭിച്ചത്.

വിശുദ്ധവാരത്തെയും മംഗളവാർത്ത തിരുന്നാളിനെയും  സംയോജിപ്പിച്ച് കൊണ്ട്  ഈ രണ്ട് യാഥാർത്ഥ്യങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന സത്യങ്ങളെ പാപ്പാ വിശദീകരിച്ചു. മംഗളവാർത്ത രക്ഷാകര രഹസ്യങ്ങളെയും, മാംസമായി തീരുകയും നമ്മുടെ ഇടയിൽ വസിക്കുകയും ചെയ്ത വചനത്തെയും അനുയ്മരിക്കുകയും വിശുദ്ധവാരം ദൈവത്തിനും മനുഷ്യർക്കും ഇടയിൽ അനുരഞ്ജനവും സമാധാനവും കൊണ്ടുവരാൻ വേണ്ടി നമുക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ദൈവത്തെ അനുസ്മരിക്കുന്നുവെന്നും പാപ്പാ പങ്കുവച്ചു.  തീർച്ചയായും ദൈവം തന്റെ ജീവൻ നമുക്ക് വേണ്ടി നൽകിയിട്ടുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു. ഈ അവസരത്തിൽ നൈജീരിയൻ സമൂഹ ജീവിതത്തിന് അത്യന്താപേക്ഷിതമെന്ന് താൻ വിശ്വസിക്കുന്ന കൃതജ്ഞത, വൈവിധ്യത്തിലെ സമൃദ്ധി, സംവാദം എന്നീ മൂന്ന് പ്രധാന ഘടകങ്ങളെ കുറിച്ച് സംക്ഷിപ്തമായി ചിന്തിക്കാൻ താ൯ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി.

കൃതജ്ഞത

സുവിശേഷത്തിന്റെ സന്തോഷകരമായ സന്ദേശത്തിന് സാക്ഷ്യം വഹിക്കുന്നതിൽ  അവർ പ്രവർത്തിച്ചതും തുടർന്നും പ്രവർത്തിക്കുന്നതുമായ എല്ലാത്തിനും പാപ്പാ നന്ദി രേഖപ്പെടുത്തി. പൗരോഹിത്യത്തിലേക്കും, സമർപ്പിത ജീവിതത്തിലേക്കുമുള്ള ദൈവ വിളിയിൽ ദൈവത്തെ ശ്രവിക്കുകയും ഔദാര്യത്തോടും, വിനയത്തോടും, സ്ഥിരോത്സാഹത്തോടും കൂടെ  പ്രത്യുത്തരം നൽകുകയും ചെയ്ത നൈജീരിയയിൽ നിന്നുള്ള നിരവധി യുവജനങ്ങളെ പ്രതി സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു എന്ന് പാപ്പാ പറഞ്ഞു. തീർച്ചയായും യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തരും  അവന്റെ അല്ലെങ്കിൽ അവളുടെ ദൈവവിളി അനുസരിച്ച് ദൈവത്തെയും അയൽക്കാരെയും സ്നേഹത്തിൽ സേവിക്കുന്നതിനുള്ള ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നമ്മുടെ സഹോദരീ സഹോദരന്മാരുടെ ജീവിതത്തിൽ ക്രിസ്തുവിനെ നാം സന്നിഹിതരാക്കുന്നു. പാപ്പാ വിശദീകരിച്ചു. തന്നെ അനുഗമിക്കാൻ ദൈവം അവരെ തിരഞ്ഞെടുത്തുന്നതിനും, അവരുടെ വിശ്വാസം തീക്ഷ്ണതയുടെ പ്രഖ്യാപിക്കുന്നതിനും, കൂടുതൽ നീതിയുക്തവും മാനുഷികവുമായി ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും സംഭാവന നൽകുന്നതിനും വേണ്ടി അവരെ അയച്ചതിന് നന്ദിയുള്ളവരായിരിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ അവരെപ്പോഴും മിഷനറി ശിഷ്യന്മാരായിരിക്കട്ടെ എന്നാശംസിച്ചു.

വൈവിധ്യത്തിലുള്ള സമൃദ്ധി

അവരുടെ രാജ്യത്തിലെ വംശീയത, സാംസ്കാരിക പാരമ്പര്യങ്ങൾ, ഭാഷകൾ എന്നിവയുടെ വൈവിധ്യം ഒരു പ്രശ്നമല്ല മറിച്ച് സഭയുടെയും വിശാലമായ സമൂഹത്തിന്റെയും ഘടനയെ സമ്പന്നമാക്കുകയും പരസ്പര ധാരണയുടെയും, സഹവർത്വിത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്ന ഒരു ദാനമാണ് എന്ന് പാപ്പാ പറഞ്ഞു. നൈജീരിയൻ വിശ്വാസികളെയും മറ്റു വിശ്വാസികളെയും സ്വീകരിക്കുന്നതിലൂടെയും, അനുഗമിക്കുന്നതിനും റോമിലെ അവരുടെ സമൂഹം എല്ലായ്പ്പോഴും മഹത്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു കുടുംബമായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി പാപ്പാ പറഞ്ഞു. അതിൽ എല്ലാവർക്കും പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ അവരുടെ വ്യത്യസ്ത ദാനങ്ങളും കഴിവുകളും ഉപയോഗിക്കാനും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വിജയത്തിന്റെയും പ്രയാസത്തിന്റെയും  നിമിഷങ്ങളിൽ പരസ്പരം പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും കഴിയും എന്നും പാപ്പാ ആശംസിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ ഇന്നത്തെയും, ഭാവിയിലെയും തലമുറകൾക്കായി സാമൂഹിക സൗഹൃദത്തിന്റെയും, ഐക്യത്തിന്റെയും വിത്തുകൾ വിതയ്ക്കാൻ അവർക്ക് കഴിയുമെന്ന് പാപ്പാ തന്റെ പ്രത്യാശ പങ്കുവച്ചു.

സംവാദം

ലോകത്തിലെ പല പ്രദേശങ്ങളും സംഘർഷങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ടെന്നും നൈജീരിയയും കഷ്ടപ്പാടുകളുടെ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഖേദത്തോടൊ പാപ്പാ പറഞ്ഞു. അവരുടെ രാജ്യത്തിന്റെ സുരക്ഷ, ഐക്യം, ആത്മീയവും സാമ്പത്തികമായ പുരോഗതി എന്നിവയ്ക്കുള്ള തന്റെ പ്രാർത്ഥനകൾ അവർക്കു ഉറപ്പുനൽകിയ പാപ്പാ രാഷ്ട്രീയവും, സാമൂഹികവും, മതപരവുമായ തലങ്ങളിൽ ആരെയും ഒഴിവാക്കാതെ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും തുറവുള്ള ഹൃദയത്തോടെ പരസ്പരം ശ്രവിക്കാനും എല്ലാവരെയും ക്ഷണിക്കുകയാണെന്നും അവരെ അറിയിച്ചു.

അതേസമയം, കർത്താവിന്റെ മഹത്തായ കാരുണ്യത്തിന്റെ പ്രഘോഷകരായിരിക്കാ൯ അവരെ പ്രോത്സാഹിപ്പിച്ച പാപ്പാ, അവരുടെ എല്ലാ സഹോദരീസഹോദരന്മാരുടെ ഇടയിലും അനുരഞ്ജനത്തിനായി പ്രവർത്തിക്കുകയും ദരിദ്രരുടെയും ഏറ്റവും ആവശ്യമുള്ളവരുടെയും ഭാരം ലഘൂകരിക്കാ൯ സഹായിക്കുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചു. ദൈവത്തിന്റെ സാമീപ്യം, അനുകമ്പ, ആർദ്ര സ്നേഹം എന്നിവ അവരുടെ തന്നെ സ്വന്തമാക്കിയാൽ എല്ലാ നൈജീരിയക്കാരും സാഹോദര്യ ഐക്യദാർഢ്യത്തിലും ഐക്യത്തിലും ഒരുമിച്ച് നടക്കുന്നത് തുടരാൻ കഴിയുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു.

സഭയുടെ ഹൃദയ ഭാഗമായ ഈ നഗരത്തിലായിരിക്കുന്ന അവരുടെ സാന്നിധ്യത്തിന് ഒരിക്കൽ കൂടി നന്ദി പറഞ്ഞ പാപ്പാ എല്ലായിപ്പോഴും കർത്താവിന്റെ വിശ്വസ്തരായി ജീവിക്കാനും യേശു നമ്മോടു ആവശ്യപ്പെടുന്ന ഉപവി പ്രവർത്തനങ്ങളിലൂടെ ദൈവത്തെയും അവിടുത്തെ വിശുദ്ധ ജനത്തെയും സേവിക്കുന്നതിനായി സ്വയം സമർപ്പിക്കാനും ഉദ്ബോധിപ്പിച്ചു.

നൈജീരിയയുടെ രാജ്ഞിയും മധ്യസ്ഥ്യയുമായ പരിശുദ്ധ കന്യാമറിയത്തിന്റെ സ്നേഹനിർഭരമായ സംരക്ഷണത്തിൽ അവരെ ഭരമേൽപ്പിച്ച പാപ്പാ അവർക്ക് ഹൃദയപൂർവ്വം തന്റെ ആശീർവ്വാദം നൽകുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു കൊണ്ടാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2024, 17:26