"ജീവൻ ഉണ്ടാകുന്നതിന്” ക്രൂശിതനും ഉത്ഥിതനുമായ യേശുവിൽ നോട്ടം ഉറപ്പിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ ഏപ്രിൽ 7-ന് ഞായറാഴ്ച വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ പങ്കുവച്ച ചിന്തകൾ:യേശുവുമായുള്ള ഓരോ കണ്ടുമുട്ടലും, അവനുമായുള്ള ഒരോ സജീവകൂടിക്കാഴ്ചയും കൂടുതൽ ജീവനുണ്ടാകാൻ നമ്മെ അനുവദിക്കുന്നു. യേശുവിനെ തേടുക, നമ്മെ കാണാൻ അവനെ അനുവദിക്കുക - കാരണം അവൻ നമ്മെ അന്വേഷിക്കുന്നു, യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഹൃദയം തുറന്നിടുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമാപുരി അർക്കാംശുക്കളാൽ കുളിച്ചുനിന്ന സുദിനമായിരുന്ന ഈ ഞായറാഴ്‌ച (07/04/24)  ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന പതിനയ്യായിരത്തോളം വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുള്ള ഞായർ, അതായത്, ഉയിർപ്പു കാലത്തിലെ രണ്ടാം ഞായർ  ആയിരുന്നതിനാൽ അന്ന് “ദൈവികകരുണയുടെ ഞായർ” ആയിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (07/04/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ഇരുപതാം അദ്ധ്യായം, 19-31 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 20,19-31) അതായത്,യഹൂദരെ ഭയന്ന് കതകടച്ചിരുന്ന  ശിഷ്യന്മാർക്ക് ഉത്ഥിതൻ  പ്രത്യക്ഷനാകുന്നതും അവർക്ക് പരിശുദ്ധാത്മാവിനെയും പാപമോചനാധികാരവും നല്കുന്നതും ആ സമയത്ത് അവിടെ ഇല്ലാതിരുന്ന തോമസ് കണ്ടും തൊട്ടും മാത്രമെ വിശ്വസിക്കുകയുള്ളു എന്ന് ശഠിച്ചതതിനാൽ എട്ടു ദിവസത്തിനു ശേഷം ഉത്ഥിതൻ വീണ്ടും പ്രത്യക്ഷപ്പെടുന്നതുമായ സംഭവവിവരണ ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:      

യേശുവിൽ വിശ്വസിച്ചാൽ നിത്യജീവൻ പ്രാപിക്കാം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദൈവികകരുണയുടെ ഞായർ എന്നു പേരിട്ടിരിക്കുന്ന ഉയിർപ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്നത്തെ സുവിശേഷം (യോഹന്നാൻ 20:19-31 കാണുക) നമ്മോടു പറയുന്നത്, ദൈവപുത്രനായ യേശുവിൽ വിശ്വസിക്കുന്നതിലൂടെ അവൻറെ നാമത്തിൽ നമുക്ക് നിത്യജീവൻ ഉണ്ടാകും എന്നാണ്. "ജീവൻ ഉണ്ടായിരിക്കുക": എന്താണ് ഇതിൻറെ അർത്ഥം?

ജീവൻ നേടാൻ നാം തേടുന്ന വഴികൾ 

ജീവൻ ലഭിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു, എന്നാൽ അതിന് വിവിധ മാർഗ്ഗങ്ങളുണ്ട്. ഉദാഹരണത്തിന്, പലതും ആസ്വദിക്കാനും കൈവശപ്പെടുത്താനുമുള്ള ഭ്രാന്തമായ ഓട്ടത്തിലേക്ക് അസ്തിത്വത്തെ ചുരുക്കുന്നവരുണ്ട്: തിന്നുകയും കുടിക്കുകയും ചെയ്യുക, ആസ്വദിക്കുക, പണവും വസ്തുക്കളും സമ്പാദിക്കുക, ശക്തവും നൂതനവുമായ വികാരങ്ങൾ അനുഭവിക്കുക തുടങ്ങിയവ. ആദ്യനോട്ടത്തിൽ ആസ്വാദ്യകരമെന്നു തോന്നാമെങ്കിലും ഹൃദയത്തെ തൃപ്തിപ്പെടുത്താത്ത ഒരു പാതയാണിത്. ഇങ്ങനെയല്ല ഒരുവന് "ജീവൻ" ഉണ്ടാകുക, കാരണം ആനന്ദത്തിൻറെയും അധികാരത്തിൻറെയും പാതയിലൂടെ ഒരുവൻ സന്തോഷം കണ്ടെത്തില്ല. വാസ്‌തവത്തിൽ, അസ്‌തിത്വത്തിൻറെ പല മാനങ്ങളും ഉത്തരം കിട്ടാതെ കിടക്കുന്നു, ഉദാഹരണത്തിന്, സ്‌നേഹം, വേദനയുടെയും പരിമിതികളുടെയും മരണത്തിൻറെയുമായ അനിവാര്യ അനുഭവങ്ങൾ. ഇനി നമുക്കെല്ലാവർക്കും പൊതുവായ സ്വപ്നം സഫലമാകാതെ കിടക്കുന്നു: എന്നേക്കും ജീവിക്കാമെന്നും അനന്തമായി സ്നേഹിക്കപ്പെടാമെന്നുമുള്ള പ്രതീക്ഷ. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്ന ജീവിതത്തിൻറെ ഈ പൂർണ്ണത യേശുവിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഇന്ന് സുവിശേഷം പറയുന്നു: അവിടന്നാണ് നമുക്ക് ജീവൻറെ പൂർണ്ണത നൽകുന്നത്. എന്നാൽ അതിലേക്ക് എങ്ങനെ പ്രവേശിക്കാനാകും, എങ്ങനെ അത് അനുഭവിച്ചറിയാം?

നാം പ്രത്യാശാഭരിതാരാണോ?

സുവിശേഷത്തിൽ ശിഷ്യന്മാർക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് നോക്കാം. ജീവിതത്തിലെ ഏറ്റവും ദാരുണമായ നിമിഷത്തിലൂടെയാണ് അവർ കടന്നുപോകുന്നത്: പീഢാനുഭവത്തിൻറെ നാളുകൾക്ക് ശേഷം അവർ പേടിച്ച് നിരാശരായി സെഹിയോൻശാലയിൽ അടച്ചിരിക്കുന്നു. ഉത്ഥിതൻ അവരുമായി കൂടിക്കാഴ്ചനടത്താൽ എത്തുന്നു, ആദ്യംതന്നെ അവിടന്ന് തൻറെ മുറിവുകൾ കാണിക്കുന്നു (യോഹന്നാൻ 20,20 കാണുക): അവ കഷ്ടപ്പാടുകളുടെയും വേദനയുടെയും അടയാളങ്ങളായിരുന്നു, കുറ്റബോധം ഉണർത്താൻ പോന്നവയായിരുന്നു അവ എന്നിരുന്നാലും യേശുവിൽ അവ കരുണയുടെയും ക്ഷമയുടെയും ചാലുകളായി മാറുന്നു. അങ്ങനെ യേശുവിനോടുകൂടെയാകുമ്പോൾ ജീവൻ എപ്പോഴും ജയിക്കുമെന്നും മരണവും പാപവും തോൽപ്പിക്കപ്പെടുമെന്നും ശിഷ്യന്മാർ  കാണുകയും കൈകൊണ്ട് തൊട്ടറിയുകയും ചെയ്യുന്നു. ഒരു പുതിയ ജീവൻ പ്രദാനം ചെയ്യുന്ന അവിടത്തെ ആത്മാവിൻറെ ദാനം അവർ, സന്തോഷവും സ്നേഹവും പ്രത്യാശയും നിറഞ്ഞ വത്സലമക്കളെന്ന നിലയിൽ,  സ്വീകരിക്കുന്നു. ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കുന്നു: നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ? എല്ലാവരും സ്വയം ചോദിക്കുക: എൻറെ പ്രതീക്ഷ എങ്ങനെ പോകുന്നു?

യേശുവുമായി കണ്ടുമുട്ടുക

അനുദിനം "ജീവൻ" ഉണ്ടാകുന്നതിന്  ചെയ്യേണ്ടത് ഇതാണ് : ക്രൂശിതനും ഉത്ഥിതനുമായ യേശുവിൽ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക, കൂദാശകളിലും പ്രാർത്ഥനയിലും അവനുമായി കൂടിക്കാഴ്ച നടത്തുക, അവൻറെ സാന്നിധ്യം തിരിച്ചറിയുക, അവനിൽ വിശ്വസിക്കുക, അവൻറെ കൃപയാൽ സ്പർശിതരാകാനും അവൻറെ മാതൃകയാൽ നയിക്കപ്പെടാനും സ്വയം അനുവദിക്കുക, അവനെപ്പോലെ സ്നേഹിക്കുന്നതിലുള്ള സന്തോഷം അനുഭവിക്കുക. യേശുവുമായുള്ള ഓരോ കണ്ടുമുട്ടലും, അവനുമായുള്ള ഒരോ സജീവകൂടിക്കാഴ്ചയും കൂടുതൽ ജീവനുണ്ടാകാൻ നമ്മെ അനുവദിക്കുന്നു. യേശുവിനെ തേടുക, നമ്മെ കാണാൻ അവനെ അനുവദിക്കുക - കാരണം അവൻ നമ്മെ അന്വേഷിക്കുന്നു, യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി നിങ്ങളുടെ ഹൃദയം തുറക്കുക.

ആത്മശോധന ചെയ്യുക

എന്നാൽ നമുക്ക് സ്വയം ചോദിക്കാം: യേശുവിൻറെ പുനരുത്ഥാനത്തിൻറെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ, യേശു ഉയിർത്തെഴുന്നേറ്റുവെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? പാപത്തിൻറെയും ഭയത്തിൻറെയും മരണത്തിൻറെയും മേലുള്ള അവൻറെ വിജയത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? കർത്താവായ യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ? എൻറെ സഹോദരീസഹോദരന്മാരെ സ്നേഹിക്കാനും അനുദിനം പ്രത്യാശ പുലർത്താനുമുള്ള പ്രചോദനം അവനിൽ നിന്നു സ്വീകരിക്കാൻ ഞാൻ എന്നെ അനുവദിക്കുമോ? എല്ലാവരും ഇതിനെക്കുറിച്ച് ചിന്തിക്കുക. “ജീവൻ ഉണ്ടാകുന്നതിനും” ഉത്ഥാനത്തിൻറെ സന്തോഷം പരത്തുന്നതിനും നമുക്ക് ഉത്ഥിതനായ യേശുവിൽ എന്നും ഏറ്റവും വലിയ വിശ്വാസം ഉണ്ടായിരിക്കുന്നതിനായി മറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവാദനാനന്തരം പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ബസ് അപകടത്തിൽ മരിച്ചവരെ പാപ്പാ അനുസ്മരിക്കുകയും അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

കായികവിനോദ അന്താരാഷ്ട്രദിനം

വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം ആറാം തീയിതി ശനിയാഴ്‌ച (06/04/24) ആചരിക്കപ്പെട്ടിനെക്കുറിച്ച് പാപ്പാ പരാമർശിച്ചു. കായികവിനോദത്തിലേർപ്പെടുന്നത് തുറവുള്ളതും കെട്ടുറപ്പുള്ളതും മുൻവിധികളില്ലാത്തതുമായ ഒരു സാമൂഹികബന്ധം വാർത്തെടുക്കുന്നതിന് എത്രമാത്രം ഉപകാരപ്രദമായിരിക്കും എന്നതിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെന്നത് പാപ്പാ അനുസ്മരിച്ചു. എന്നാൽ ഇതിന് വിജയമോ സാമ്പത്തിക നേട്ടമോ മാത്രം ലക്ഷ്യം വയ്ക്കാത്തവരായ മേധാവികളെയും പരിശീലകരെയും ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സാമൂഹിക സൗഹൃദവും സാഹോദര്യവും ഉന്നംവയ്ക്കുന്ന ഒരു കായിക വിനോദം പരിപോഷിപ്പിക്കാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

ശാന്തിക്കായി പ്രാർത്ഥിക്കുക

സമാധാനത്തിനായി, നീതിപൂർവ്വകവും ശാശ്വതവുമായ സമാധാനത്തിനായി, പ്രാർത്ഥന തുടരാനുള്ള അഭ്യർത്ഥന പാപ്പാ നവീകരിച്ചു. യുദ്ധം യാതനകൾ വിതച്ചിരിക്കുന്ന ഉക്രൈയിനിനും പലസ്തീനിനും ഇസ്രായേലിനും വേണ്ടിപ്രത്യേകം പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. പിരിമുറുക്കം കുറയ്ക്കാനും കൂടിയാലോചനകൾ സാധ്യമാക്കാനുതകുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നവരെ ഉത്ഥിതനായ കർത്താവിൻറെ അരൂപി പ്രബുദ്ധരാക്കുകയും പിന്തുണയ്ക്കുകയും ചെയ്യട്ടെയെന്നും ചർച്ചയിലേർപ്പെടാനുള്ള കഴിവ് നേതാക്കൾക്ക് പ്രദാനം ചെയ്യട്ടെയെന്നും  പാപ്പാ പ്രാർത്ഥിച്ചു. ദൈവിക കരുണയുടെ ആത്മീയത വളർത്തുന്ന പ്രാർത്ഥനാ സംഘങ്ങൾ ഈ ഞായറാഴ്ച വത്തിക്കാനടുത്തുള്ള സാസിയയിലെ പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിൽ ഒത്തുകൂടിയത് പാപ്പാ അനുസ്മരിക്കുകയും അവരെ  അഭിവാദ്യം ചെയ്യുകയും ചെയ്തു.      

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2024, 11:21