തിരയുക

ഹംഗറിയിൽനിന്നെത്തിയ തീർത്ഥാടകരെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഹംഗറിയിൽനിന്നെത്തിയ തീർത്ഥാടകരെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

സമാധാനം യാഥാർത്ഥ്യമാക്കുവാൻ വ്യക്തിപരമായ പരിശ്രമം ആവശ്യം: ഫ്രാൻസിസ് പാപ്പാ

ഹംഗറിയുടെ പ്രസിഡന്റ് താമാസ് സ്യുലോക്, കർദ്ദിനാൾ പീറ്റർ എർദോ, മെത്രാൻസമിതി പ്രസിഡന്റ് അഭിവന്ദ്യ അന്ദ്രാസ് വേരെസ്, എന്നിവരുൾപ്പെടെയുള്ള ഹംഗറിക്കാരായ തീർത്ഥാടകർക്ക് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. സമാധാനസ്ഥാപനത്തിനായി പ്രവർത്തിക്കാനുള്ള ഏവരുടെയും ഉത്തരവാദിത്വം പാപ്പാ പ്രത്യേകമായി എടുത്തുപറഞ്ഞു. വിവിധ തലമുറകൾ തമ്മിലുള്ള സംവാദങ്ങൾ വഴി മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് നടക്കാൻ യുവജനങ്ങൾക്ക് പാപ്പായുടെ ക്ഷണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മറ്റുള്ളവരുമായി സമാധാനത്തിൽ ജീവിക്കാൻ അനുദിനമെടുക്കുന്ന തീരുമാനമാണ് സമാധാനം ഒരു യാഥാർഥ്യമാക്കുവാൻ നമ്മെ സഹായിക്കുകയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മറ്റുള്ളവരോട് ക്ഷമിക്കുവാൻ തയ്യാറാകുമ്പോഴാണ് സമാധാനം സുസ്ഥാപിതമാകുന്നത്. ഇത് ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്ന ഒരു അനുഭവമാണ്. ഏപ്രിൽ 25 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ഹംഗറിയിൽനിന്നുള്ള കർദ്ദിനാൾ പീറ്റർ എർദോ, മെത്രാൻസമിതി പ്രസിഡന്റ് അഭിവന്ദ്യ അന്ദ്രാസ് വേരെസ്, ഹംഗറിയുടെ പ്രസിഡന്റ് താമാസ് സ്യുലോക് എന്നിവരെ ഏപ്രിൽ 25 വ്യാഴാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംസാരിക്കവയെയാണ്, സമാധാനത്തിന്റെ വളർച്ചയ്ക്കായുള്ള വ്യക്തിപരമായ പരിശ്രമങ്ങളുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്. ഒരു വർഷം മുൻപ് ഹംഗറിയിലേക്ക് താൻ നടത്തിയ അപ്പസ്തോലികയാത്രയെ പരാമർശിച്ച് സംസാരിച്ച പാപ്പാ, ഒരു തീർത്ഥാടകനും, സഹോദരനും സുഹൃത്തുമായാണ് താൻ അവിടേക്കെത്തിയതെന്ന് ആവർത്തിച്ചു.

ഒരു തീർത്ഥാടകനെന്ന നിലയിൽ താൻ ഹംഗറിയിലെത്തിയത്, അവിടെയുള്ള ജനങ്ങൾക്കൊപ്പം യൂറോപ്പിനുവേണ്ടി പ്രാർത്ഥിക്കുവാനും, സമാധാനസ്ഥാപനത്തിനുള്ള ശ്രമങ്ങളും യുവജനകൾക്ക് പ്രതീക്ഷാനിർഭരമായ ഒരു ഭാവിയും മുന്നിൽക്കണ്ടാണെന്നും പാപ്പാ പറഞ്ഞു.

ഒരു സഹോദരനായാണ് താൻ ഹംഗറിയിലേക്ക് അപ്പസ്തോലികയാത്ര നടത്തിയതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ആർദ്രതയും, സാമീപ്യമനോഭാവവും, സഹാനുഭൂതിയും നിറഞ്ഞ ദൈവത്തിന്റെ ശൈലി സ്വന്തമാക്കാൻ ഹംഗറിയിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയുടെ വേളയിൽ ആഹ്വാനം ചെയ്തത്, ഇത്തവണത്തെ കൂടിക്കാഴ്ചയിലും ആവർത്തിച്ചു. തങ്ങളുടെ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെട്ട മനുഷ്യരോട് ഉത്തരവാദിത്വത്തോടെ പെരുമാറാൻ, സമീപകാല ഹംഗറിയിൽ മാതൃകാപരമായ ജീവിതം നയിച്ച വിവിധ സമർപ്പിതരുടെയും അൽമായരുടെയും ജീവിതമാതൃക ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു.

നിങ്ങൾക്കൊപ്പം ഒരു സുഹൃത്തെന്നപോലെ ആയിരിക്കാനാണ് താൻ പരിശ്രമിച്ചതെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ച പാപ്പാ, തങ്ങളുടെ മുൻ തലമുറകളിലുള്ള ആളുകളുമായി സംവദിച്ചുകൊണ്ട് ജീവിതത്തിൽ മുന്നോട്ട് പോകാൻ അവരെ ആഹ്വാനം ചെയ്‌തു. തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുമായി സംസാരിക്കുകയും, തങ്ങളുടെ വേരുകൾ കണ്ടുപിടിച്ച്, കൂടുതൽ ഉറച്ച ഒരു തലത്തിൽ ഭാവിയുടെ അടിത്തറയുറപ്പിക്കാൻ യുവജനങ്ങളോട് പാപ്പാ ആവശ്യപ്പെട്ടു. അതുവഴി ജീവിതത്തിൽ വിശ്വാസത്തോടും, കുടുംബം, ഐക്യം, സമാധാനം എന്നിവയുടെ മൂല്യം തിരിച്ചറിഞ്ഞും ജീവിക്കാൻ പാപ്പാ അവരെ ക്ഷണിച്ചു.

അഭയാർത്ഥികളായി എത്തിയവരോടുള്ള, പ്രത്യേകിച്ച് ഉക്രൈനിൽനിന്നുള്ള അഭയാർത്ഥികളോടുള്ള ഹംഗറിയുടെ പ്രത്യേക പരിഗണനയ്ക്ക് പാപ്പാ നന്ദി പറഞ്ഞു. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യരെക്കൂടി ഉൾക്കൊള്ളാനുള്ള ഹംഗറിയിലെ ജനങ്ങളുടെ ശ്രമങ്ങൾ താൻ പ്രത്യേകം വിലമതിക്കുന്നുവെന്ന് പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2024, 16:07