ഫ്രാൻസീസ് പാപ്പാ, വിശുദ്ധ ആഞ്ചെല മെറീച്ചിയുടെ നാമത്തിലുള്ള സ്ഥാപനത്തിലെ അംഗംങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 06/04/24 ഫ്രാൻസീസ് പാപ്പാ, വിശുദ്ധ ആഞ്ചെല മെറീച്ചിയുടെ നാമത്തിലുള്ള സ്ഥാപനത്തിലെ അംഗംങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 06/04/24  (Vatican Media)

നമ്മുടെ നിസ്സംഗതയും വ്യക്തിവാദവും ഹൃദയത്തെ മയക്കത്തിലാഴ്ത്തുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സിറക്കൂസ നഗരത്തിൽ സ്ഥാപിതമായ വിശുദ്ധ ആഞ്ചെല മെറീച്ചിയുടെ നാമത്തിലുള്ള സ്ഥാപനത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അതിൻറെ നൂറ്റിയെഴുപതോളം പ്രതിനിധികളെ ശനിയാഴ്ച (06/04/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ നിസ്സംഗതയും വ്യക്തിവാദവും നമ്മുടെ ചാരത്തുള്ളവരെ അവരുടെ വിധിയിൽ തളച്ചിടുന്നുവെന്നും സമൂഹത്തിലെ ഏറ്റവും മോശമായ തിന്മകളാണ് അവയെന്നും ദൈനംദിന ജീവിതത്തിലെ നാടകീയാവസ്ഥകൾക്കു മുന്നിൽ നമ്മെ ചലിപ്പിക്കാത്ത ഹൃദയത്തിൻറെ മയക്കമാണതെന്നും പാപ്പാ.

സ്വയംപര്യാപ്തരല്ലാത്തവരോ മാനസികപ്രശ്നങ്ങൾ ഉള്ളവരോ ആയ പാവപ്പെട്ട വൃദ്ധജനത്തിന് സാമൂഹ്യവും ആരോഗ്യപരവുമായ സേവനങ്ങൾ നല്കുന്ന, ഇറ്റലിയിലെ സിറക്കൂസ നഗരത്തിൽ സ്ഥാപിതമായ വിശുദ്ധ ആഞ്ചെല മെറീച്ചിയുടെ നാമത്തിലുള്ള സ്ഥാപനത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അതിൻറെ നൂറ്റിയെഴുപതോളം പ്രതിനിധികളെ ശനിയാഴ്ച (06/04/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

1953-ൽ സിറക്കൂസയിലെ യന്നൂസൊ ദമ്പതികളുടെ വീട്ടിലുണ്ടായിരുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ ചിത്രത്തിൽ നിന്ന് കണ്ണീരൊഴുകാൻ തുടങ്ങിയ അത്ഭുത സംഭവവും ഈ സ്ഥാപനത്തിൻറെ ജീവകാരുണ്യപ്രവർത്തനങ്ങളും തമ്മിൽ ബന്ധപ്പെടുത്തി സംസാരിച്ച പാപ്പാ സ്വർഗ്ഗീയാംബയുടെ അശ്രുകണങ്ങൾ അവളുടെ മക്കളുടെ സഹനങ്ങളെയും കഷ്ടപ്പാടുകളെയും പ്രതിയാണെന്നും ആ കണ്ണീരുകൾ ദെവത്തിനു നമ്മോടുള്ള അനുകമ്പയെ വിളിച്ചോതുന്നുവെന്നും വിശദീകരിച്ചു.

നിസ്സംഗതയാൽ വരണ്ടുപോകുകയും സ്വാർത്ഥതയാൽ കാഠിന്യമേറിയതായിത്തീരുകയും ചെയ്ത നമ്മുടെ ഹൃദയത്തെ പരിശുദ്ധ അമ്മയുടെ കണ്ണീരിനാൽ അലിയിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.  വിശുദ്ധ ആഞ്ചെല മെറീച്ചിയുടെ നാമത്തിലുള്ള സ്ഥാപനം നല്കുന്നത് വിലയേറിയ സേവനമാണെന്നു ശ്ലാഘിച്ച പാപ്പാ, ആ പ്രവർത്തനങ്ങളുടെ ഉറവിടമായ സുവിശേഷത്തോടു പറ്റിച്ചേർന്നുനില്ക്കാൻ അവർക്കു പ്രചോദനം പകർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2024, 12:27