ഏവരെയും ഉൾക്കൊള്ളുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
രോഗികളെയും, അംഗവൈകല്യമുള്ളവരെയും വയോധികരെയും ഒരു ഭാരമായി കാണുന്ന സംസ്കാരത്തിനെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ. ലോകത്ത് നടമാടുന്ന വലിച്ചെറിയൽ സംസ്കാരത്തിന് മുൻപിൽ, ഏവരെയും ഉൾക്കൊള്ളാൻ പഠിപ്പിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. സാമൂഹ്യശാസ്ത്രവിഭാഗങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി അംഗങ്ങളുടെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരെ ഏപ്രിൽ 11 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് ദുർബലവിഭാഗങ്ങൾക്ക് ലഭിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
രോഗികളെയും, അംഗവൈകല്യമുള്ളവരെയും ഒരു ഭാരമായി കാണുന്ന മനോഭാവം മരണത്തിന്റെയും വലിച്ചെറിയലിന്റെയും ഒരു സംസ്കാരത്തെയാണ് വളർത്തുകയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അംഗവൈകല്യത്തോടെ ജനിക്കാൻ സാധ്യതയുള്ള കുട്ടികളുടെ അബോർഷൻ, തീരാവ്യാധികളിലൂടെ കടന്നുപോകുന്നവരുടെ ദയാവധം എന്നിങ്ങനെയുള്ള തിന്മകളിലേക്ക് ഇത് നയിക്കും.
അംഗവൈകല്യങ്ങളുള്ളവരെയും പൊതുസമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. ഇത്തരം കാര്യങ്ങളിൽ മുന്നിട്ടുനിൽക്കുന്ന സംഘടനകൾ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
എല്ലായിടങ്ങളിലും ദുർബലവിഭാഗങ്ങളുടെ ഉന്നമനം ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി, സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്ന രാജ്യങ്ങൾ, ദാരിദ്ര്യരാജ്യങ്ങളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ അനുസ്മരിച്ചു.
അംഗവൈകല്യമുള്ളവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച പാപ്പാ, തങ്ങളുടെ കഴിവുകളെ വികസിപ്പിക്കാൻ അവരെ സഹായിക്കുന്നതിൽ ഏവർക്കുമുള്ള പങ്ക് എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: