പാപ്പാ: നമ്മുടെ ജീവിതത്തിൽ ശാശ്വതമായ മുദ്രപതിപ്പിക്കാൻ വളരെ പ്രാധാന്യമുള്ളതാണ് വിശുദ്ധവാരം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പുരാതന റോമൻ സ്മാരകങ്ങൾ കൊണ്ട് അറിയപ്പെടുന്ന നഗരങ്ങളിലൊന്നാണ് സ്പെയിനിലെ മെരിദാ. ക്രിസ്തുവിന് മുമ്പ് 25 ആം ആണ്ടിൽ അഗസ്റ്റസിന്റെ പട്ടാളക്കാരാൽ കോളനിയായി തുടങ്ങിയ ഇവിടം സ്പെയിനിലെ റോം എന്നാണ് അറിയപ്പെടുന്നത്. ഈ റോമൻ സ്മാരകങ്ങൾക്കു ചുറ്റുമാണ് വിശുദ്ധവാരത്തിൽ പ്രദക്ഷിണം, കുരിശിന്റെ വഴി തുടങ്ങിയ പല മതാചാരകർമ്മങ്ങൾ നടക്കുക.
മതപരമായ ചടങ്ങുകൾ ഏറ്റെടുത്തു നടത്തുന്ന പ്രാദേശികമായ കൂട്ടായ്മകളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ, മനുഷ്യകുലത്തിന്റെ ചരിത്രം മാറ്റിയെഴുതിയ 2000 വർഷത്തിന്റെ പുരാതന കാല രംഗങ്ങൾ ഉണർത്തുന്ന പരിസരങ്ങളിൽ വളരെ കുറച്ച് നഗരങ്ങൾക്കെ ആ ദിവസങ്ങൾ അനുഭവിക്കാനാവൂ എന്ന് പറഞ്ഞു കൊണ്ടാണ് മെരിദായുമായുള്ള തന്റെ ആത്മീയ സാമിപ്യം പാപ്പാ അറിയിച്ചത്. അവരെ പ്രത്യേകമായി താൻ നയിക്കുന്ന കൊളോസിയെത്തിലെ കുരിശിന്റെ വഴിയിൽ അനുസ്മരിക്കുമെന്നും പാപ്പാ അവർക്ക് ഉറപ്പു നൽകി.
ഈ വർഷം മെരിദാ - ബദായോസ് അതിരൂപത യൂളാലിയൻ ജൂബിലി വർഷം ആഘോഷിക്കുകയാണ്. യുവതിയും രക്തസാക്ഷിയുമായ വിശുദ്ധ യുളാലിയ, മെരിദായെ സ്പെയിനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലാക്കിയവളാണ്. വിശുദ്ധവാരത്തിന്റെ ഒരുക്കം നടത്തിക്കൊണ്ടിരിക്കുന്ന സാഹോദര്യ സംഘങ്ങളോടു (Confraternity) വിശുദ്ധവാരം മായാത്തതും ശാശ്വതവുമായ അടയാളം അവശേഷിപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റാൻ പാപ്പാ ആഹ്വാനം ചെയ്തു. കർത്താവിന്റെ പീഡാനുഭവത്തിന്റെ പുനരാവിഷ്കരണം ഒരു കലാപരിപാടിയാക്കാതെ നമ്മുടെ രക്ഷയുടെ പ്രഘോഷണമാക്കി മാറ്റണമെന്നും, ജീവിതത്തിൽ ശാശ്വതമായ ഒരു മുദ്ര അവശേഷിപ്പിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
വിശുദ്ധവാരത്തിൽ പ്രാർത്ഥിക്കാനും, ദൈവവചനം ശ്രവിക്കാനും, നല്ല സമറിയാക്കാരന്റെ മാതൃകയിൽ സഹോദരി സഹോദരന്മാരുടെ മുറിവുകൾ വച്ചുകെട്ടാനും സമയം ചെലവഴിക്കുക എന്നത് പ്രധാനപ്പെട്ടതാണ് എന്നും പാപ്പാ അറിയിച്ചു. “ദൈവസ്നേഹവും സഹോദര സ്നേഹവും ഒരേ സ്നേഹം തന്നെയാണ് … ദൈവത്തിന്റെ സാന്നിധ്യത്തിൽ നമ്മൾ സഹോദരീ സഹോദരരാകുമെന്നും കൂടുതൽ പരസ്പര സംവേദനക്ഷമതയുള്ളവരായി മാറു”മെന്നും തന്റെ ഈ വർഷത്തെ തപസ്സു കാല സന്ദേശം ഉദ്ധരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
വിശുദ്ധവാരം നമ്മുടെയും നമ്മുടെ സമൂഹത്തിന്റെയും ഹൃദയത്തിന്റെ വാതിലുകൾ തുറക്കാൻ കർത്താവു തരുന്ന കൃപയുടെയും, നമ്മുടെ വിശ്വാസത്തിന്റെ തെളിച്ചവും സന്തോഷവും കൊണ്ടുവരാനുള്ള അവസരവുമാണ്. സ്നേഹത്തോടും ദൈവത്തിന്റെ ആർദ്രതയോടും കൂടെ നമ്മൾ നമ്മുടെ കരങ്ങളും, കാലടികളും, ഹൃദയങ്ങളും ബഹുമാനത്തോടും ക്ഷമയോടും കൂടെ സമർപ്പിക്കുമ്പോൾ ദൈവമാണ് നയിക്കുകയും, വഴി കാണിക്കുകയും ചെയ്യുന്നത് എന്ന് അറിയണമെന്ന് പാപ്പാ അവരോടു പറഞ്ഞു. കുടുംബങ്ങൾക്കായുള്ള പ്രത്യേക ചിന്തയോടെയാണ് പാപ്പാ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: