തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കരായ മുതിർന്നവരുടെ സ്കൗട്ട് പ്രസ്ഥാനത്തിൻറെ പ്രതിനിധികളുമൊത്ത്, 13/04/24 ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കരായ മുതിർന്നവരുടെ സ്കൗട്ട് പ്രസ്ഥാനത്തിൻറെ പ്രതിനിധികളുമൊത്ത്, 13/04/24   (ANSA)

ദൈവിക ദാനങ്ങളെ മരണോപാധികളല്ല നന്മയുടെ ഉപകരണങ്ങളാക്കുക മനുഷ്യൻറെ മൗലിക വിളിയെന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പാ, കത്തോലിക്കരായ മുതിർന്നവരുടെ സ്കൗട്ട് പ്രസ്ഥാനത്തിൻറെ എഴുപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിൻറെ നൂറ്റിയമ്പതോളം പ്രതിനിധികളെ ശനിയാഴ്ച (13/04/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തങ്ങളുടെ പാതയിൽ കർത്താവ് എത്തിക്കുന്നവരെ സ്വാഗതം ചെയ്യുകയും ശ്രവിക്കുകയും തുണയ്ക്കുകയും ചെയ്യുന്ന കരുതലും തുറവുമുള്ള ഒരു സമൂഹമായിരിക്കുക എന്നത് മനോഹരമാണെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കരായ മുതിർന്നവരുടെ സ്കൗട്ട് പ്രസ്ഥാനത്തിൻറെ  എഴുപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിൻറെ നൂറ്റിയമ്പതോളം പ്രതിനിധികളെ ശനിയാഴ്ച (13/04/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. ഈ പ്രസ്ഥാനം 1954 ജൂൺ 20-ന് റോമിൽ ഔദ്യോഗികമായി ജന്മംകൊണ്ടതും പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു.

“ജീവന് കൂടുതൽ ജീവൻ” എന്ന പ്രമേയം അവർ സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ  ഇറ്റലിയിലെ ലാംബദൂസയിലെ പ്രാഥമിക ശുശ്രൂഷയ്ക്കും ആളുകളെ സ്വീകരിക്കുന്നതിനും വേണ്ടിയുള്ള കേന്ദ്രത്തിന് ചൂടു തൊട്ടിൽ സംഭാവന ചെയ്യുക, സാംബിയായിൽ നൗകാവിഷയകമായ മരപ്പണിശാല നിർമ്മിക്കുക, ഇറ്റലിയിലെ റൊമാഞ്ഞ പ്രദേശത്തുള്ള അർജേന്തയിൽ വനം നട്ടുപിടിപ്പിക്കുക എന്നീ പ്രതീകാത്മക പദ്ധതികളിലൂടെ ഈ പ്രമേയത്തിന് മൂർത്തരൂപമേകാൻ അവർ ശ്രമിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.

ആദ്യമായി പിറവിയെടുക്കുന്ന ജീവനോടുള്ള സ്നേഹത്തെ വിളിച്ചോതുന്നതാണ് തൊട്ടിലെന്നും അത് ജനിച്ചുവീഴുന്ന കുഞ്ഞിനെ പ്രതിയുള്ള ആനന്ദത്തിൻറെയും ആ കുഞ്ഞ് നല്ലവണ്ണം വളരുന്നതിനായുള്ള പരിശ്രമത്തിൻറെയും ആ കുഞ്ഞ് എന്തായിത്തീരുമോ അതിനായുള്ള കാത്തിരിപ്പിൻറെയും പ്രത്യാശയുടെയും പ്രതീകമാണെന്നും പാപ്പാ വിശദീകരിച്ചു.

പരിത്രാണദൗത്യത്തിന് ദൈവപുത്രൻ ഒരുങ്ങിയ ഇടമായ നസ്രത്തിലെ ആശാരിപ്പണിശാലയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ മരപ്പണി ശാല ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒരു പ്രതീകമാണെന്ന് പ്രസ്താവിച്ചു. യുദ്ധത്തിനുവേണ്ടിയുള്ള ആയുധങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച്  വളരെയേറെ ചർച്ചകൾ നടക്കുന്ന ഒരു ലോകത്ത്, ദൈവിക ദാനങ്ങളെ മരണോപധികളല്ല നന്മയുടെ ഉപകരണങ്ങളാക്കി മാറ്റാനുള്ള മനുഷ്യൻറെ മൗലിക വിളിയെക്കുറിച്ച് മരപ്പണിശാല നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

മൂന്നാമത്തെ പദ്ധതിയായ വനം നടീലിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അത്, സ്രഷ്ടാവ് നമ്മെ ഭരമേല്പിച്ച പൊതുഭവനത്തോടു നമുക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2024, 17:37