പാപ്പാ : കർത്താവിന്റെ ഉത്ഥാനം നൽകുന്ന പ്രത്യാശയും ഉയിർപ്പും ആശ്ലേഷിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
2024 മാർച്ച് 30ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് നടത്തിയ ഈസ്റ്റർ ജാഗരണ ദിവ്യബലിയിൽ നൽകിയ സുവിശേഷ പ്രഘോഷണത്തിൽ, ജീവിതത്തിന്റെ അന്ധകാരത്തിനും വെല്ലുവിളികൾക്കുമിടയിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ ആശ്വാസം കണ്ടെത്തണമെന്ന് ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. യേശുവിന്റെ കബറിടത്തിൽ എത്തിയ ദുഃഖിതരായ സ്ത്രീകളും ഇന്ന് മനുഷ്യർ നേരിടുന്ന പോരാട്ടങ്ങളും തമ്മിലുള്ള സമാനതകളും വരച്ചുകാട്ടി കൊണ്ടായിരുന്നു പാപ്പായുടെ വിശദീകരണങ്ങൾ.
ദുഃഖവും പ്രത്യാശയും
യേശുവിന്റെ മരണം കണ്ട ദുഃഖത്തോടെ പിറ്റേന്ന് പ്രഭാതത്തിൽ യേശുവിന്റെ കല്ലറയ്ക്കൽ എത്തിയ സ്ത്രീകളുടെ അവസ്ഥ വിവരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. ദുഃഖത്താൽ ഭാരപ്പെട്ട അവരുടെ ഹൃദയങ്ങൾ, മുദ്ര വയ്ക്കപ്പെട്ടിരിക്കുന്ന ശവകുടീരത്തിന്റെ ഭാരമേറിയ കല്ലാകുന്ന പ്രതിബന്ധത്തെ അഭിമുഖീകരിച്ച രീതി പാപ്പാ വിവരിച്ചു. ജീവിതത്തിലെ പരീക്ഷണങ്ങളും ക്ലേശങ്ങളും അഭിമുഖീകരിക്കുമ്പോൾ പലരും അനുഭവിക്കുന്ന നിരാശയുടെയും, പ്രലോഭനങ്ങളുടേയും പ്രതീകമാണ് കല്ലെന്ന് പാപ്പാ പറഞ്ഞു.
ആധുനിക പോരാട്ടങ്ങൾ
സമകാലിക വെല്ലുവിളികൾക്ക് സമാന്തരമായി വരച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന “കല്ലറക്കല്ലുകൾ" എടുത്തുകാട്ടി - അത് പ്രിയപ്പെട്ടവരുടെ നഷ്ടമോ, വ്യക്തിപരമായ പരാജയങ്ങളോ, സാമൂഹിക അനീതികളോ, ആഗോള സംഘർഷങ്ങളോ ആയിരിക്കാം. ഇവ ഈ വ്യക്തികളെ ഭയത്തിലും ദു:ഖത്തിലും നിരാശയിലും എങ്ങനെ തടവിലാക്കുമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. "ആരാണ് ശവകുടീരത്തിൽ നിന്ന് കല്ല് ഉരുട്ടിക്കളയുക?" എന്ന സ്ത്രീകളുടെ ചോദ്യം പാപ്പാ പങ്കുവച്ചു കൊണ്ട് ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാൻ വിശ്വാസികളോടു ആഹ്വാനം ചെയ്തു.
ഈസ്റ്ററിന്റെ വിജയം
ഉരുട്ടി മാറ്റപ്പെട്ട കല്ല് ഈസ്റ്ററിന്റെ പരിവർത്തന ശക്തിയുടെ പ്രതീകമാണെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി. മരണത്തിനു മേൽ ജീവിതത്തിന്റെ വിജയവും ഇരുട്ടിനുമേൽ വെളിച്ചവും നിരാശയുടെ മേൽ പ്രത്യാശയും ഉത്ഥിതനായ ക്രിസ്തു പ്രഖ്യാപിച്ചു. യേശുവിന്റെ പുനരുത്ഥാനം, പ്രതീക്ഷയില്ലായ്മയുടെ വേലിക്കെട്ടുകൾ ഭേദിച്ച്, നവീകരിക്കപ്പെട്ട വിശ്വാസത്തിലേക്കും സന്തോഷത്തിലേക്കും ഒരു വഴി വാഗ്ദാനം ചെയ്യുകയാണെന്ന് പാപ്പാ വ്യക്തമാക്കി.
പുനരുത്ഥാനം സ്വീകരിക്കുക
യേശുവിലേക്ക് "തലയുയർത്തി നോക്കാൻ" വിശ്വാസികളെ ആഹ്വാനം ചെയ്ത ഫ്രാൻസിസ് പാപ്പാ, ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് മനുഷ്യചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. ക്രിസ്തുവിലൂടെ വ്യക്തികൾക്ക് പരാജയങ്ങളും, ദുഃഖങ്ങളും മാത്രമല്ല മരണം പോലും മറികടക്കാൻ കഴിയും. ഉയിർത്തെഴുന്നേറ്റ കർത്താവിനെ ആശ്ലേഷിക്കാൻ പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. ഇരുട്ടിനെ അകറ്റാനും ജീവിതത്തെ പ്രത്യാശയിൽ നിറയ്ക്കാനും അവന്റെ പരിവർത്തന ശക്തിയെ അനുവദിക്കാനും പാപ്പാ ആവശ്യപ്പെട്ടു.
സന്തോഷിക്കാനുള്ള ക്ഷണം
യേശുവിന്റെ പുനരുത്ഥാനത്തിൽ സന്തോഷിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗം ഉപസംഹരിച്ചത്. ദുഃഖവും നിരാശയും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മരണത്തിന്മേലുള്ള വിജയം വാഗ്ദാനം ചെയ്യുന്ന പുതിയ ജീവിതം സ്വീകരിക്കാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. "അവൻ ജീവിച്ചിരിക്കുന്നു, അവൻ ഉയിർത്തെഴുന്നേറ്റു" എന്ന് പ്രഖ്യാപിക്കുന്നതിൽ പങ്കുചേരാനും അവരുടെ ഹൃദയങ്ങളിൽ നവീകരിച്ച ജ്വാലയുമായി ഇറങ്ങിപ്പുറപ്പെടുവാനും ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പരിവർത്തന ശക്തിയെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ ജാഗരണ പ്രസംഗത്തിൽ പ്രത്യാശയുടെയും നവീകരണത്തിന്റെയും സന്ദേശം നൽകി. ദൈവശാസ്ത്രജ്ഞനായ കാൾ റാണറിന്റെ “അവന്റെ കല്ലറ ശൂന്യമാണ് മരിച്ചവൻ ജീവിച്ചിരിക്കുന്നവനായി വെളിപ്പെടുത്തി” എന്ന വാക്കുകളും “ഇത് കർത്താവിന്റെ ഉയിർപ്പാണ്. സഹോദരീ സഹോദരന്മാരെ, ജീവിക്കുന്നവന്റെ ആഘോഷമാണ്”എന്ന ജെ.വൈ. ക്വെല്ലെക്കിന്റെ വാക്കുകളും ഉദ്ധരിച്ചു കൊണ്ട് ജീവിതത്തിലെ വെല്ലുവിളികൾക്കിടയിൽ, ഇരുളിനെ അകറ്റുന്ന ഉത്ഥാനത്തിന്റെ വെളിച്ചമായ, ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സന്തോഷം സ്വീകരിക്കാൻ എല്ലാവരെയും ക്ഷണിച്ചു കൊണ്ടാണ് പാപ്പാ അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: