തിരയുക

ഫ്രാൻസീസ് പാപ്പാ, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള ബാലരോഗാശുപത്രിയുടെ (Ospedale Pediatrico Bambino Gesù) മേലധികാരികളും ജീവനക്കാരുമടങ്ങുന്ന ആറായിരത്തോളം പേരുമായി വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ചു ശനിയാഴ്‌ച (16/03/24) കൂടിക്കാഴ്ച നടത്തിയപ്പോൾ ഫ്രാൻസീസ് പാപ്പാ, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള ബാലരോഗാശുപത്രിയുടെ (Ospedale Pediatrico Bambino Gesù) മേലധികാരികളും ജീവനക്കാരുമടങ്ങുന്ന ആറായിരത്തോളം പേരുമായി വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ചു ശനിയാഴ്‌ച (16/03/24) കൂടിക്കാഴ്ച നടത്തിയപ്പോൾ  (ANSA)

വൈദ്യശാസ്ത്ര ഗവേഷണപഠനങ്ങളുടെ ഫലം സകലർക്കും സംലഭ്യമാക്കണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, റോമിൽ, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള ബാലരോഗാശുപത്രിയുടെ (Ospedale Pediatrico Bambino Gesù) മേലധികാരികളും ജീവനക്കാരുമടങ്ങുന്ന ആറായിരത്തോളം പേരെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ ശനിയാഴ്‌ച (16/03/24) സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആരോഗ്യസേവന മേഖലയിൽ ദാനത്തിൻറെയും പരിചരണത്തിൻറെയും കൂട്ടായ്മയുടെയും പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടുന്നു.

റോമിൽ, വത്തിക്കാൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള ബാലരോഗാശുപത്രിയുടെ (Ospedale Pediatrico Bambino Gesù) മേലധികാരികളും ജീവനക്കാരുമടങ്ങുന്ന ആറായിരത്തോളം പേരുമായി വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ചു ശനിയാഴ്‌ച (16/03/24) കൂടിക്കാഴ്ച നടത്തുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഈ ദിനങ്ങളിൽ പാപ്പായ്ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുള്ളതിനാൽ പാപ്പായുടെ പ്രഭാഷണം വത്തിക്കാൻസംസ്ഥാന കാര്യലായത്തിലെ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി വായിക്കുകയായിരുന്നു. ദാനം, പരിചരണം, സമൂഹം എന്നീ മൂന്നു വാക്കുകളിൽ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ പ്രഭാഷണം.

ഒരു നൂറ്റാണ്ട് മുമ്പ്, സൽവിയാത്തി കുടുംബം പരിശുദ്ധസിംഹാസനത്തിന് സംഭാവന നൽകിയതാണ് ഇന്ന് “പാപ്പായുടെ ആശുപത്രി”യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണിയേശുവിൻറെ നാമത്തിലുള്ള ബാലരോഗാശുപത്രിയെന്ന് പാപ്പാ അനുസ്മരിച്ചു.  ആകയാൽ ദാനം എന്നത് ഈ ആശുപത്രിയുടെ ചരിത്രത്തിലും വിളിയിലും മൗലികഘടകമായി നിലകൊള്ളുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. ദാനത്തിൽ അന്തർലീനമായിരിക്കുന്ന സൗജന്യതയുടെയും ഉദാരതയുടെയും സന്നദ്ധതയുടെയും എളിമയുടെയും മൂല്യവും പാപ്പാ ഊന്നിപ്പറഞ്ഞു.

രണ്ടാമത്തെ ഘടകമായ പരിചരണത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ, ശാസ്ത്രവും തത്ഫലമായ പരിചരണ ശേഷിയും ഇന്ന് ഉണ്ണിയേശുവിൻറെ ആശുപത്രിയുടെ മുഖമുദ്രയായ പ്രഥമ ദൗത്യങ്ങളാണെന്ന് പറയാമെന്ന് പ്രസ്താവിച്ചു. തങ്ങളുടെ കുഞ്ഞുങ്ങൾക്കായി സഹായം അഭ്യർത്ഥിക്കുന്ന മാതാപിതാക്കൾക്കുള്ള സമൂർത്ത ഉത്തരമാണ് ഈ പരിചരണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ശാസ്ത്രവും വൈദഗ്ധ്യവും ഏതാനുംപേരുടെ സവിശേഷാനുകൂല്യമായി പരിണമിക്കാതിരിക്കേണ്ടതിന് ഗവേഷണപഠനങ്ങളുടെ ഫലങ്ങൾ സകലർക്കും സംലഭ്യമാക്കിത്തീർക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. പരിചരണത്തിൽ അനിവാര്യഘടകങ്ങളായ ബന്ധം, സാമീപ്യം, ആർദ്രത എന്നിവ എല്ലാ തലങ്ങളിലും ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

“ജീവനെ സഹായിക്കുന്ന ജീവിതങ്ങൾ” എന്നത് ഉണ്ണിയേശുവിൻറെ നാമത്തിലുള്ള ബാലരോഗാശുപത്രിയുടെ ദൗത്യത്തെ വിശദീകരിക്കുന്ന ഏറ്റം മനോഹരമായ പ്രയോഗങ്ങളിലൊന്നാണെന്ന് പാപ്പാ മൂന്നാമത്തെ ഘടകമായ സമൂഹത്തെക്കുറിച്ചു വിശകലനം ചെയ്യവ്വെ പറഞ്ഞു. ഈ പ്രയോഗം പരാമർശിക്കുന്നത് ഓരോ വ്യക്തിയുടെയും ദാനം ഇടംപിടിക്കുന്ന പൊതുവായ പ്രവർത്തിനത്തിലൂടെ സംഘാതമായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു ദൗത്യത്തെക്കുറിച്ചാണെന്ന് പാപ്പാ വിശദീകരിച്ചു. ഈ കൂട്ടായ്മയാണ് യഥാർത്ഥ ശക്തിയെന്നും ഏറ്റവും ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നരിടുന്നതിനുള്ള അടിത്തറയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2024, 12:34