തിരയുക

അംഗങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ അംഗങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ   (Vatican Media)

സന്ന്യാസജീവിതത്തിനു അപ്പസ്തോലിക ധൈര്യം ഏറെ ആവശ്യം: ഫ്രാൻസിസ് പാപ്പാ

നേതൃത്വത്തിനു വേണ്ടിയുള്ള പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കനോസിയൻ ഉപവിയുടെ സഹോദരങ്ങളുമായും , വിശുദ്ധ ഗബ്രിയേൽ സഭയിലെ അംഗങ്ങളുമായും ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം ഇരുപത്തിയൊമ്പതാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നേതൃത്വത്തിനു  വേണ്ടിയുള്ള പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന  കനോസിയൻ ഉപവിയുടെ സഹോദരങ്ങളുമായും ,   വിശുദ്ധ ഗബ്രിയേൽ സഭയിലെ  അംഗങ്ങളുമായും  ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം ഇരുപത്തിയൊമ്പതാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. ഇരു സഭകളെയും സ്ഥാപിച്ചവരിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവിന്റെ വലിയ പ്രചോദനത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

ആത്മാവിന്റെ ഈ പ്രചോദനമാകണം പൊതുതിരഞ്ഞെടുപ്പിന്റെ  സമയത്ത് അംഗങ്ങളിൽ നിലനിൽക്കേണ്ടതെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് അനുകമ്പയോടെ ജീവിക്കുന്നതിനും, കഴിഞ്ഞ കാലത്തെ നന്ദിയോടെ സ്മരിക്കുന്നതിനും, പരസ്പരം ശ്രദ്ധപുലർത്തിക്കൊണ്ടും, കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും വർത്തമാനകാലം ഫലപ്രദമാക്കുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് കനോസിയൻ സഹോദരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, കാനോസയിലെ മാഗ്ദലീൻ പകർന്നുതന്ന പ്രേഷിതചൈതന്യം ഇന്നും സഭയിൽ തുടരുന്നതിനു സഹോദരങ്ങൾക്ക് നന്ദി അർപ്പിച്ചു. ഇത്തവണത്തെ ആപ്തവാക്യമായ, 'അഗ്നിയായി മാറാത്തവർ അഗ്നി പകരുന്നില്ല', എന്ന ചിന്തയും പാപ്പാ പങ്കുവച്ചു.

എന്നാൽ, ഇന്നത്തെ ലോകത്തിൽ, ആത്മാവിന്റെ അഗ്നി പകരുന്നതിനു പകരം അവ അണച്ചുകളയുന്ന അവസ്ഥാവിശേഷം  സന്ന്യാസ സമൂഹങ്ങളിൽ ഉടലെടുക്കുന്നതിൽ തനിക്കുള്ള സങ്കടവും പാപ്പാ അടിവരയിട്ടു. ബുദ്ധിമുട്ടുകൾ ഏറുമ്പോൾ ക്രൂശിതനെ നോക്കിക്കൊണ്ട്, മറ്റുള്ളവരെ സേവിക്കുവാൻ നമ്മുടെ കരങ്ങളും, ഹൃദയവും തുറക്കുമ്പോഴാണ് ജീവിതത്തിന്റെ അർഥം ഉൾക്കൊള്ളാൻ സാധിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന്, ഗബ്രിയേലിയൻ സഹോദരങ്ങളെയും പാപ്പാ അഭിസംബോധന ചെയ്തു. അവരുടെ സ്ഥാപകരായ വിശുദ്ധ  ലൂയിസ് മോണ്ട്ഫോർട്ടും, ഫാ. ഗബ്രിയേലേ ദേഷായെസും കാട്ടിത്തന്ന ജീവിതമാതൃക ഇന്ന് മുപ്പത്തിനാലു രാജ്യങ്ങളിൽ, സമൂഹത്തിലെ അധഃസ്ഥിതരായ ജനതയ്ക്കുവേണ്ടി, പ്രത്യേകമായും അന്ധരും, മൂക ബധിരരുമായ മക്കൾക്കുവേണ്ടി ജീവിക്കുന്ന നിരവധി സമർപ്പിതരെ ഉരുവാക്കിയ, ദൈവീക പരിപാലനയെ പാപ്പാ എടുത്തു പറഞ്ഞു. 

വെല്ലുവിളികൾ ഏറെ നിറഞ്ഞ ഒരു സമൂഹത്തിൽ ഇപ്രകാരം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെങ്കിൽ, അപ്പസ്തോലിക ധൈര്യം ഏറെ ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. ശ്രവണവും, ധൈര്യവും നമ്മുടെ ജീവിതത്തിൽ പുലരുവാൻ വിശ്വാസവും, എളിമയും ഏറെ ആവശ്യമെന്നും പാപ്പാ അടിവരയിട്ടു.

സ്വാർത്ഥതയാൽ വിഭജിതമായിരിക്കുന്ന ഒരു ലോകത്ത് ഐക്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സന്ന്യാസസമൂഹങ്ങളിൽ ഇപ്രകാരം വൈവിധ്യങ്ങളിൽ ഐക്യം രൂപപ്പെടുത്തുവാൻ, പരിശുദ്ധാത്മാവിനോട് ചേർന്നു പ്രവർത്തിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2024, 11:51