എത്തിയ പേപ്പൽ ഫൗണ്ടേഷന്റെ  അംഗങ്ങളുമായി പാപ്പാ. എത്തിയ പേപ്പൽ ഫൗണ്ടേഷന്റെ അംഗങ്ങളുമായി പാപ്പാ.  (Vatican Media)

പാപ്പാ: പ്രാർത്ഥനയിലുള്ള സ്ഥിരോത്സാഹം ഐക്യദാർഢ്യത്തിലേക്ക് നയിക്കും

റോമിലേക്കുള്ള വാർഷിക തീർത്ഥാടനത്തിന്റെ ഭാഗമായി എത്തിയ പേപ്പൽ ഫൗണ്ടേഷന്റെ അംഗങ്ങൾക്കും, അതിന്റെ വിവിധ ചുമതല വഹിക്കുന്നവർക്കും നൽകിയ കൂടിക്കാഴ്ചയിൽ അവർ നൽകുന്ന നാനാവിധ സേവനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദിയർപ്പിച്ചു കൊണ്ട് സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ് 

കർത്താവിന്റെ  ഉത്ഥാനം ആഘോഷിക്കുന്ന ഈ വേളയിൽ യേശുവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഉയിർപ്പിന്റെ  ജാഗരണത്തിൽ നൽകിയ സന്ദേശം ആവർത്തിച്ച പാപ്പാ ഉത്ഥിതന്റെ  സാന്നിധ്യം നമ്മിൽ നിന്ന് ആർക്കും എടുത്തു മാറ്റാൻ പറ്റാത്ത സന്തോഷത്തിന്റെ  ഉറവയായി മാറട്ടെ എന്നാശംസിച്ചു.

ലോകം മുഴുവനുമുള്ള എണ്ണമറ്റയാളുകൾക്ക് യേശുവിന്റെ സാമീപ്യവും, അനുകമ്പയും, ആർദ്രമായ സ്നേഹവും നൽകിക്കൊണ്ട് കർത്താവിന്റെ  ഉത്ഥാനത്തിന്റെ സന്തോഷം പകർന്നു നൽകുന്ന ഒരു പാത്രമായാണ് അതിന്റെ  ആരംഭം മുതൽ പേപ്പൽ ഫൗണ്ടേഷന്റെ  പ്രവർത്തനം. വിദ്യാഭ്യാസം, ഉപവി പ്രവർത്തനം തുടങ്ങി വിവിധ തരം അപ്പോസ്തോലിക ദൗത്യങ്ങളിൽ  അവർ നൽകുന്ന സഹകരണം  ദരിദ്രരുടേയും, അഭയാർത്ഥികളുടേയും, കുടിയേറ്റക്കാരുടെയും സമഗ്ര വികസനത്തിന് സഹായമാകുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

വികസ്വര രാജ്യങ്ങളിൽ നിന്നുള്ള അൽമായർക്കും സന്യസ്തർക്കും വൈദീകർക്കും സെമിനാരി വിദ്യാർത്ഥികൾക്കും നൽകുന്ന സ്കോളർഷിപ്പുകൾ അവർക്ക് പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ പഠിച്ച് അവരുടെ ജന്മനാട്ടിലും പുറത്തും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇവയെല്ലാം വഴി അവർ പത്രോസിന്റെ  പിൻഗാമിയെ പ്രാദേശിക സഭകൾ കെട്ടിപ്പടുക്കാനും അനേകം ദരിദ്രരുടെ പരിപാലനത്തിനും സഹായിക്കുന്ന അവരുടെ ഉദാരമതസ്കതയ്ക്ക് പാപ്പാ വീണ്ടും നന്ദിയർപ്പിച്ചു.

കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്ന അവരുടെ പ്രവർത്തനങ്ങൾ സഭാ ജീവിതത്തിലുള്ള പങ്കു ചേരലിലൂടെയും, കൂദാശകളുടെ സ്വീകരണത്തിലൂടെയും കർത്താവുമായി പ്രാർത്ഥനയിൽ സമയം ചിലവഴിച്ചും പരിപോഷിപ്പിക്കണമെന്ന് പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. പ്രാർത്ഥനയിലുള്ള സ്ഥിരോത്സാഹം വഴി യേശുവും മറ്റുള്ളവരുമായി നമ്മൾ ഒരേ ഹൃദയവും ആത്മാവുമുള്ളവരായി തീർന്ന് നമ്മുടെ അന്നത്തെയപ്പം മറ്റുള്ളവരുമായി ഐക്യദാർഢ്യത്തിൽ പങ്കുവയ്ക്കുന്നവരാക്കുമെന്ന് 2025 ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ട് മോൺ. ഫിസിക്കെല്ല പ്രസിദ്ധീകരിച്ച കത്തിനെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ അവരെ ആഹ്വാനം ചെയ്തു.

ആത്മീയ ജീവിതത്തിന്റെ  ഈ ഫലങ്ങൾ അവരുടെ പ്രവർത്തനങ്ങർക്ക് പ്രാധാന്യം നൽകുന്നു. പേപ്പൽ ഫൗണ്ടേഷൻ സഹായിക്കുന്ന വ്യക്തികളെ അവർക്ക് വ്യക്തിപരമായി കണ്ടുമുട്ടാൻ കഴിയില്ലെങ്കിലും അവരുടെ പ്രവർത്തനങ്ങൾ വിവിധ സംസ്കാരങ്ങളിലും, ഭാഷകളിലും സഹായം സ്വീകരിക്കുന്നവരുമായി ആത്മീയവും സാഹോദര്യപൂർണ്ണവുമായ ഒരു ബന്ധം സൃഷ്ടിക്കുന്നു എന്നത് നിഷേധിക്കാനാവില്ല എന്ന് ഫ്രാൻസിസ് പാപ്പാ നിരീക്ഷിച്ചു. സ്വാർത്ഥതയും നിസ്സംഗതയും കൊണ്ട് അടയാളപ്പെടുത്തിയ നമ്മുടെ ഈ കാലഘട്ടത്തിൽ അവരുടെ പ്രവർത്തനം എത്രമാത്രം ആവശ്യമേറിയതാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. അവരുടെ പ്രവർത്തനങ്ങൾക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ടും അവരെയും അവരുടെ കുടുംബങ്ങളെയും സഭയുടെ അമ്മയായ മറിയത്തിന്റെ  സംരക്ഷണത്തിന് സമർപ്പിച്ചു കൊണ്ടും അവരെ ആശീർവ്വദിച്ച് പാപ്പാ തന്റെ  സന്ദേശം ഉപസംഹരിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2024, 11:37