സുവിശേഷഫലങ്ങൾ ജീവിതയാഥാർത്ഥ്യങ്ങളിലേക്കു സംവഹിക്കുന്നതിന് യേശുവിനോട് ചേർന്നു നില്ക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഏപ്രിൽ 28-ന് ഞായറാഴ്ച ഫ്രാൻസീസ് പാപ്പാ ഇറ്റലിയിൽ വെനീസിൽ ഇടയസന്ദർശനത്തിലായിരുന്നു. രാവിലെ വെനീസ് നഗരത്തിലെത്തിയ പാപ്പാ ജുദേക്ക ദ്വീപിൽ സ്ത്രീകളുടെ തടവറ സന്ദർശിക്കുകയും വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി വിശുദ്ധ മഗ്ദലനയുടെ ദേവാലയത്തിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തദ്ദനന്തരം ആരോഗ്യനാഥയുടെ ബസിലിക്കയിലെത്തിയ പാപ്പാ ബസിലിക്കാങ്കണത്തിൽ വച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അതിനുശേഷം, വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ വച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു. പാപ്പാ പങ്കുവച്ച ചിന്തകൾ:
ഒരു കർഷകനെപ്പോലെ നമുക്കായി അദ്ധ്വാനിക്കുന്ന ദൈവം
യേശു മുന്തിരിച്ചെടിയും നമ്മൾ ശാഖകളുമാണ്. കരുണാമയനും നല്ലവനുമായ പിതാവായ ദൈവം, നമ്മുടെ ജീവിതം ഫലസമൃദ്ധമാകുന്നതിനു വേണ്ടി, ക്ഷമയുള്ള ഒരു കർഷകനെപ്പോലെ ഉത്സാഹത്തോടെ ജോലിചെയ്യുന്നു. ഇക്കാരണത്താൽ, നമ്മുടെ ജീവിതവും ഫലപ്രാപ്തിയും ആശ്രയിച്ചുനിൽക്കുന്ന അവിടന്നുമായുള്ള ബന്ധമെന്ന അനർഘ ദാനം കാത്തുസൂക്ഷിക്കാൻ യേശു നമ്മോട് ശുപാർശ ചെയ്യുന്നു. അവിടന്ന് നിർബന്ധപൂർവ്വം ആവർത്തിക്കുന്നു: "നിങ്ങൾ എന്നിൽ വസിക്കുവിൻ.... ഞാൻ നിങ്ങളിലും വസിക്കും. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു" (യോഹന്നാൻ 15:4). യേശുവിനോട് ഐക്യത്തിലായിരിക്കുന്നന്നവർ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളൂ. നമുക്ക് ഇതെക്കുറിച്ച് ചിന്തിക്കാം.
"എന്നിൽ വസിക്കുവിൻ"
യേശു തൻറെ ഭൗമിക ദൗത്യാന്ത്യത്തിലെത്തിയിരിക്കയാണ്. തൻറെ അപ്പോസ്തലന്മാരായിത്തീരാൻപോകുന്നവരോടൊപ്പമുള്ള അന്ത്യഅത്താഴ വേളയിൽ, അവൻ അവർക്ക് ദിവ്യകാരുണ്യത്തോടൊപ്പം ചില പ്രധാന പദങ്ങളും നൽകുന്നു. അവയിലൊന്ന് കൃത്യമായി ഇതാണ്: "വസിക്കുവിൻ", താനുമായുള്ള ബന്ധം സജീവമായി നിലനിർത്തുക, മുന്തിരിവള്ളിയിലേക്കുള്ള ശാഖകൾ പോലെ തന്നോടു ചേർന്നുനിൽക്കുക. ഈയൊരു സാദൃശ്യം ഉപയോഗിക്കുക വഴി യേശു ആളുകൾക്ക് നന്നായി അറിയാവുന്നതും “സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയേണമേ, സ്വർഗ്ഗത്തിൽ നിന്നു നോക്കിക്കാണേണമേ, ഈ മുന്തിരിവള്ളിയെ പരിഗണിക്കേണമേ” (സങ്കീർത്തനം 80,15) എന്നിങ്ങനെ സങ്കീർത്തനത്തിൽ കാണുന്നതുപോലെയുള്ള പ്രാർത്ഥനയിൽ അവർ കണ്ടുമുട്ടിയതുമായ ഒരു ബൈബിൾ രൂപകം വീണ്ടും എടുക്കുന്നു. കർത്താവ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന മുന്തിരിത്തോട്ടമാണ് ഇസ്രായേൽ. കർത്താവ് പ്രതീക്ഷിക്കുന്ന സ്നേഹത്തിൻറെ ഫലം ജനങ്ങൾ പുറപ്പെടുവിക്കാതെ വരുമ്പോൾ, ഏശയ്യാ പ്രവാചകൻ ഒരു കുറ്റപത്രം തയ്യാറാക്കുന്നു. ഒരു കർഷകൻ കിളച്ച് കല്ലുകൾനീക്കി നല്ലവിത്തുകളിട്ട് നട്ടുപിടിപ്പിക്കുകയും അത് വിശിഷ്ടമായ മുന്തിരപ്പഴം നൽകുമെന്ന് പ്രതീക്ഷിക്കുകയും എന്നാൽ അത് കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിക്കുകയും ചെയ്ത ഉപമയാണ് പ്രവാചകൻ ഇതിനു ഉപയോഗിക്കുന്നത്. പ്രവാചകൻ ഉപസംഹരിക്കുന്നു: "സൈന്യങ്ങളുടെ കർത്താവിൻറെ മുന്തിരിത്തോട്ടം ഇസ്രായേൽ ഭവനമാണ്; യൂദാ നിവാസികളാണ് അവിടന്ന് ആനന്ദംകൊള്ളുന്ന കൃഷി. നീതിക്കുവേണ്ടി അവിടന്ന് കാത്തിരുന്നു, ഫലമോ രക്തച്ചൊരിച്ചിൽ മാത്രം! ധർമ്മനിഷ്ഠയ്ക്കു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി " (ഏശയ്യാ 5,7). യേശു തന്നെ, ഏശയ്യായെ ഉദ്ധരിച്ചുകൊണ്ട്, കൊലപാതകികളായ തോട്ടംതൊഴിലാളികളുടെ നാടകീയമായ ഉപമ പറയുന്നു (മത്തായി 21:33-44 കാണുക), ദൈവത്തിൻറെ ക്ഷമാപൂർവ്വമായ പ്രവൃത്തിയും അവിടത്തെ ജനത്തിൻറെ തിരസ്കരണവും തമ്മിലുള്ള അന്തരം എടുത്തുകാണിക്കുന്നു.
നമ്മോടുള്ള കരുതലും നമുക്കുള്ള മുന്നറിയിപ്പും
ആകയാൽ, മുന്തിരിച്ചെടിയുടെ രൂപകം, ഒരുവശത്ത് ദൈവത്തിന് നമ്മോടുള്ള സ്നേഹനിർഭരമായ കരുതൽ ആവിഷ്ക്കരിക്കുമ്പോൾ, മറുവശത്ത് നമുക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു, കാരണം, കർത്താവുമായുള്ള ബന്ധം നാം വിച്ഛേദിച്ചാൽ നമുക്ക് സൽ ജീവിത ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിയില്ല, മാത്രമല്ല നാം തന്നെ ഉണങ്ങിയ ശാഖകളായിത്തീരുകയും ചെയ്യും. ഉണങ്ങിയ ശാഖകളായി മാറുന്നുന്നത് മോശമാണ്, ആ ശാഖകൾ വലിച്ചെറിയപ്പെടുന്നു.
യേശുവുമായുള്ള ഐക്യം നമ്മുടെ സ്വാതന്ത്ര്യത്തെ തടയുന്നില്ല
സഹോദരീ സഹോദരന്മാരേ, യേശു ഉപയോഗിച്ച സാദൃശ്യത്തിൻറെ പശ്ചാത്തലത്തിൽ, ഞാൻ വെനീസിനെ മുന്തിരിത്തോട്ടങ്ങളുമായും വീഞ്ഞുൽപാദനമായും അനേകം വീഞ്ഞു നിർമ്മാതാക്കളുടെ കരുതലുമായും ഉൾക്കടൽ ദ്വീപുകളിലും നഗരത്തിലെ ഇടവഴികൾക്കിടയിലെ ഉദ്യാനങ്ങളിലുമുള്ള നിരവധിയായ മുന്തിരിത്തോട്ടങ്ങളുടെ പരിപാലനവുമായും ബന്ധിപ്പിക്കുന്ന നീണ്ട ചരിത്രത്തെക്കുറിച്ചും തങ്ങളുടെ സമൂഹത്തിനു വേണ്ടി വീഞ്ഞുൽപാദിപ്പിച്ചിരുന്ന സന്ന്യാസിമാരെക്കുറിച്ചും ചിന്തിക്കുന്നു. ഈ ഓർമ്മയുടെ ചട്ടക്കൂട്ടിനുള്ളിൽ, മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമയുടെ സന്ദേശം ഉൾക്കൊള്ളാൻ പ്രയാസമില്ല: യേശുവിലുള്ള വിശ്വാസം, അവനുമായുള്ള ബന്ധം നമ്മുടെ സ്വാതന്ത്ര്യത്തെ തടവിലാക്കുന്നില്ല, നേരെമറിച്ച്, ദൈവസ്നേഹ സ്രവം സ്വീകരിക്കാൻ നമ്മെ തുറന്നിടുന്നു. അത് നമ്മുടെ ആഹ്ലാദം വർദ്ധമാനമാക്കുന്നു, ഒരു നല്ല വീഞ്ഞുൽപാദകൻറെ ഔത്സുക്യത്തോടെ നമ്മെ പരിപാലിക്കുകയും നമ്മുടെ ജീവിതത്തിൻറെ നിലം വരണ്ടുപോകുമ്പോഴും ചെടിവളരാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. പലപ്പോഴും നമ്മുടെ ഹൃദയം വരണ്ടുപോകുന്നു.
എന്നാൽ യേശുവിൻറെ ഹൃദയത്തിൽ നിന്ന് വന്ന ഈ സാദൃശ്യം, നമുക്ക്, വെള്ളത്തിൽ നിർമ്മിതം എന്ന അനന്യതയാൽ ലോകത്തിലെ ഏറ്റവും എടുത്തുപറയാവുന്ന നഗരങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ നഗരത്തെക്കുറിച്ചുള്ള ചിന്തയിലൂടെയും വായിക്കാൻ കഴിയും. വെനീസ് അത് നിലകൊള്ളുന്ന വെള്ളവുമായി ഒന്നായി നില്ക്കുന്നു, അതിൻറെ സ്വാഭാവിക പ്രകൃതിയെ പരിപാലിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യാത്ത പക്ഷം അതിൻറെ അസ്തിത്വം തന്നെ ഇല്ലാതായേക്കാം. നമ്മുടെ ജീവിതവും അപ്രകാരമാണ്: ദൈവസ്നേഹത്തിൻറെ നീരുറവകളിൽ ആമഗ്നമായിരിക്കുന്ന നമ്മൾ മാമ്മോദീസായിൽ പുനർജനിച്ചു, ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിച്ചു, മുന്തിരിച്ചെടിയിലെ ശാഖകൾ പോലെ ക്രിസ്തുവിൽ ചേർക്കപ്പെട്ടു. ഈ സ്നേഹത്തിൻറെ സ്രവം നമ്മുടെ ഉള്ളിൽ ഒഴുകുന്നു, അതിൻറെ അഭാവത്തിൽ നാം ഫലം കായ്ക്കാത്ത ഉണങ്ങിയ ശാഖകളായി മാറുന്നു. വാഴ്ത്തപ്പെട്ട ജോൺ പോൾ ഒന്നാമൻ, ഈ നഗരത്തിൻറെ പാത്രിയാർക്കീസ്ആയിരുന്നപ്പോൾ ഒരിക്കൽ പറഞ്ഞു, യേശു "മനുഷ്യർക്ക് നിത്യജീവനേകാൻ വന്നു...". അദ്ദേഹം തുടർന്നു: "ആ ജീവൻ അവനിൽ ഉണ്ട്, അവനിൽ നിന്ന് അത്, മുന്തിരിച്ചെടിയുടെ തായ്തണ്ടിൽ നിന്ന് സ്രവം അതിൻറെ ശാഖകളിലേക്കൊഴുകുന്ന പോലെ, അവൻറെ ശിഷ്യന്മാരിലേക്ക് കടക്കുന്നു. അവൻ നൽകുന്നത് ശുദ്ധജലമാണ്, എപ്പോഴും ഒഴുകുന്ന ഉറവയാണത്" (അൽബീനൊ ലുചിയാനി, വെനീസ് 1975-1976. ഓപെര ഒമ്നിയ. പ്രസംഗങ്ങൾ, എഴുത്തുകൾ, ലേഖനങ്ങൾ, വാല്യം. VII, പാദുവ 2011, 158).
കർത്താവിൽ വസിക്കുകയെന്നത് നിശ്ചലമായിരിക്കുകയല്ല
സഹോദരീ സഹോദരന്മാരേ, ഇതാണ് പ്രധാനം: കർത്താവിൽ നിലനിൽക്കുക, അവനിൽ വസിക്കുക, നമുക്ക് ഒരുനിമിഷം ഇതിനെക്കുറിച്ച് ചിന്തിക്കാം: കർത്താവിൽ നിലനില്ക്കുക, അവനിൽ വസിക്കുക - അനങ്ങാതെ നിൽക്കുന്ന, നിഷ്ക്രിയമായി നിൽക്കുന്ന എന്ന് ദ്യോതിപ്പിക്കും വിധം ഈ ക്രിയയെ നിശ്ചലമായ എന്തോ ഒന്ന് എന്ന പോലെ വ്യാഖ്യാനിക്കരുത്; വാസ്തവത്തിൽ, അത് ചലിക്കാൻ നമ്മെ ക്ഷണിക്കുന്നു, കാരണം കർത്താവിൽ നിലനിൽക്കുക എന്നതിനർത്ഥം വളരുക എന്നാണ്. എല്ലായ്പ്പോഴും കർത്താവിൽ വസിക്കുക എന്നതിനർത്ഥം അവനുമായുള്ള ബന്ധത്തിൽ വളരുക, അവനുമായി സംഭാഷണത്തിലേർപ്പെടുക, അവൻറെ വചനം സ്വീകരിക്കുക, ദൈവരാജ്യത്തിലേക്കുള്ള പാതയിൽ അവനെ അനുഗമിക്കുക എന്നാണ്. അതിനാൽ അവൻറെ പിന്നാലെ പോകുക എന്നതാണ് അത്. കർത്താവിൽ വസിക്കുക, നടക്കുക അവനെ അനുഗമിക്കുക അവൻറെ സുവിശേഷത്താൽ പ്രചോദിതരാകാനും അവൻറെ സ്നേഹത്തിൻറെ സാക്ഷികളാകാനും സ്വയം അനുവദിക്കുക.
അതുകൊണ്ടാണ് യേശു പറയുന്നത് അവനിൽ വസിക്കുന്നവൻ ഫലം പുറപ്പെടുവിക്കുന്നു എന്ന്. അത് ഏതെങ്കിലുമൊരു വെറും ഫലമല്ല! സ്രവം ഒഴുകുന്ന ശാഖകളുടെ ഫലം മുന്തിരിയാണ്, മുന്തിരിയിൽ നിന്നാണ് വീഞ്ഞുണ്ടാകുന്നത്, ഇത് മിശിഹായ്ക്കടുത്ത അതിശ്രേഷ്ഠ അടയാളമാണ്. യേശു, വാസ്തവത്തിൽ, പിതാവ് അയച്ച മിശിഹാ, ദൈവത്തിൻറെ സ്നേഹത്തിൻറെ വീഞ്ഞ് മാനവ ഹൃദയത്തിലേക്ക് കൊണ്ടുവരുകയും അവനെ സന്തോഷത്താൽ നിറയ്ക്കുകയും ചെയ്യുന്നു, അവനെ പ്രത്യാശാഭരിതനാക്കുന്നു.
നാം പുറപ്പെടുവിക്കേണ്ട ഫലം
പ്രിയ സഹോദരീ സഹോദരന്മാരേ, ഇതാണ്, നമ്മുടെ ജീവിതത്തിൽ, നമ്മുടെ ബന്ധങ്ങളിൽ, നാം നിത്യേന കടന്നുപോകുന്ന ഇടങ്ങളിൽ, നമ്മുടെ സമൂഹത്തിൽ, നമ്മുടെ ജോലിയിൽ നാം പുറപ്പെടുവിക്കാൻ വിളിക്കപ്പെട്ടിക്കുന്ന ഫലം. ഇന്ന് ഈ വെനീസ് നഗരത്തെ നാം നോക്കുകയാണെങ്കിൽ, അതിൻറെ ആകർഷകമായ സൗന്ദര്യത്തെ നാം പുകഴ്ത്തുന്നു, ഒപ്പം, അതിന് ഭീഷണിയായിരിക്കുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ ആശങ്കാകുലരുമാണ്: ഉൾക്കടൽ ജലത്തിലും ആ പ്രദേശത്തും സ്വാധീനം ചെലുത്തുന്നതായ കാലാവസ്ഥാ വ്യതിയാനം; കെട്ടിടങ്ങളുടെയും അതുപോലെ സാംസ്കാരിക പൈതൃകത്തിൻറെയും ആളുകളുടെയും ബലക്ഷയം; വിനോദസഞ്ചാരം വേണ്ടവിധം ക്രമീകരിച്ചുകൊണ്ട് മനുഷ്യോചിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ബുദ്ധിമുട്ട്; കൂടാതെ ശിഥിലമായ സാമൂഹിക ബന്ധങ്ങൾ, വ്യക്തിവാദം, ഏകാന്തത എന്നിവയ്ക്ക് കാരണമാകാവുന്ന യാഥാർത്ഥ്യങ്ങളെല്ലാം.
വെനീസിൻറെ വിളി
മാനവരാശിയെ പരിപാലിക്കുകയും നാം പുഷ്പ്പിക്കുന്നതിനും പുഷ്പ്പിതമാക്കുന്നതിനും വേണ്ടി ലോകത്തെ ഒരു പൂന്തോട്ടമെന്ന പോലെ സൃഷ്ടിക്കുകയും ചെയ്ത ദൈവത്തിൻറെ മുന്തിരിത്തോട്ടത്തിൽ മുന്തിരച്ചെടിയോടു ചേർന്നിരിക്കുന്ന ശാഖകളായ ക്രിസ്ത്യാനികളായ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ക്രിസ്തുവിനോട് ഐക്യത്തിലായിരുന്നുകൊണ്ട് നമുക്ക്, സുവിശേഷത്തിൻറെ ഫലങ്ങൾ നാം ജീവിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ കഴിയും: അതായത്, നീതിയുടെയും സമാധാനത്തിൻറെയും ഫലങ്ങൾ, ഐക്യദാർഢ്യത്തിൻറെയും പരസ്പര കരുതലിൻറെയും ഫലങ്ങൾ; പാരിസ്ഥിതികവും മാനവികവുമായ പൈതൃകത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധാപൂർവ്വമായ തിരഞ്ഞെടുപ്പുകൾ: മാനവ പൈതൃകത്തെ, നമ്മുടെ മഹത്തായ മാനവികതയെ, നമ്മോടൊപ്പം നടക്കാൻ ദൈവം ധരിച്ച ആ മാനവികതയെ നാം മറക്കരുത്. നമ്മുടെ ക്രൈസ്തവ സമൂഹങ്ങളും നമ്മുടെ പ്രദേശങ്ങളും നമ്മുടെ നഗരങ്ങളും ആതിഥ്യമരുളുന്നതും സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായ ഇടങ്ങളായിത്തീരണമെന്നത് നമ്മുടെ ആവശ്യമാണ്. എല്ലായ്പ്പോഴും സമാഗമത്തിൻറെയും സാംസ്കാരിക വിനിമയത്തിൻറെയും വേദിയായ വെനീസ്, ഏറ്റവും എളിയവരിൽ നിന്നു തുടങ്ങി എല്ലാവർക്കും പ്രാപ്യമായ സൗന്ദര്യത്തിൻറെ അടയാളമായിരിക്കാൻ, സാഹോദര്യത്തിൻറെയും നമ്മുടെ പൊതു ഭവനത്തിൻറെ പരിപാലനത്തിൻറെയും അടയാളമായിരിക്കാൻ, വിളിക്കപ്പെട്ടിരിക്കുന്നു. വെനീസ്, സഹോദരങ്ങൾക്കു ജന്മമേകുന്ന മണ്ണാണ്. നന്ദി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: