പാപ്പാ: പഞ്ചക്ഷതങ്ങൾ ദരിദ്രനും ക്രൂശിതനുമായ ക്രിസ്തുവിന് അനുരൂപരാകണമെന്ന് ഓർമ്മിപ്പിക്കുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ക്രൈസ്തവ ജീവിതത്തിലും ഫ്രാൻസിസ്കൻ സന്യാസിയുടെ ജീവിതത്തിലും പഞ്ചക്ഷതങ്ങളുടെ അർത്ഥം എന്തെന്ന് പരിശുദ്ധ പിതാവ് വിചിന്തനം നൽകി.
പഞ്ചക്ഷതത്തിൽ നിന്ന് ഒഴുകിയ വി. ഫ്രാൻസിസിന്റെ രക്തം പതിച്ച തിരുശേഷിപ്പുമായാണ് അവർ പാപ്പായെ സന്ദർശിക്കാനെത്തിയത്. വിവിധ സമൂഹങ്ങളിൽ തീർത്ഥാടനമായി കൊണ്ടു പോകുന്ന ആ തിരുശേഷിപ്പിന് നന്ദി പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ പഞ്ചക്ഷതങ്ങളുടെ അർത്ഥം വിശദീകരിച്ചുതുടങ്ങിയത്. ദരിദ്രനും ക്രൂശിതനുമായ ക്രിസ്തുവിന് അനുരൂപരാകേണ്ടതിന്റെ പ്രാധാന്യമാണ് പഞ്ചക്ഷതങ്ങൾ ഓർമ്മിപ്പിക്കുന്നത് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഈ അനുരൂപണത്തിനായി കർത്താവ് നൽകിയ ഏറ്റവും വാചാലമായ അടയാളമാണ് പഞ്ചക്ഷതങ്ങൾ
ഒരു ക്രൈസ്തവന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം പഞ്ചക്ഷതം സ്വീകരിച്ച വിശുദ്ധ ഫ്രാൻസിസ് അവന്റെ സ്വത്വത്തിന്റെ കണ്ണാടിയാണ്. വിശ്വാസി ഒരിക്കലും ഒരു ചിന്താധാരയോ പ്രവൃത്തികളോ ഒരുമിപ്പിക്കുന്ന സമൂഹത്തിന്റെ ഭാഗമെന്നതിനേക്കാൾ മാമ്മോദീസ മുതൽ കർത്താവിന്റെ ഉയിർപ്പിനാൽ അടയാളപ്പെടുത്തിയ ജീവിക്കുന്ന ക്രിസ്തുവിന്റെ യഥാർത്ഥ ശരീരമായ സഭയുടെ ഭാഗമാണ്. അങ്ങനെ സഭയുടെ സ്നേഹത്തിന്റെ കൂട്ടായ്മയിൽ സ്നേഹിച്ച്, ആഗ്രഹിച്ച്, അനുരഞ്ജനപ്പെടുത്തി കൃപയുടെയും സാഹോദര്യത്തിന്റെയും കരവേലക്കാരായ സാക്ഷികളാകാൻ വിളിക്കപ്പെട്ടവരെന്ന് ഓരോരുത്തരും സ്വയം കണ്ടത്തുന്നു എന്ന് പാപ്പാ പറഞ്ഞു. അതിനാൽ യാതനകളുടേയും അനീതിയുടേയും തിന്മകളുടേയും “പഞ്ചക്ഷതങ്ങളേറ്റ“വരോടു പ്രത്യേകമായ പരിഗണന കാണിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഈ യാത്രയിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസി നമുക്ക് ഒരു സഹയാത്രികനാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ ജീവിതത്തിൽ പഞ്ചക്ഷതം അവരുടെ സമൂഹത്തിന്റെയും തന്നിൽ തന്നെയുമുള്ള ഐക്യത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. പഞ്ചക്ഷതം ഏറ്റവും അത്യാവശ്യമായവയുടെ മുദ്ര വയ്പാണ്. അവരുടെ ജീവിതത്തിന്റെ രൂപീകരണ പ്രക്രിയയിൽ, പ്രേഷിത ദൗത്യങ്ങളിൽ, ആളുകളുടെ മധ്യേയുള്ള സാന്നിധ്യത്തിൽ, ക്ഷമ നൽകുന്നവരാകാൻ ക്ഷമിക്കപ്പെട്ടവരും, സൗഖ്യം നൽകാൻ സുഖപ്പെട്ടവരും സാഹോദര്യത്തിൽ എളിയവരും സന്തോഷമുള്ളവരുമായിരിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. യേശുവുമായുള്ള വ്യക്തി വരമായ കൂടിക്കാഴ്ചയാൽ പുഷ്ടിപ്പെടുത്തുന്ന ക്രിസ്തുവിന്റെ മുറിക്കപ്പെട്ട പാർശ്വത്തിൽ നിന്ന് ഒഴുകുന്ന സ്നേഹത്തിന്റെ ശക്തിയാൽ ഓരോ ദിവസവും ഹൃദയത്തെ കത്തിക്കുന്ന ഉത്സാഹം നവീകരിക്കാൻ പാപ്പാ അവരെ ക്ഷണിച്ചു.
നമുക്കുവേണ്ടി കുരിശിൽ മരിക്കാൻ യേശുവിനെ പ്രേരിപ്പിച്ച ആ അപാരമായ സ്നേഹത്തിൻറെ ഒരംശം അവരുടെ സമൂഹങ്ങളിലും സഭയിലും ലോകത്തിലും കൊണ്ടുവരുവാൻ വിളിക്കപ്പെട്ടവരാണ് അവരെന്ന് ഓർമ്മിപ്പിച്ച പാപ്പാ വിശുദ്ധ ഫ്രാൻസിസിനെ പോലെ ക്രിസ്തുവുമായുള്ള അടുപ്പം അവരെ കൂടുതൽ താഴ്മയുള്ളവരും ഐക്യമുള്ളവരും സന്തോഷമുള്ളവരും അനിവാര്യവുമാകട്ടെ എന്നാശംസിച്ചു. ക്രൂശിനെ സ്നേഹിക്കുന്നവരാകാനും ദരിദ്രരോടു കരുതലുള്ളവരും സമാധാനത്തിന്റെ സാക്ഷികളുമാകാനും കർത്താവിന്റെ സാന്നിധ്യം തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള നമ്മുടെ കാലഘട്ടത്തിൽ പ്രത്യാശയുടെ പ്രവാചകന്മാരുമായി മാറാനും ഫ്രാൻസിസ് പാപ്പാ അവരെ ക്ഷണിച്ചു.
വിശുദ്ധ ഫ്രാൻസിസിനോടുള്ള ഒരു പ്രാർത്ഥനയോടെയാണ് അവരെ അവരുടെ സഭാ സ്ഥാപകന് സമർപ്പിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: