സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ മറക്കരുത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മനുഷ്യർക്ക്, പ്രത്യേകിച്ച് അബലരായ ആളുകൾക്ക് ആസ്സിയോണെ കത്തോലിക്കാ എന്ന കത്തോലിക്കാപ്രവർത്തനസംഘടന ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ നാമൊരിക്കലും മറക്കരുതെന്ന് സംഘടനാംഗങ്ങളെ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. "തുറന്ന കരങ്ങളോടെ" എന്ന വിഷയത്തെ ആധാരമാക്കി, കത്തോലിക്കാപ്രവർത്തനസംഘടന നടത്തിയ ഒത്തുചേരലിൽ സംബന്ധിച്ച ഏതാണ്ട് അറുപതിനായിരത്തോളം ആളുകൾക്ക് ഏപ്രിൽ 25 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
ജനനം മുതൽ മരണം വരെ, സ്വീകാര്യതയുടെ അടയാളമായ തുറന്ന കരങ്ങളാണ് നാം കാണുന്നതെന്ന് പറഞ്ഞ പാപ്പാ, നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ആശ്ലേഷത്താൽ നാം സംരക്ഷിക്കപ്പെടുന്നവരാണെന്ന് ഓർമ്മിപ്പിച്ചു. ലഭിക്കാതിരിക്കുന്നതും, രക്ഷിക്കുന്നതും, ജീവിതത്തെ മാറ്റിമറിക്കുന്നതുമായ മൂന്ന് തരം ആശ്ലേഷങ്ങളെക്കുറിച്ച് പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
ലോകത്ത് സ്വീകാര്യതയുടെ അടയാളമായ ആശ്ലേഷം പലപ്പോഴും ഇല്ലാതാകുന്നെന്നും, ചിലയിടങ്ങളിൽ അവ സ്വീകാര്യമല്ലാതായിത്തീരുന്നെന്നും ഓർമ്മിപ്പിച്ച പാപ്പാ, ആശ്ലേഷം, ചുരുട്ടിയ മുഷ്ടിയായി മാറുന്നത് അപകടകാരണമെന്ന് ഓർമ്മിപ്പിച്ചു. ഉണ്ടാകാതിരുന്ന ആശ്ലേഷങ്ങളോ, മുൻവിധികളാൽ നിരസിക്കപ്പെട്ട ആശ്ലേഷങ്ങളോ പല യുദ്ധങ്ങളുടെ പോലും കാരണമായിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. ആശ്ലേഷത്തിന്റെ മാർഗ്ഗം ജീവന്റെ മാർഗ്ഗമാണെന്ന് സാക്ഷ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുമെന്ന് കത്തോലിക്കാപ്രവർത്തനസംഘടനയിലെ അംഗങ്ങളോട് പാപ്പാ പറഞ്ഞു.
രക്ഷിക്കുന്ന ആശ്ലേഷം എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ആശ്ലേഷം കൂടുതൽ പ്രാധാന്യമർഹിക്കുന്നതാകുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി നിൽക്കുന്നത്, നമ്മെ ആലിംഗനം ചെയ്യുന്ന കരുണാമയനായ ദൈവമാണെന്ന് പാപ്പാ പറഞ്ഞു. പിതാവായ ദൈവത്തിന്റെ ആലിംഗനമാണ് ക്രിസ്തുവിലും, ക്ഷമയുടെയും സൗഖ്യത്തിന്റേതും, വിമോചിനത്തിന്റേതും, സേവനത്തിന്റേതുമായ അവന്റെ പ്രവൃത്തികളിലും നമുക്ക് കാണാനാകുന്നതെന്ന് പാപ്പാ വിശദീകരിച്ചു. വിശുദ്ധ കുർബാനയിലും കുരിശിലുമാണ് ഇത് അതിന്റെ പരമോന്നതിയിലെത്തുന്നത്. ദൈവത്താൽ ആലിംഗനം ചെയ്യപെടാനായി നമ്മെത്തന്നെ ശിശുക്കളെപ്പോലെ വിട്ടുകൊടുക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.
പുതിയ വഴികൾ കാണിച്ചുതരാനും, പ്രത്യാശയുടെ മാർഗ്ഗങ്ങൾ തുറക്കാനും ഒരു ആലിംഗനത്തിന് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. ഇങ്ങനെയുള്ള ഒരു ആശ്ലേഷം, നിരവധി വിശുദ്ധരുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടെന്ന് പറഞ്ഞ പാപ്പാ, ഒരു കുഷ്ഠരോഗിയെ ആശ്ലേഷിച്ച ഫ്രാൻസിസ് അസ്സീസിയുടേത് ഇതിനുദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി. എല്ലാമുപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരാൻ വിശുദ്ധനെ പ്രേരിപ്പിച്ചത് ഇങ്ങനെയൊരു ആശ്ലേഷമായിരുന്നു.
സഹനങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന മനുഷ്യരെ, കരുണയുടെയും സഹാനുഭൂതിയുടെയും കരങ്ങളോടെ ആലിംഗനം ചെയ്യാനായാൽ, നിങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യമായി മാറാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുവഴി സമൂഹത്തിലും, സംസ്കാരത്തിലും, രാഷ്ട്രീയത്തിലും, സാമ്പത്തികരംഗത്തും സുവിശേഷമനുസരിച്ചുള്ള മാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങൾ നൽകാൻ നിങ്ങൾക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡിന്റെ മൂന്നാമത്തെ ഘട്ടത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, നിലവിലെ പ്രവാചകദശയിൽ, സഭയുടെ മിഷനറി ജീവിതത്തിനും, നമ്മുടെ ഈ കാലഘട്ടത്തിനും പുതിയ ഒരു ഊർജ്ജം പകരാനുള്ള അതിന്റെ കടമയെക്കുറിച്ച് ഓർമ്മിപ്പിച്ചു. ആത്മാവിനാൽ പ്രേരിതരായ പ്രതീക്ഷയുടെ തീർത്ഥാടകരും, സിനഡാത്മകതയുടെ പ്രവർത്തകരുമാകാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: