പാപ്പാ : ദരിദ്രരും ദുർബ്ബലരും ദൈവരാജ്യ പ്രഘോഷണത്തിൽ യേശുവിനോടൊപ്പമുള്ള പ്രധാന കഥാപാത്രങ്ങൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വത്തിക്കാനിൽ നിന്ന് പത്തൊമ്പത് കിലോമീറ്റർ അകലെ മീറ്റിങ്ങുകൾക്കും മറ്റും സമ്മേളനങ്ങൾക്കും അനുയോജ്യമായ ഫ്രത്തേർണാ ദോമൂസ് സാക്രോഫാനോയിൽ ആയിരുന്നു “സ്വീകരണത്തിന്റെ ഇരിപ്പിടം”എന്ന സമ്മേളനം. വിശാലവും, സുസജ്ജവും ആയതിനാൽ മാത്രമല്ല അവിടം ഈ സമ്മേളനത്തിന് അനുയോജ്യമായ സ്ഥലമാകുന്നതെന്ന് പറഞ്ഞു കൊണ്ട് അവിടെ പ്രായമായവർ, നിർദ്ധനരായ കുടുംബങ്ങൾ, പ്രശ്നബാധിതരായ യുവജനങ്ങൾ, കുടിയേറ്റക്കാർ എന്നിവർക്ക് അഭയം നൽകുന്ന ഫ്രത്തേർണാ ദോമൂസ് അസോസിയേഷനിലെ സഹോദരിമാർക്ക് പാപ്പാ നന്ദിയും രേഖപ്പെടുത്തി. ദുർബ്ബലരെ കേന്ദ്രഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള അവരുടെ സമ്മേളനത്തിന്റെ കാര്യപരിപാടി താൻ കണ്ടതായി സൂചിപ്പിച്ച പാപ്പാ അത് വളരെ സമ്പന്നവും രസകരവുമാണെന്ന് അനുസ്മരിക്കുകയും അത് തികച്ചും സുവിശേഷാത്മകമാണെന്ന് പറഞ്ഞു കൊണ്ട് അവരെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ പ്രവർത്തനത്തിനും പരിചിന്തനത്തിനുമായി മൂന്നു പ്രധാന കാര്യങ്ങൾ പാപ്പാ പങ്കുവെച്ചു.
ദുർബ്ബലരെ സ്വീകരിക്കാ൯ നാം ദുർബ്ബലരാണെന്ന് തിരിച്ചറിയണം
ഒന്നാമതായി ദുർബ്ബലരായ സഹോദരി സഹോദരങ്ങളെ സ്വാഗതം ചെയ്യാൻ നമ്മളും ദുർബ്ബലരാണെന്നും ക്രിസ്തുവിനാൽ സ്വാഗതം ചെയ്യപ്പെടുന്നവരാണെന്നുമുള്ള അനുഭവം അറിയണം. ക്രിസ്തു എല്ലായിപ്പോഴും നമ്മളെക്കാൾ മുന്നിലാണെന്ന് പറഞ്ഞ പാപ്പാ അവിടുന്ന് പീഡാസഹനം വരെ ദുർബ്ബലനാവുകയും നമ്മുടെ ദുർബ്ബലതയെ സ്വീകരിക്കുകയും ചെയ്തു. അതിനാൽ അവിടുത്തേക്ക് നന്ദി പറഞ്ഞു കൊണ്ട് നമുക്കും അവനെ ചെയ്യാൻ കഴിയും എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. "ദൈവ മഹത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്വീകരിക്കുവിൻ "എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ (റോ15:7) വചനത്തെ അനുസ്മരിച്ചുകൊണ്ട് മുന്തിരി ചെടിയിലെ ശാഖകളെ പോലെ നാം അവനിൽ നിലനിൽക്കുകയാണെങ്കിൽ സ്വീകരണത്തിന്റെ ഒരു വിശാലമായ രംഗത്തു പോലും നല്ല ഫലം വിളയിക്കാൻ കഴിയുമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
ദുർബ്ബലരുമായി സമ്പർക്കം പുലർത്തിയ യേശു
രണ്ടാമതായി യേശു തന്റെ പരസ്യ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രത്യേകിച്ച് ഗലീലിയയിൽ എല്ലാത്തരം ദരിദ്രരുമായും, രോഗികളുമായും സമ്പർക്കം പുലർത്താൻ ചെലവഴിച്ചിരുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, നമ്മെ സംബന്ധിച്ചിടത്തോളം ദുർബ്ബലത രാഷ്ട്രീയമായ ശരിയോ അല്ലെങ്കിൽ ആചാരങ്ങളുടെ വെറും സംഘാടനമോ ആയിരിക്കാൻ കഴിയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അടിവരയിട്ടു. ആളുകൾ മുഖമില്ലാത്ത വ്യക്തികളായും സേവനം ഒരു പ്രകടനമായി മാറുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. രോഗികൾക്കും, ദരിദ്രർക്കും സഹായം എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയല്ല യേശു ചെയ്തത്. മറിച്ച് ദുർബ്ബലരുമായി സമ്പർക്കം പുലർത്തുന്ന ഒരു ജീവിതശൈലി പരിശീലിപ്പിക്കാനാണ് യേശു ആഗ്രഹിച്ചതെന്ന് പാപ്പാ വിശദീകരിച്ചു.
ക്രിസ്തു ജനങ്ങളെ എങ്ങനെ കണ്ടുമുട്ടി, അവരെ എങ്ങനെ സ്വീകരിച്ചു, അവന്റെ സാന്നിധ്യം, അനുകമ്പ, ആർദ്രത എന്നിവ ശിഷ്യന്മാർ ദർശിക്കുകയും പുനരുത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവ് ഈ ജീവിതരീതി അവരിൽ ദൃഢപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് യേശു ചെയ്തത് പോലെ ദുർബ്ബലരായ മനുഷ്യരെ സ്നേഹിച്ചുകൊണ്ട് വിശുദ്ധരായി തീർന്ന സ്ത്രീ പുരുഷന്മാരെ ആത്മാവ് രൂപപ്പെടുത്തിയതെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ചിലർ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുകയും, നമുക്കെല്ലാവർക്കും മാതൃകയാക്കുകയും ചെയ്യുന്നു. എന്നാൽ കൊച്ചു കുട്ടികളെയും, ദരിദ്രരെയും, ദുർബ്ബലരെയും, പാർശ്വവത്കരിക്കപ്പെട്ടവരെയും സ്വീകരിച്ചുകൊണ്ട് എത്രയെത്ര സ്ത്രീ പുരുഷന്മാർ വിശുദ്ധീകരിക്കപ്പെടുന്നുണ്ട്. സുവിശേഷത്തിന്റെ ഇത്തരം മറഞ്ഞിരിക്കുന്ന സാക്ഷികളുടെ കഥകൾ നന്ദിയോടും ലാളിത്യത്തോടും കൂടെ നമ്മുടെ സമൂഹത്തിൽ പങ്കുവെക്കേണ്ടത് പ്രധാനമാണ്, പാപ്പാ സന്ദേശത്തിൽ പറഞ്ഞു.
സുവിശേഷത്തിൽ ദരിദ്രരും ദുർബ്ബലരും വസ്തുക്കളല്ല; വ്യക്തികളാണ്
മൂന്നാമതായി സുവിശേഷത്തിൽ ദരിദ്രരും ദുർബ്ബലരും വസ്തുക്കളല്ല; വ്യക്തികളാണ്. ദൈവരാജ്യ പ്രഘോഷണത്തിൽ യേശുവിനോടൊപ്പം പ്രധാന കഥാപാത്രങ്ങാണവർ എന്ന് പാപ്പാ പറഞ്ഞു. അന്ധനായ ബർതെമേയൂസിന്റെ രോഗ സൗഖ്യത്തെ (മത്താ10:46-52 ) പരാമർശിച്ച പാപ്പാ ആ കഥ പ്രതീകാത്മകമാണെന്ന് ചൂണ്ടിക്കാണിച്ചു. യേശു ആ മനുഷ്യനിൽ താൻ അന്വേഷിക്കുന്ന വിശ്വാസം കണ്ടെത്തുന്നതായി നാം കാണുന്നു. ജനക്കൂട്ടത്തിന്റെയും ബഹളത്തിന്റെയും മധ്യേ യേശു മാത്രമേ അവനെ തിരിച്ചറിയുകയും വിശ്വാസം നിറഞ്ഞ അവന്റെ നിലവിളി കേൾക്കുകയും ചെയ്തുള്ളു എന്നും പാപ്പാ വിശദീകരിച്ചു. കർത്താവിൽ അർപ്പിച്ച തന്റെ വിശ്വാസം നിമിത്തം വീണ്ടും കാഴ്ച ലഭിച്ച ആ മനുഷ്യൻ യേശുവിനെ അനുഗമിക്കുകയും അവന്റെ സാക്ഷിയായി തീരുകയും ചെയ്യുന്ന കഥയായി സുവിശേഷങ്ങളിൽ പ്രവേശിക്കുകയാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ദുർബ്ബലനായി തീർന്ന യേശുവിനാൽ രക്ഷിക്കപ്പെട്ട ദുർബ്ബലനായ ബർതെമേയൂസ് പുനരുത്ഥാന സന്തോഷത്തിന് സാക്ഷിയാകുന്നു. പാപ്പാ കൂട്ടി ചേർത്തു.ശാരീരിക ദൗർബല്യം മാത്രമല്ല വ്യത്യസ്ത ദുർബ്ബലതകളുമുണ്ടെന്ന് മറ്റു പലരും ഉണ്ടെന്നു പറഞ്ഞു കൊണ്ട് ഏഴ് ഭൂതങ്ങളാൽ പീഡിപ്പിക്കപ്പെട്ടിരുന്ന മഗ്ദലേന മറിയം ഉത്ഥിതനായ യേശുവിന്റെ ആദ്യ സാക്ഷിയായി തീർന്ന കഥയും പാപ്പാ ഓർമ്മപ്പെടുത്തി. ചുരുക്കത്തിൽ ക്രിസ്തുവിന്റെ കൃപയാലും അവന്റെ ശൈലിയാലും കണ്ടുമുട്ടപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്ന ദുർബ്ബലരായ വ്യക്തിൾക്ക് വിശ്വാസ സമൂഹത്തിലും, മറ്റു സമൂഹങ്ങളിലും സുവിശേഷത്തിന്റെ സാന്നിധ്യമായി മാറാം എന്നും അവരെ ഓർമ്മപ്പെടുത്തി.
അവസാനമായി അവിടെ സന്നിഹിതരായിരുന്നവരുടെ പ്രതിബദ്ധതയ്ക്ക് നന്ദി പറഞ്ഞ പാപ്പാ പരിശുദ്ധ കന്യാമറിയം അവരോടൊപ്പം ഉണ്ടായിരിക്കട്ടെ എന്നും അവരെ എല്ലാവരെയും തന്റെ ഹൃദയത്തിൽ നിന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നുവെന്നും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: