പാപ്പാ : മനുഷ്യജന്മം തന്നെ ഒരു ദൈവവിളിയാണ്; നമ്മുടെ സ്വത്വം പരസ്പര ബന്ധത്തിന്റെതാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഓരോ ദൈവവിളിയുടെയും നരവംശപരമായ വശങ്ങളെ വിശകലനം ചെയ്യാനും വിലമതിക്കാനും ഉദ്ദേശിച്ചാണ് ഈ സമ്മേളനം എന്നതിനെ അഭിനന്ദിച്ച പാപ്പാ മനുഷ്യനായുള്ള ജീവിതം തന്നെ ഒരു ദൈവവിളിയാണെന്ന് അഭിപ്രായപ്പെട്ടു. മനുഷ്യനായിരിക്കുക എന്നത് ഒരു വിളിയാണ്. നാം ഓരോരുത്തരും ജീവിതത്തിന്റെ ഓരോ അവസ്ഥ തിരഞ്ഞെടുക്കുമ്പോൾ, വിളി ശ്രവിക്കുകയും പ്രത്യുത്തരികരിക്കുകയും ചെയ്യുന്നതിലൂടെ, താനായിരിക്കുന്നതും തനിക്കുള്ള കഴിവുകളും പൊതുനന്മയ്ക്കായി മറ്റുള്ളവരുമായി പങ്കുവച്ചു കൊണ്ട് നമ്മൾ ആയിരിക്കുന്നതുപോലെതന്നെ സ്വയം തിരിച്ചറിയുകയും വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈ തിരിച്ചറിവ് സ്വയം പരാമർശസ്വത്വത്തിൽ നിന്നും പുറത്തു കൊണ്ടുവന്ന് നമ്മുടെ സ്വത്വം പരസ്പര ബന്ധത്തിന്റെതാണെന്ന് മനസ്സിലാക്കി നമ്മെ തന്നെ വീക്ഷിക്കാൻ ഇടയാക്കുമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ഞാനായിരിക്കുന്നതും ജീവിക്കുന്നതും എന്നെ സൃഷ്ടിച്ചവനോടും, മറ്റുള്ളവരോടും എനിക്കു ചുറ്റമുള്ള ബന്ധമനുസരിച്ചാണ്. ഇതനുസരിച്ചു തന്നെയാണ് വ്യക്തിപരവും പ്രത്യേകവുമായ ഒരു ലക്ഷ്യത്തിനായി സന്തോഷത്തോടും ഉത്തരവാദിത്വത്തോടും കൂടെ ഓരോരുത്തരും വിളിക്കപ്പെട്ടിട്ടുള്ളതെന്ന് പാപ്പാ വിശദീകരിച്ചു.
ഈ നരവംശശാസ്ത്രപരമായ സത്യം അടിസ്ഥാനപരമാണ് കാരണം ഇത് മനുഷ്യസാക്ഷാൽക്കാരത്തിനും സന്തോഷത്തിനുമായുള്ള ആഗ്രഹത്തോടു കൂറുപുലർത്തുന്നതാണ്. ഇത് മറക്കുമ്പോഴാണ് മനുഷ്യനെ വെറും ഭൗതിക ആവശ്യങ്ങളുടെ മനസ്സാക്ഷിയും ഇച്ഛാശക്തിയുമില്ലാത്ത ഒരു യന്ത്രഭാഗം പോലെയാക്കിക്കളയുന്ന ചില ആധുനിക സാംസ്കാരിക സാഹചര്യങ്ങളുണ്ടാകുന്നതെന്ന് പാപ്പാ സൂചിപ്പിച്ചു.
ദൈവത്തിന്റെ തന്നെ പ്രതിരൂപത്തിലാണ് ദൈവം സ്ത്രീയെയും പുരുഷനേയും സൃഷ്ടിച്ചിട്ടുള്ളത് അതിനാൽ അവരുടെ ഉള്ളിൽ നിത്യതയ്ക്കും ആനന്ദത്തിനുമുള്ള ആഗ്രഹം ദൈവം തന്നെ നിക്ഷേപിക്കുകയും ഒരു പ്രത്യേക വിളിയിലൂടെ അത് സാക്ഷാൽക്കരിക്കാൻ വിളിക്കുകയും ചെയ്യുന്നു. അതിനാൽ ആനന്ദത്തിനായുള്ള ആരോഗ്യപരമായ ഒരു സമ്മർദ്ദം നമ്മൾ ഞെരുക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ ഓരോരുത്തരുടെയും ജീവിതം യാദൃശ്ചികമല്ല മറിച്ച് ഒരു സ്നേഹ പദ്ധതിയുടെ ഭാഗമാണെന്നും അത് നമ്മിൽ നിന്ന് തന്നെ പുറത്തുകടന്ന് നമുക്കായും മറ്റുള്ളവർക്കായും സാക്ഷാൽക്കരിക്കാനാണ് നമ്മെ ക്ഷണിച്ചിരിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. അതിനാൽ നമുക്കോരോരുത്തർക്കും ലോകത്തെ മെച്ചപ്പെടുത്തുവാനും സമൂഹത്തെ രൂപപ്പെടുത്തുവാനും ഒരു ദൗത്യമുണ്ട്. എന്നാൽ അത് ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും ആയിരിക്കുന്ന നമ്മുടെ പ്രകൃതത്തെ ഉൾക്കൊള്ളുന്ന ഒന്നാണ്. നമുക്ക് ഈ ദൗത്യമുണ്ട് എന്ന് മാത്രമല്ല നാം ആ ദൗത്യം തന്നെയാണ് എന്നും 2019ലെ ആഗോള മിഷൻ ദിന സന്ദേശവും, തന്നെപോലെ മറ്റൊരാളെയും സൃഷ്ടിച്ചിട്ടില്ലത്തതിനാൽ താൻ താനായിരിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന കർദ്ദിനാൾ ന്യൂമാന്റെ വാക്കുകളും ഉദ്ധരിച്ചു കൊണ്ട് പാപ്പാ അടിവരയിട്ടു.
അവരുടെ ഗവേഷണങ്ങളുടെ പ്രാധാന്യം എടുത്തു പറഞ്ഞ പാപ്പാ, സമൂഹത്തിനായും സഭയ്ക്കായും അൽമായർ നടത്തുന്ന സേവനങ്ങളും, അഭിഷിക്ത ശുശ്രൂഷയുടെയും സമർപ്പിത ജീവിതത്തിന്റെയും വരങ്ങളും ഉൾക്കൊള്ളുന്ന വിവിധ തരം ദൈവവിളികൾ തമ്മിലുള്ള ഫലവത്തായ സഹകരണം മരണത്തിന്റെ അനുഭവം പേറുന്ന ഒരു ലോകത്തിൽ പ്രത്യാശ ഉളവാക്കാൻ അത്യാവശ്യമാണെന്ന കാര്യം ഓർമ്മിപ്പിച്ചു. ഈ പ്രത്യാശ പകരാൻ, ദൈവരാജ്യത്തിന്റെ സേവനത്തിനായി സ്വയം സമർപ്പിക്കുക എന്നത് നമ്മുടെ കാലത്തെ ഓരോ സ്ത്രീയെയും പുരുഷനേയും ഏൽപ്പിച്ചിട്ടുള്ള ഒരു കടമയാണ് എന്ന് പാപ്പാ അടിവരയിട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: