റോമിലെ മേരി മേജർ ബസിലിക്കയുടെ ഭരണസംവിധാനങ്ങളിൽ പുനഃക്രമീകരണം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റോമിലെ പ്രധാന നാല് ബസിലിക്കകളിൽ ഒന്നായ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള മേരി മേജർ ബസിലിക്കയുടെ അജപാലന- ഭരണ കാര്യങ്ങളിൽ പുനഃക്രമീകരണങ്ങൾ നടത്തി. ഫ്രാൻസിസ് പാപ്പാ ഒപ്പുവച്ച രേഖയിലാണ് ഈ പുതിയ പരിഷ്‌കാരങ്ങൾ നിർദേശിക്കപ്പെട്ടത്. ഒപ്പം ഭരണകാര്യങ്ങളുടെ ചുമതല ലിത്വാനിയൻ മെത്രാനായ മോൺസിഞ്ഞോർ റോളൻദാസ് മാക്രിക്കാസിന് പാപ്പാ കൈമാറി. അദ്ദേഹത്തെ ബസിലിക്കയുടെ ഭരണത്തുടർച്ചയുള്ള സഹ- ആർച്ചു പ്രീസ്റ്റായും പാപ്പാ നിയമിച്ചു.
ഭരണകാര്യങ്ങളിൽ നിന്നും, സാമ്പത്തിക ഇടപാടുകളിൽ നിന്നും ബസിലിക്കയിൽ സേവനം ചെയ്യുന്ന വൈദികരെ ഒഴിവാക്കുന്നത്, വിശ്വാസികളുടെ ആത്‌മീയമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനു വേണ്ടിയാണെന്നും രേഖയിൽ പറയുന്നു. താൻ അടക്കം ചെയ്യപ്പെടണം എന്ന് ആഗ്രഹിക്കുന്ന ബസിലിക്കയെന്നതിനാലും, താൻ ഏറ്റവും കൂടുതൽ സന്ദർശനം നടത്തി പ്രാർത്ഥിച്ചിട്ടുള്ള ഇടമെന്നതിനാലും, ഫ്രാൻസിസ് പാപ്പാ ഈ ബസിലിക്കയുടെ ദൈനംദിന കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നു.
സഹ- ആർച്ചു പ്രീസ്റ്റിനെ ഭരണ കാര്യങ്ങളിൽ സഹായിക്കുന്നതിനുവേണ്ടി രണ്ടു പ്രതിനിധികളെയും, ഒരു ഭരണ സമിതിയെയും പാപ്പാ നിയമിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ഭരണ കാലാവധി അഞ്ചുവർഷമെന്നതും രേഖയിൽ എടുത്തു പറയുന്നു. ഭരണസമിതിയിൽ, അപ്പസ്തോലിക സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വത്തിക്കാൻ ഭരണ കേന്ദ്രത്തിലെ ഒരംഗം ഉണ്ടായിരിക്കണമെന്നും രേഖയിൽ പറയുന്നു.
ബസിലിക്കയിൽ സേവനം ചെയ്യുന്ന വൈദികർ(canonici), എൺപതുവയസ് പൂർത്തിയാകുന്നതോടെ, വിശ്രമത്തിനായി ഇളവുകളോടുകൂടി താമസിക്കുന്നതിനും, ബസിലിക്കയിൽ സന്നദ്ധ ആരാധനാക്രമ-അജപാലന പ്രവർത്തനങ്ങൾ തുടരാനും രേഖയിൽ അനുവാദം നൽകുന്നു. എന്നാൽ അവർക്ക് ചാപ്റ്ററിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ല. അവസാനമായി ബസിലിക്കയുടെ ഗായകസംഘത്തിനു നേതൃത്വം നൽകുന്ന ആളെ പ്രസിദ്ധ സംഗീതജ്ഞരുടെയിടയിൽ നിന്നും തിരഞ്ഞെടുക്കണമെന്നും, അവരുടെ കാലാവധി അഞ്ചുവർഷമായിരിക്കുമെന്നും രേഖയിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: