വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ. 

ലൈംഗീകദുരുപയോഗം: ബെൽജിയം മെത്രാനെ വൈദീക പദവിയിൽ നിന്ന് നീക്കം ചെയ്തു

പ്രായപൂർത്തിയാകാത്തയാളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് കുറ്റക്കാരനായി കണ്ടെത്തിയ 87 കാരനായ മുൻ ബ്രഗസ് മെത്രാൻ റോജർ വെൻയുവെവിയെയാണ് വൈദിക പദവിയിൽ നിന്ന് നീക്കിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പുന:പരിശോധനയ്ക്ക് ശേഷം കണ്ടെത്തിയ പുതിയ ഘടകങ്ങളുടെ വെളിച്ചത്തിൽ  വിശ്വാസസത്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് ഫ്രാൻസിസ് പാപ്പാ മുൻ ബ്രഗസ് മെത്രാൻ റോജർ വെൻയുവെവിയെയാണ് വൈദിക പദവിയിൽ നിന്ന് നീക്കികൊണ്ടുള്ള ശിക്ഷാവിധി നടപ്പിലാക്കിയത്.

ദശവർഷങ്ങളായി നീണ്ടുപോയ ലൈംഗീക ദുരുപയോഗ കേസിനാണ് വൈദീക പദവിയിൽ നിന്നുള്ള നീക്കത്തോടെ വിരാമമായത്.  ബ്രസ്സൽസിലെ അപ്പോസ്തലിക ന്യൂൺഷിയോയുടെ ആസ്ഥാനത്തു നിന്നുള്ള പ്രസ്താവന അനുസരിച്ച് മാർച്ച് 21 വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പാ മുൻ ബ്രഗസ് മെത്രാന്റെ ശിക്ഷ ശരിവച്ചത്. ലൈംഗീക ആരോപണത്തെ തുടർന്ന് 2010ൽ മെത്രാൻ പദവി രാജിവച്ച റോജർ വെൻയുവെവി തന്റെ അനന്തരവന്മാരിൽ ഒരാളെ പീഡിപ്പിച്ചതായി സമ്മതിച്ചിരുന്നു. അദ്ദേഹത്തിനെതിരെ വന്നിരുന്ന ആരോപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസങ്ങളിൽ വിശ്വാസ സത്യങ്ങൾക്കായുള്ള തിരുസംഘത്തിലേക്ക് എത്തിയ ഗുരുതരമായ പുതിയ ഘടകങ്ങൾ മൂലം കേസ് വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമായിരുന്നു. അന്വേഷണത്തെ തുടർന്ന് മുൻ മെത്രാന്റെ വാദം കേൾക്കാൻ തീരുമാനിച്ച ഡിക്കാസ്റ്ററി, അതിനു ശേഷം 2024 മാർച്ച് 8 ന്, 2001 ൽ ജോൺപോൾ രണ്ടാമനും 2010ൽ ബനഡിക്ട് പതിനാറാമനും പുറപ്പെടുവിക്കുകയും  2021 ൽ ഫ്രാൻസിസ് പാപ്പാ നവീകരിക്കുകയും ചെയ്ത മോത്തു പ്രോപ്രിയോ പ്രകാരം പൗരോഹിത്യത്തിൽ നിന്ന്  അദ്ദേഹത്തെ പുറത്താക്കാൻ നിർദ്ദേശിച്ചു കൊണ്ട് പരിശുദ്ധ പിതാവിന് രേഖകൾ സമർപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 11ന്, വിശ്വാസ സത്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവന് അനുവദിച്ച കൂടിക്കാഴ്ചയിൽ പാപ്പാ ഡികാസ്റ്ററിയുടെ അഭ്യർത്ഥന അംഗീകരിക്കുകയും മാർച്ച് 20ന് ശിക്ഷയുടെ കാര്യം മുൻ മെത്രാനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം ശിക്ഷ സ്വീകരിക്കുകയും പുറം ലോകവുമായി ബന്ധമില്ലാതെ ഏകാന്തതയിൽ പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും ജീവിക്കാൻ അനുവാദം ചോദിക്കുകയും ചെയ്തു. പ്രസ്താവനയിൽ പീഡനത്തിനിരയായവരോടുള്ള തന്റെ സാമിപ്യവും സഭയിൽ നിന്ന് ഈ ദുരന്തം ഉൻമൂലനം ചെയ്യാനുള്ള തന്റെ പ്രതിബദ്ധത ഫ്രാൻസിസ് പാപ്പാ അടിവരയിടുകയും ചെയ്തതായും അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2024, 13:42