തടവറകൾ പുനർജന്മത്തിന്റെ ഇടങ്ങളായി മാറണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഏപ്രിൽ മാസം 28 നു ഫ്രാൻസിസ് പാപ്പാ വെനീസിലേക്കു നടത്തിയ അപ്പസ്തോലികയാത്രാവേളയിൽ, വെനീസിലെ വനിതാജയിലിൽ സന്ദർശനം നടത്തുകയും, അന്തേവാസികളുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു. വെനീസിലെ പാപ്പായുടെ ഔദ്യോഗികസന്ദർശനത്തിന്റെ ആരംഭമാണ് തടവറയിൽ നടന്ന കൂടിക്കാഴ്ച. എന്നാൽ ഔദ്യോഗികതയുടെ മേമ്പൊടി ചേർക്കാതെ, സാഹോദര്യവും വാത്സല്യവും തുളുമ്പുന്ന ഒരു കണ്ടുമുട്ടലാണ് അന്തേവാസികൾക്കൊപ്പം നടത്തുന്നതെന്ന് തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ പാപ്പാ എടുത്തു പറഞ്ഞു.
തടവറയിൽ അന്തേവാസികൾക്കൊപ്പം തന്നെ ഒരുമിപ്പിച്ചത് കർത്താവാണെന്നു പാപ്പാ പറഞ്ഞു. വേദനാജനകമായ വ്യത്യസ്ത പാതകളിലൂടെ ഈ ഒരു സ്ഥലത്ത് എത്തിച്ചേർന്ന എല്ലാവരെയും ദൈവം സ്വീകരിക്കുന്നുവെന്നും, അതിനാൽ നമ്മുടെ ജീവിതത്തിൽ സവിശേഷമായവ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും, സ്വീകരിക്കുവാനും നമുക്ക് സാധിക്കണമെന്നും പാപ്പാ അടിവരയിട്ടു.
തടവറയെന്നത് കഠിനമായ ഒരു യാഥാർഥ്യമാണ്.നിരവധി പ്രശ്നങ്ങൾ ഇതിന്റെ ഉള്ളറകളിൽ ഉണ്ടെന്നിരിക്കിലും, ഇത് ധാർമ്മികവും ഭൗതികവുമായ പുനർജന്മത്തിന്റെ ഒരു സ്ഥലമായി മാറണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. പരസ്പര ബഹുമാനത്തിലൂടെയും, വിവിധ കഴിവുകളുടെ പ്രോത്സാഹനത്തിലൂടെയും, പരിപാലനയിലൂടെയും, മാനുഷികമായ അന്തസ്സ് വീണ്ടെടുക്കുവാൻ പരസ്പരമുള്ള സഹകരണവും പാപ്പാ ചൂണ്ടിക്കാട്ടി.
അതിനാൽ ജയിലിൽ കഴിയുന്നവർക്ക്, ആരോഗ്യകരമായ പുനഃസംയോജനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ പുതിയ സാധ്യതകൾ ഉരുവാകണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. എപ്പോഴും ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കണമെന്നും, അതിലേക്ക് നടന്നടുക്കണമെന്നും പാപ്പാ എല്ലാവരെയും ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് എല്ലാവരെയും പാപ്പാ സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: