തിരയുക

ഇടവക സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ കുട്ടികളുമായി സംവദിക്കുന്നു ഇടവക സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ കുട്ടികളുമായി സംവദിക്കുന്നു   (ANSA)

പ്രഥമ ആഗോള ശിശുദിനാഘോഷം റോമിൽ

യുവജനങ്ങൾക്കായുള്ള ആഗോള ദിനം ആഘോഷിക്കുന്നതുപോലെ, ശിശുക്കൾക്കുവേണ്ടിയും ആഗോള ദിനാഘോഷം സംഘടിപ്പിക്കുന്നു. പ്രഥമ ആഘോഷം റോമിൽ മെയ് മാസം 25, 26 തീയതികളിൽ നടക്കും.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗോളയുവജനദിനാഘോഷം പോലെ കുട്ടികൾക്കുവേണ്ടിയും ആഗോള ദിനം സംഘടിപ്പിക്കുന്നു. പ്രഥമ ആഗോള ശിശുദിനാഘോഷം റോമിൽ വച്ചു മെയ് മാസം 25, 26 തീയതികളിൽ നടക്കും. " ഞാൻ എല്ലാം നവമാക്കുന്നു" എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. റോമിലെ ഒളിമ്പിക്ക് സ്റ്റേഡിയത്തിലും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുമായിട്ടാണ് ദിനാഘോഷങ്ങൾ നടക്കുന്നത്.

കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ഈ ദിനാഘോഷങ്ങളിലേക്ക് ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം പതിനാലാം തീയതി ഞായറാഴ്ച്ച നടന്ന മധ്യാഹ്നപ്രാർത്ഥനാവേളയിൽ സംസാരിച്ചു. ഈ ആഘോഷങ്ങളിലേക്ക് പ്രാർത്ഥനയോടെ തീർത്ഥാടനം നടത്തുവാൻ എല്ലാവരെയും ക്ഷണിക്കുകയും, സംഘാടകർക്ക് നന്ദി അർപ്പിക്കുകയും ചെയ്തു. 'നിങ്ങൾക്കു  വേണ്ടി ഞാൻ കാത്തിരിക്കുന്നു',  എന്നാണ് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞത്. തുടർന്ന് യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന വിവിധ സ്ഥലങ്ങളിലെ കുഞ്ഞുങ്ങളെ പാപ്പാ പ്രാർത്ഥനയോടെ സ്മരിച്ചു.

പതിനായിരക്കണക്കിന് കുട്ടികളാണ് ഇതിനോടകം സമ്മേളനത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ദ്വിദിന പരിപാടിയിൽ പങ്കാളികളാകും. ഞായറാഴ്ച്ച പ്രാർത്ഥനയിൽ പാപ്പയോടൊപ്പം നൂറുകണക്കിന് കുട്ടികളും പങ്കെടുത്തു. യുദ്ധം നടക്കുന്ന ഇടങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2024, 11:31