വൈവിധ്യത്തോടുള്ള ബഹുമാനം ജനാധിപത്യ ആവശ്യമാണ്: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ, കസാഖിസ്ഥാൻ സർക്കാരിന്റെ പിന്തുണയോടെ വത്തിക്കാനിൽ വച്ച് നടക്കുന്ന പരമ്പരാഗത, ലോക മതനേതാക്കളുടെ സമ്മേളനത്തിലെ അംഗങ്ങളുമായി ഏപ്രിൽ മാസം നാലാം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. തദവസരത്തിൽ, നൂർ സുൽത്താൻ നാസർബയേവ് കേന്ദ്രവും, വത്തിക്കാൻ മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയും തമ്മിൽ നടത്തിയ ധാരണാപത്രത്തിന്റെ ആദ്യഫലങ്ങൾ കാണുവാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പാപ്പാ എടുത്തു പറഞ്ഞു.
കസാഖിസ്ഥാൻ രാഷ്ട്രം സമൂഹത്തിനു നൽകുന്ന വലിയ സംഭാവനകളെ പാപ്പാ അനുസ്മരിച്ചു. മതങ്ങൾ, വിവിധ സാമൂഹ്യ സംഘടനകൾ, സംസ്കാരങ്ങൾ എന്നിവയ്ക്കിടയിൽ ഐക്യം വളർത്തിയെടുക്കുവാൻ സർക്കാർ നൽകുന്ന സേവനങ്ങൾ പാപ്പാ എടുത്തു പറഞ്ഞു. വൈവിധ്യത്തോടുള്ള ബഹുമാനം, "പൊതുഭവന"ത്തോടുള്ള പ്രതിബദ്ധത, സമാധാന സംസ്ഥാപനത്തിനായുള്ള പ്രോത്സാഹനം എന്നീ മൂന്നു വശങ്ങൾ പാപ്പാ അടിവരയിട്ടു.
വൈവിധ്യത്തോടുള്ള ബഹുമാനം ജനാധിപത്യത്തിലെ ആവശ്യഘടകവും,അത് എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രം മതേതരമാകുമ്പോൾ, അത് ഐക്യം സൃഷ്ടിക്കുന്നതിന് ഏറെ സംഭാവനകൾ നൽകുന്നുവെന്നും, എന്നാൽ ആ മതേതരത്വം ആശയക്കുഴപ്പങ്ങൾക്ക് ഇടവരുത്താതെ പൊതുനന്മയ്ക്കായും, സേവനത്തിനായും ഉപകരിക്കത്തക്കവിധം ആരോഗ്യകരമാകണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
അതുപോലെതന്നെ സൃഷ്ടിയുടെ സംരക്ഷണത്തിനായി രാഷ്ട്രം നൽകുന്ന സേവനങ്ങൾ പാപ്പാ അനുസ്മരിച്ചു. സ്നേഹിക്കപ്പെടാനും പരിപാലിക്കാനും നൽകപ്പെട്ട ഒരു ദൈവിക സമ്മാനമാണ് സൃഷ്ടി. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് രാഷ്ട്രം നൽകുന്ന വികസന ആശയങ്ങൾ മാതൃകാപരമാണെന്നും പാപ്പാ പറഞ്ഞു. സൃഷ്ടിയോടുള്ള ആദരവ്, വാസ്തവത്തിൽ, സ്രഷ്ടാവിനോടുള്ള സ് നേഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത പ്രതിഫലനമാണെന്നും പാപ്പാ അടിവരയിട്ടു.
തുടർന്ന് കൂട്ടായ്‌മയുടെ ലക്ഷ്യമായ സമാധാനത്തിനായുള്ള പ്രോത്സാഹനവും പാപ്പാ ചൂണ്ടിക്കാണിച്ചു. യുദ്ധത്തെക്കുറിച്ചുള്ള ചർച്ചകളും, പ്രസംഗങ്ങളും ഇന്ന് ഒരു ലൗകികവ്യവഹാര രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ നാം സമാധാനത്തെക്കുറിച്ച് സംസാരിക്കണമെന്നും , സമാധാനത്തെക്കുറിച്ച് സ്വപ്നം കാണണമെന്നും, ജനങ്ങളുടെയും ജനങ്ങളുടെയും യഥാർത്ഥ പ്രതീക്ഷകളായ സമാധാനത്തിന്റെ പ്രതീക്ഷകൾക്ക് സർഗ്ഗാത്മകതയും ദൃഢതയും നൽകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: