ദൈവദാസൻ ഏഴാം പിയൂസ് പാപ്പാ, അജഗണത്തിനായി ജീവനേകുന്ന നല്ല ഇടയൻറെ ഉദാത്ത മാതൃക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പിയൂസ് ഏഴാമൻ പാപ്പാ ജീവിതത്തിൽ കൂട്ടായ്മ സാക്ഷ്യം കരുണ എന്നീ മൂന്നു മൗലികമൂല്യങ്ങൾ കോർത്തിണക്കിയ വ്യക്തിയാണെന്ന് ഫ്രാൻസീസ് പാപ്പാ.
1823 ആഗസ്റ്റ് 20-ന് കാലം ചെയ്ത ദൈവദാസൻ ഏഴാം പയൂസിൻറെ രണ്ടാം ചരമശതാബ്ദിയോടനുബന്ധിച്ച് ഇറ്റലിയിലെ ചെസേന സർസീന, സവോണ, ഈമൊള, തീവൊളി (Cesena-Sarsina, Savona, Imola e Tivoli) എന്നീ രൂപതകളിൽ നിന്നെത്തിയ ആയിരത്തോളം പേരടങ്ങിയ തീർത്ഥാടകസംഘത്തെ ശനിയാഴ്ച (20/04/24) വത്തിക്കാനിൽ പോൾ ആറാമൻശാലയിൽ സ്വീകരിച്ച വേളയിലാണ് എഴാം പിയൂസ് പാപ്പായുടെ ജീവിതത്തിൽ ഇഴചേർന്ന ഈ മൂല്യങ്ങളെക്കുറിച്ച് ഫ്രാൻസീസ് പാപ്പാ പരാമർശിച്ചത്.
സന്ന്യാസി, സന്ന്യാസാശ്രമാധിപൻ, മെത്രാൻ, പാപ്പാ എന്നീ നിലകളിലെല്ലാം ഏഴാം പിയൂസ് വലിയ ത്യാഗങ്ങൾ സഹിച്ചുപോലും, ദൈവത്തോടും സഭയോടുമുള്ള സമർപ്പണത്തിൽ അചഞ്ചലനായി നിലകൊണ്ടു എന്നു പാപ്പാ അനുസ്മരിച്ചു. അദ്ദേഹത്തിൻറെ ജീവിതത്തിൽ തെളിഞ്ഞു നിന്ന കൂട്ടായ്മ സാക്ഷ്യം കരുണ എന്നീ മൗലിക മൂല്യങ്ങൾ നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതയാത്രയിലും അത്യന്താപേക്ഷിതമാണെന്ന് പാപ്പാ വിശദീകരിച്ചു.
പിയൂസ് ഏഴാമൻ മാർപാപ്പ കടുത്ത പോരാട്ടങ്ങളുടെയും ഭിന്നതകളുടെയും സമയങ്ങളിൽ ഐക്യത്തിനായി ഉറച്ച നിന്ന വ്യക്തിയായിരുന്നുവെന്നും പരസ്യമായി നിന്ദിക്കപ്പെട്ടപ്പോഴും അദ്ദേഹം സഭയോടുള്ള സമർപ്പണത്തിൻറെയും സ്നേഹത്തിൻറെയും സന്ദേശം പ്രസരിപ്പിച്ചുവെന്നും ദൈവജനം ആ സന്ദേശത്തോട് അത്യുത്സാഹത്തോടെ പ്രത്യുത്തരിച്ചുവെന്നും പാപ്പാ പറഞ്ഞു.
വചനപ്രവർത്തികളാൽ സുവിശേഷത്തിൻറെ ധീരപ്രഘോഷകനായിരുന്നു സൗമ്യനായിരുന്ന ഏഴാം പിയൂസ് പാപ്പയെന്ന് അദ്ദേഹത്തിൻറെ ജീവിതത്തിൽ വിളങ്ങിയരുന്ന സാക്ഷ്യം എന്ന മൂല്യത്തെക്കുറിച്ച് വിശദീകരിക്കവെ ഫ്രാൻസീസ് പാപ്പാ പ്രസ്താവിച്ചു. നെപ്പോളിയൻറെ ആധിപത്യം സൃഷ്ടിച്ച കനത്ത പ്രതിബന്ധങ്ങൾ മറികടന്ന് ദരിദ്രരുടെ സംരക്ഷണത്തിൽ സവിശേഷ ശ്രദ്ധപതിച്ച പിയൂസ് ഏഴാമൻ അക്കാലത്തെ നൂതനവും ദൂരവ്യാപകവുമായ സാമൂഹിക പരിഷ്കാരങ്ങളാൽ വ്യതിരിക്തനായി നിന്നുവെന്ന് മൂന്നാമത്തെതായ കരുണയെന്ന മൂല്യത്തെക്കുറിച്ച് പരാമർശിക്കവെ പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: