സിനഡൽ പാത കൂട്ടായ്മയുടേതാണ്: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഈശോസഭാ വൈദികരായ ഹുവാൻ അന്തോണിയോ ഘെരേരോ ആൽവെസും, ഓസ്‌ക്കാർ മർതീൻ ലോപ്പസും ചേർന്ന് രചിച്ച " ആത്മാവിലുള്ള സംഭാഷണം- വിവേചനബുദ്ധിയുടെ പ്രയോഗചാതുര്യവും, സിനഡാലിറ്റിയുടെ ക്രിയാത്മകതയും എന്ന ഗ്രന്ഥത്തിനു ഫ്രാൻസിസ് പാപ്പാ അവതാരിക എഴുതി. സ്പാനിഷ് ഭാഷയിൽ കഴിഞ്ഞ വർഷം രചിക്കപ്പെട്ട പുസ്തകത്തിന്റെ ഇറ്റാലിയൻ വിവർത്തനമാണ് ഈ വർഷം ഏപ്രിൽ മാസം മുപ്പതാം തീയതി പ്രസിദ്ധീകരിച്ചത്.
അവതാരികയിൽ സിനഡൽ സഭയായി എല്ലാവരും കൂട്ടായ്മയിൽ യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു. ആത്മാവിലുള്ള സംഭാഷണമെന്ന നിലയിൽ ഇരു രചയിതാക്കളും തമ്മിൽ നടത്തിയ ആത്മീയ സംഭാഷണങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നുവെന്ന് പാപ്പാ എടുത്തു പറഞ്ഞു. ആത്മാവിനെ ശ്രവിക്കുന്ന ഒരു അനുഭവം വളർത്തിയെടുക്കുന്നതിനു സ്വയം രൂപാന്തരപ്പെടുത്തുന്ന ഒരു ജീവിത ശൈലി, ചരിത്രസത്യങ്ങളുടെ വെളിച്ചത്തിൽ അറിയിക്കുന്ന രചയിതാക്കളെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുന്നു.
പരിശുദ്ധാത്മാവ് യഥാർത്ഥ നായകനായി മാറുന്നതാണ് ഒരു സിനഡൽ സഭയുടെ പ്രായോഗികതയെന്നും പാപ്പാ പറഞ്ഞു. നമ്മുടെ വ്യക്തിപരമായ പ്രവൃത്തികളെല്ലാം ഒരു സഭയെന്ന നിലയിൽ നാം ഏറ്റെടുത്തിരിക്കുന്ന സിനഡൽ പാതയിലേക്ക് നയിക്കുന്നതിന് ഉതകും വിധം ഈ പുസ്തകം എല്ലാവർക്കും നൽകുന്ന ക്ഷണവും പാപ്പാ ചൂണ്ടിക്കാട്ടി. ഇതിനു ആവശ്യമായ സംഭാഷണത്തിന്റെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു. നാമെല്ലാവരും ആയിരിക്കുന്ന മഹത്തായ വൈവിധ്യത്തെ സ്വാഗതം ചെയ്തു കൊണ്ട് തന്നെ, പരസ്പര സഹകരണത്തിന്റെയും, ദൗത്യനവീകരണത്തിന്റെയും പങ്കാളിത്തപരമായ ഒരു സിനഡൽ പാതയിലേക്ക് ചരിക്കുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
പരിശുദ്ധാത്മാവിനാൽ നിറയുവാൻ, എളിമയുടെയും, പരസ്പര ബഹുമാനത്തിന്റെയും, സ്വീകാര്യതയുടെയും മനോഭാവങ്ങൾ വളർത്തിയെടുക്കുവാനുള്ള നമ്മുടെ കടമയെയും പാപ്പാ ഓർമ്മിപ്പിക്കുന്നു. ഈ കൂട്ടായ്മയിലേക്കുള്ള ഏതൊരു പാതയും അതിൽ തന്നെ അവസാനമല്ല മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗ്ഗമാണെന്നും, അതിനാൽ വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയും പാപ്പാ തന്റെ അവതാരികയിൽ കൂട്ടിച്ചേർക്കുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: