തിരയുക

പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

സഹനങ്ങളും രോഗങ്ങളും പക്വതയിലേക്ക് വളരാനുള്ള സാദ്ധ്യതകളാകാം: ഫ്രാൻസിസ് പാപ്പാ

സഹനങ്ങളും രോഗങ്ങളും പ്രതിരോധിക്കപ്പെടേണ്ട പ്രശനങ്ങളാണെങ്കിലും, മനുഷ്യയോഗ്യമായ രീതിയിൽ വേണം അവയ്ക്ക് പരിഹാരം കാണേണ്ടതെന്നും, അവയെ മൂടിവയ്ക്കുന്നതിലല്ല വിവേകമെന്നും പാപ്പാ. പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെ, എല്ലാ മനുഷ്യരെയും ബാധിക്കുന്ന രോഗങ്ങളും സഹനങ്ങളും ഇല്ലാതാക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പാപ്പാ ഉദ്‌ബോധിപ്പിച്ചു. സഹാനുഭൂതിയോടെ മറ്റുള്ളവർക്ക് സമീപസ്ഥരായിരുന്നുകൊണ്ട് അവരെ ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രോഗദുരിതങ്ങളും മനുഷ്യർ അനുഭവിക്കുന്ന സഹനങ്ങളും മനുഷ്യാന്തസ്സിന് യോജിച്ച വിധത്തിൽ അഭിമുഖീകരിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പാ. രോഗങ്ങളും സഹനവും വിശുദ്ധ ഗ്രന്ഥത്തിൽ എന്ന വിഷയത്തെ ആധാരമാക്കി തയ്യാറാക്കിയ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ച പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അംഗങ്ങളെ ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. രോഗങ്ങളും, ദൗർബല്യങ്ങളും, മരണവുമായി ബന്ധപ്പെട്ട ഈ അന്വേഷണം എല്ലാ മനുഷ്യരുമായി ബന്ധപ്പെട്ട ഒന്നാണെന്ന് പാപ്പാ അനുസ്മരിച്ചു. മുറിവേറ്റ നമ്മുടെ മാനവികപ്രകൃതി, തിന്മയുടെയും വേദനയുടെയും തിക്തഫലങ്ങൾ അനുഭവിക്കുവാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രോഗങ്ങളെയും വേദനകളെയും അഭിമുഖീകരിക്കുവാൻ സാധിച്ചാൽ അവ പക്വതയിലേക്ക് വളരാൻ നമ്മെ സഹായിക്കുന്ന സാഹചര്യങ്ങളായി മാറുമെന്ന് നിരവധി ആളുകളുടെ ജീവിതസാക്ഷ്യം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ജീവിതത്തിൽ യഥാർത്ഥത്തിൽ ആവശ്യമായവ ഏതെന്ന് തിരിച്ചറിയാൻ ഇത്തരം സാഹചര്യങ്ങൾ നമ്മെ പഠിപ്പിക്കുമെന്നും, യേശുവിന്റെ ജീവിതോദാഹരണമാണ് ഈയൊരു മാർഗ്ഗം നമുക്ക് കാണിച്ചുതരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സഹനത്തിലും രോഗാനുഭവങ്ങളിലും കൂടി കടന്നുപോകുന്നവരെ സഹായിക്കാനും, അതേസമയം, നമ്മുടെ സഹനങ്ങളെ ക്രിസ്തുവിന്റെ രക്ഷാകരമായ ബലിയോടൊപ്പം ചേർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സഹനങ്ങളും രോഗങ്ങളും പ്രതിരോധിക്കപ്പെടേണ്ടവയാണെന്നും എന്നാൽ അവ മനുഷ്യന് യോജിച്ച വിധത്തിൽ വേണം ചെയ്യേണ്ടതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. തങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള ചിത്രം മോശമാകാതിരിക്കാനായി, അവയെ തമസ്കരിക്കുന്നതിലൂടെയല്ല ഈ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.

ക്രിസ്തുവിന്റെ ജീവിതത്തിൽ ഉടനീളം അവൻ സഹനത്തിലായിരിക്കുന്ന മനുഷ്യരോട് സഹാനുഭൂതിയോടെയാണ് പെരുമാറിയതെന്ന് ഓർമ്മിപ്പിപ്പിച്ച പാപ്പാ, നമ്മുടെ ജീവിതത്തിലും ഇതേ സഹാനുഭൂതിയുണ്ടാകേണ്ടതിന്റെയും, അതുവഴി മറ്റുള്ളവരോട് സമീപസ്ഥരായിരിക്കേണ്ടതിന്റെയും  ആവശ്യകതയെക്കുറിച്ച് എടുത്തുപറഞ്ഞു.

മറ്റുള്ളവരെ, പ്രത്യേകിച്ച് സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ ഉൾക്കൊള്ളാനുള്ള മനോഭാവമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ ഉദ്‌ബോധിപ്പിച്ചു. രോഗങ്ങളിലൂടെയും വിഷമാവസ്ഥയിലൂടെയും കടന്നുപോകുന്നവർക്ക് ക്രിസ്തു തന്റെ ജീവിതകാലത്ത് സമീപസ്ഥനായിരുന്നതുപോലെ, നാമും ആരെയും അവഗണിക്കാതെ, മനുഷ്യരുടെ ആത്മശരീരങ്ങളിൽ സൗഖ്യം ഉറപ്പാക്കുവാനായി, അവർക്ക് സമീപസ്ഥരായിരിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. ഇത് പങ്കുവയ്ക്കലിന്റെ മനോഭാവത്തിലേക്ക് നമ്മെ നയിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. നല്ല സമരിയക്കാരന്റെ ഉപമ, മറ്റുള്ളവരുടെ ദൗർബല്യങ്ങളെ എങ്ങനെ നമ്മുടേതാക്കി മാറ്റാമെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2024, 16:29