തിരയുക

കർദ്ദിനാൾ പേദ്രോ റുബിയാനോ സായെൻസ് - ഫയൽ ചിത്രം കർദ്ദിനാൾ പേദ്രോ റുബിയാനോ സായെൻസ് - ഫയൽ ചിത്രം 

കർദ്ദിനാൾ സായെൻസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

ഏപ്രിൽ 15 തിങ്കളാഴ്ച മരണമടഞ്ഞ കൊളംബിയയിൽനിന്നുള്ള കർദ്ദിനാൾ പേദ്രോ റുബിയാനോ സായെൻസിന്റെ വിയോഗത്തിൽ ദുഃഖാർത്ഥരായ സഭംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഫ്രാൻസിസ് പാപ്പായുടെ അനുശോചനം. സഭയുടെ നന്മയ്ക്കായി ജീവിതം സമർപ്പിച്ച ഇടയാനായിരുന്നു കർദ്ദിനാൾ സായെൻസെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഏപ്രിൽ പതിനഞ്ച് തിങ്കളാഴ്ച കൊളമ്പിയയിൽ അന്തരിച്ച കർദ്ദിനാൾ പേദ്രോ റുബിയാനോ സായെൻസിന്റെ വിയോഗത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനസന്ദേശമറിയിച്ചു. ബോഗൊതാ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് ഹൊസേ റുയേദ അപരീസിയോയ്ക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ, അതിരൂപതയുടെ മൂന്നദ്ധ്യക്ഷൻ കൂടിയായിരുന്ന കർദ്ദിനാൾ സായെൻസിന്റെ കുടുംബാംഗങ്ങൾക്കും, കൊളംബിയയിലെ സഭാംഗങ്ങൾക്കും, മൃതസംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുന്ന ഏവർക്കും അനുശോചനങ്ങൾ അറിയിക്കുന്നുവെന്ന് പാപ്പാ എഴുതി.

സഭയിൽ നിസ്വാർത്ഥസേവനം അനുഷ്ടിച്ച ഈ ഇടയൻ, തന്റെ ജീവിതം മുഴുവനും സഭയുടെ നന്മയ്ക്കായാണ് വിനിയോഗിച്ചതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. പൂർണ്ണമായ സമർപ്പണബോധത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. പരേതനെ ചിക്വിൻക്വിര മാതാവിന്റെ മാതൃതുല്യമായ മാധ്യസ്ഥ്യത്തിന് ഏൽപ്പിക്കുന്നുവെന്നും പാപ്പാ എഴുതി. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമായി, ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

കൊളമ്പിയയിലെ കർത്താഗോയിൽ 1932 സെപ്റ്റംബർ 13-ന് ജനിച്ച കർദ്ദിനാൾ സായെൻസിന് 91 വയസ്സായിരുന്നു. 2001 ഫെബ്രുവരി 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തിയത്. മൂന്ന് പ്രാവശ്യം കൊളമ്പിയ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

കർദ്ദിനാൾ തിരുസംഘം

കർദ്ദിനാൾ സായെൻസിന്റെ നിര്യാണത്തോടെ കർദ്ദിനാൾ തിരുസംഘത്തിന്റെ അംഗബലം 237 ആയി കുറഞ്ഞു. ഇവരിൽ 128 പേര് വോട്ടവകാശമുള്ളവരും, 109 പേർ വോട്ടവകാശമില്ലാത്തവരുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2024, 13:57