ബെനഡിക്ട് പതിനാറാമൻ ശക്തനായ ഒരു പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബെനഡിക്ട് പതിനാറാമൻ ലോലഹൃദയനും ഒപ്പം ശക്തനുമായിരുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ.
സ്പാനിഷ് പത്രപ്രവർത്തകനായ ഹവിയെർ മർത്തീനെസ് ബ്രോക്കാൽ ഫ്രാൻസീസ് പാപ്പായുമായി നടത്തിയ അഭിമുഖം ഉൾക്കൊള്ളിച്ച് രചിച്ച, ബെനഡിക്ട് പതിനാറാമൻ പാപ്പായെക്കുറിച്ചുള്ള സ്മരണകൾ അടങ്ങുന്ന, പിൻഗാമി എന്നർത്ഥം വരുന്ന “എൽ സുച്ചെസോർ” (El Sucesor) എന്ന അഭിമുഖ ഗ്രന്ഥത്തിലാണ് ഇതുള്ളത്. ഈ പുസ്തകം മൂന്നാം തീയതി ബുധനാഴ്‌ച പുറത്തിറങ്ങും.
വത്തിക്കാനിൽ വിശ്രമ ജീവിതം നയിച്ചിരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പാ തനിക്കെന്നും പിതൃതുല്യനായിരുന്നുവെന്നും സഭാഭരണകാര്യങ്ങളിൽ ഒരിക്കലും കൈകടത്തിയിട്ടില്ലെന്നും പാപ്പാ ഈ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
തന്നെ വളരാൻ അനുവദിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പാ ക്ഷമാശീലനും എന്തിലെങ്കിലും പന്തികേടു തോന്നിയാൽ അത് തന്നോടു പറയുന്നതിനു മുമ്പ് മുന്നും നാലും വട്ടം ചിന്തിക്കുമായിരുന്നുവെന്നും പാപ്പാ അനുസ്മരിക്കുന്നു. തന്നെ സ്വതന്ത്രനായി വിട്ടിരുന്ന അദ്ദേഹം മനസ്സിലാകാത്തവ സ്വാഭാവിക രീതിയിൽ തന്നോടു ചോദിക്കുമായിരുന്നുവെന്നും എന്നാൽ തീരുമാനം തനിക്കുവിടുമായിരുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.
സഭാഭരണത്തിലുള്ള തുടർച്ചയെപ്പറ്റിയും പരാമർശിക്കുന്ന പാപ്പാ കഴിഞ്ഞ കാലങ്ങളിൽ ശ്രദ്ധേയമായിട്ടുള്ള കാര്യം ഓരോ പിൻഗാമിയിലും തുടർച്ചയും വ്യതിരിക്തതയും മുദ്രിതമാണ് എന്നതാണെന്ന് വ്യക്തമാക്കുന്നു. ഈ തുടർച്ചയിൽ ഒരോ പാപ്പായും വൈക്തികമായ സിദ്ധി പ്രകടമാക്കുന്നുവെന്നും പാപ്പാ പറയുന്നു.
മാർപ്പാപ്പാമാരുടെ ശവസംസ്കാര കർമ്മങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്ന കാര്യവും പാപ്പാ ഈ അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: