വിശുദ്ധ പത്താം പീയൂസിന്റെ പുണ്യങ്ങൾ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പത്താം പിയൂസ് പാപ്പായുടെ വ്യക്തിത്വത്തെ താൻ എന്നും സ്നേഹിച്ചിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. താൻ ബൊയ്നെസ് അയ്റെസിൽ ആയിരുന്ന വർഷങ്ങളിൽ, മതബോധനത്തിന്റെ പാപ്പാ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ പത്താം പീയൂസിന്റെ തിരുനാൾ ആഘോഷിക്കുന്ന ഓഗസ്റ്റ് 21-ന്, അതിരൂപതയിലെ മതാദ്ധ്യാപകരെ വിളിച്ചുകൂട്ടിയിരുന്നുവെന്ന് പരിശുദ്ധപിതാവ് എഴുതി. "പത്താം പിയുസിന് ഉപഹാരം. സമകാലിക ഛായാചിത്രങ്ങൾ" എന്ന പേരിൽ, ഇറ്റലിയിലെ ത്രെവീസൊയിൽനിന്നുള്ള മോൺസിഞ്ഞോർ ലൂച്ചിയോ ബോനോറ പ്രസിദ്ധീകരിച്ച പുസ്തകത്തിന് നൽകിയ അവതരികയിലാണ് പത്താം പീയൂസിന്റെ വ്യക്തിത്വം തന്നിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചത്.
പത്താം പിയൂസ്, സൗമ്യനും എന്നാൽ അതേസമയം ശക്തനുമായ ഒരു വ്യക്തിയായിരുന്നുവെന്ന് പാപ്പാ എഴുതി. എളിമയും വ്യക്തതയുമുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും, വിശുദ്ധ കുർബാന കൂടാതെയും, വെളിവാക്കപ്പെട്ട വിശ്വാസസത്യങ്ങൾ സ്വീകരിക്കാതെയും ജീവിച്ചാൽ, വ്യക്തിപരമായ വിശ്വാസം ദുർബലമാവുകയും ഇല്ലാതാകുകയും ചെയ്യുമെന്ന് അദ്ദേഹം പഠിപ്പിച്ചുവെന്നും പാപ്പാ സാക്ഷ്യപ്പെടുത്തി.
റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തിന് സഹായിച്ചതിൽ ഈശോസഭ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും, അതിന്റെ സ്ഥാപനം വഴിയുണ്ടായ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ ഫലങ്ങൾ സഭ മുഴുവനും അനുഭവിക്കുന്നുണ്ടെന്നും പാപ്പാ എടുത്തുപറഞ്ഞു.
ലോകമഹായുദ്ധത്തിന്റെ കെടുതികളെയോർത്ത് വിശുദ്ധ പത്താം പിയൂസ് പാപ്പാ വിലപിച്ചത് അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ, ലോകം ഇന്ന് കടന്നുപോകുന്ന സംഘർഷാവസ്ഥയിൽ, താൻ വിശുദ്ധന്റെ സാമീപ്യം അടുത്തറിയുന്നുണ്ടെന്ന് എഴുതി. യുദ്ധത്തിന്റെ ആദ്യ ഇര താനാണെന്ന് വിശുദ്ധ പത്താം പിയൂസ് കരുതിയിരുന്നുവെന്ന് പാപ്പാ ഓർമ്മിച്ചു.
കൊച്ചുകുട്ടികൾ, ദരിദ്രർ, ഭൂകമ്പ ബാധിതർ, അവശത അനുഭവിക്കുന്നവർ, പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ ജീവിത ക്ലേശങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്നവർ എന്നിങ്ങനെ, സഹിക്കുന്ന മനുഷ്യർക്കൊപ്പമായിരിക്കാൻ പത്താം പിയൂസ് പാപ്പാ ശ്രമിച്ചിരുന്നുവെന്ന് പാപ്പാ എഴുതി. അജപാലനരംഗത്ത് ശക്തമായ ഒരു മാതൃകയായിരുന്നു അദ്ദേഹത്തിന്റേതെന്ന് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ പറഞ്ഞത് ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു.
സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ, വിശ്വാസികളും വൈദികരും അദ്ദേഹത്തെ വിശുദ്ധനെന്ന് വിളിച്ചിരുന്നുവെന്ന കാര്യം പാപ്പാ തന്റെ ആമുഖത്തിൽ കുറിച്ചു. വിശുദ്ധ പത്താം പീയൂസിന്റെ തിരുശേഷിപ്പുകൾ വടക്കേ ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ കൊണ്ടുപോകുവാൻ താൻ കഴിഞ്ഞ വർഷം അനുവദിച്ചതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, ആയിരക്കണക്കിന് വിശ്വാസികൾ, പ്രാർത്ഥനാപൂർവ്വം ആ യാത്രയിൽ പങ്കെടുത്തത് അനുസ്മരിച്ചു. ഭൂതകാലത്തിന്റെയോ, പ്രത്യേക ഗ്രൂപ്പുകളുടെയോ മാത്രമല്ല, സുവിശേഷത്തോടും, സഭയിലെ ഇടയന്മാരോടും വിശ്വസ്തതയോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരും, വിശുദ്ധരെ തങ്ങളുടെ മാതൃകകളായി കാണുന്നവരുമായ എല്ലാവരുടേയും സ്വന്തമായി കാണാൻ പറ്റുന്ന ഒരു വ്യക്തിത്വമാണ് പത്താം പീയൂസിന്റേതെന്ന് ഫ്രാൻസിസ് പാപ്പാ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: