മനുഷ്യനെ ഒന്നിപ്പിക്കുന്ന ശക്തി സ്നേഹം മാത്രമാണ്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റോമിലെ മെക്സിക്കൻ, ബ്രസീലിയൻ, ലാറ്റിനമേരിക്കൻ പൊന്തിഫിക്കൽ കോളേജുകളിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം നാലാം തീയതി, വ്യാഴാഴ്ച്ച, വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ, പൗരോഹിത്യജീവിതത്തിൽ സ്നേഹമെന്ന കേന്ദ്രവിഷയത്തെ ആസ്‌പദമാക്കി,സന്ദേശം പങ്കുവച്ചു.
തന്നോടൊപ്പം വൈദികരെ ഒരുമിച്ചുകൂട്ടിയ രഹസ്യം സ്നേഹം ഒന്ന് മാത്രമാണെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഏതൊരു ദൈവവിളിയുടെയും ആരംഭം ഈ സ്നേഹം തന്നെയാണെന്നും പാപ്പാ അടിവരയിട്ടു.തന്റെ മക്കളായിരിക്കുവാൻ നമ്മെ വിളിച്ചു ചേർത്ത ദൈവം നമുക്ക് നൽകുന്ന വലിയ ഉത്തരവാദിത്വം നമ്മെ മറ്റുള്ളവർക്കായി പങ്കുവയ്ക്കുക എന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ സേവന മനോഭാവമാണ് സ്നേഹത്തിന്റെ ലക്‌ഷ്യം, പാപ്പാ പറഞ്ഞു.
ക്രിസ്തുവിന്റെ മൗതീക ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ അവന്റെ യഥാർത്ഥ ബിംബമാകുവാനുള്ള വിളി കൂടിയാണ് നാം സ്വീകരിച്ചിരിക്കുന്നത്. ഇപ്രകാരം വെറോനിക്കയെ പോലെ നമ്മുടെ തിരുവസ്ത്രം കൊണ്ട് അനേകരുടെ കണ്ണീരൊപ്പുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
പൗരോഹിത്യ ജീവിതത്തിലെ മറ്റൊരു ദൗത്യം നമ്മെത്തന്നെ ബലിയായി നൽകുക എന്നതാണ്. രക്തസാക്ഷിത്വത്തിനുള്ള കേവലം സൈദ്ധാന്തികമായ തയ്യാറെടുപ്പല്ല പൗരോഹിത്യം , മറിച്ച് അവിടുത്തെ ഇഷ്ടം ചെയ്യാനും, അതിനായി നമ്മുടെ ആഗ്രഹങ്ങൾ ത്യജിക്കുവാനുമുള്ള വിളിയാണത്, പാപ്പാ പറഞ്ഞു.
തുടർന്ന് പൗരോഹിത്യജീവിതത്തിൽ ആവശ്യം വേണ്ടുന്ന എളിമയുടെ മാതൃകയും, അതോടൊപ്പം ഈ സേവനജീവിതത്തിൽ മുന്നേറുവാൻ പ്രാർത്ഥനയുടെ ആവശ്യവും പാപ്പാ അടിവരയിട്ടു. വിശ്വസ്തരായ ദൈവജനത്തിന്റെ പ്രാർത്ഥനകളിൽ ആശ്രയം വയ്ക്കുവാനും എല്ലാ വൈദികരെയും പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: