മുസ്ലീം സഹോദരങ്ങൾക്ക് പാപ്പായുടെ ചെറിയപെരുന്നാൾ സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനം തന്നെയും ശാന്തി കാംക്ഷിക്കുന്നവനുമായ ദൈവത്തിൽ വിശ്വസിക്കുന്ന ആർക്കും യുദ്ധത്തെ നിരാകരിക്കാതിരിക്കാനാകില്ലെന്ന് മാർപ്പാപ്പാ.
റംസാൻ പുണ്യമാസത്തിൻറെ സമാപനം കുറിച്ച ഇസ്ലാം ചെറിയപെരുന്നാളിനോടനുബന്ധിച്ച് (ഈദുൽ ഫിത്തർ )ഏപ്രിൽ 12-ന് വെള്ളിയാഴ്ച (12/04/24) ഫ്രാൻസീസ് പാപ്പാ സൗദി അറേബിയയുടെ തലസ്ഥാനമായ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ടെലെവിഷൻ ചാനലായ അൽ അറാബിയയ്ക്കയച്ച സന്ദേശത്തിലാണ് ഇന്ന് ലോകത്തിൽ ജനതകളെ കണ്ണീരിലാഴ്ത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂര യുദ്ധങ്ങളിൽ ആശങ്കയും വേദനയും പ്രകടിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
ക്രൈസ്തവരുടെ സവിശേഷ പുണ്യദിനമായ ഉത്ഥാനത്തിരുന്നാളാനന്തരം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇസ്ലാം ചെറിയപെരുന്നാൾ ആചരിക്കപ്പെടുന്ന സന്തോഷപ്രദായക യാദൃശ്ചികതയെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ കാരുണ്യവാനും സർവ്വശക്തനുമായ ദൈവത്തിലേക്ക് നയനങ്ങൾ ഉയർത്താൻ നമ്മെ ക്ഷണിക്കുന്ന ഈ സന്തോഷകരമായ സന്ദർഭം മദ്ധ്യപൂർവ്വദേശത്തെ അനുഗ്രഹീത ദേശങ്ങളിൽ ഒഴുകുന്ന രക്തത്തിനെതിരെ ഉച്ചത്തിൽ നിലവിളിക്കുന്നുവെന്ന് പറയുന്നു.
നക്ഷത്രങ്ങളെ നോക്കാൻ, ഉന്നതത്തിൽ നിന്ന് നമ്മെ വലയം ചെയ്യുന്ന ജീവൻറെ വെളിച്ചത്തെ നോക്കാൻ, കണ്ണുകളുയർത്തിയ നമ്മുടെ പിതാവായ അബ്രഹാം വിദ്വേഷത്തിൻറെ ഇരുളിനെ മറികടക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. യുദ്ധം എന്നും ഒരു തോൽവിയാണെന്ന പല്ലവി ആവർത്തിക്കുന്ന പാപ്പാ അത് ലക്ഷരഹിത പാതയായ യുദ്ധം പ്രതീക്ഷകളെ ഇല്ലായ്മ ചെയ്യുന്നുവെന്ന് സന്ദേശത്തിൽ പറയുന്നു.
പലസ്തീനിലെയും ഇസ്രായേലിലെയും സംഘർഷത്തിൽ തൻറെ ദുഃഖം ഒരിക്കൽക്കൂടി രേഖപ്പെടുത്തുന്ന പാപ്പാ ഗാസമുനമ്പിലെ യുദ്ധാഗ്നി എത്രയും വേഗം അണയുന്നതിനും ബന്ദികൾ മോചപ്പിക്കപ്പെടുന്നതിനും വേണ്ടി അഭ്യർത്ഥിക്കുകയും പീഡിത പ്രദേശങ്ങളായ സിറിയയെയും ലെബനനെയും മദ്ധ്യപൂർവ്വദേശം മുഴുവനെയും പ്രത്യേകം അനുസ്മരിക്കുകയും ചെയ്യുന്നു. ആയുധമത്സരത്തിൻറെ വിനാശകരമായ കാറ്റിനാൽ നയിക്കപ്പെടുന്ന പകയുടെ അഗ്നി ജ്വാലകൾ പടരാതിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.
കുടുംബങ്ങൾ, യുവജനം, തൊഴിലാളികൾ, പ്രായമായവർ, കുട്ടികൾ എന്നിവരെക്കുറിച്ചും ഓർക്കുന്ന പാപ്പാ അക്രമത്തിൻറെ വ്യാപനത്തിനു മുന്നിൽ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുമ്പോൾ, അവരുടെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്നത് "മതിയാക്കൂ" എന്ന വാക്കാണെന്ന് പറയുന്നു. ഈ വാക്ക് പാപ്പാ ഭരണാധികാരികളോട് ആവർത്തിക്കുയും ആയുധങ്ങളുടെ ഗർജ്ജനം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
കുഞ്ഞുങ്ങളുടെ നയനങ്ങളിലൂടെയാണ് നാം ഭാവിയിലേക്കു നോക്കുന്നതെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ അവർ ചോദിക്കുന്നത് നശിപ്പിക്കേണ്ട ശത്രു ആരെന്നല്ല, പ്രത്യുത, തങ്ങൾക്കു കളിക്കാൻ പറ്റിയ കൂട്ടുകാർ ആരെന്നാണ് എന്നും അവർക്ക് വേണ്ടത് വീടുകളും കളിസ്ഥലങ്ങളും വിദ്യാലയങ്ങളുമാണ്, ശവകുടീരങ്ങളും കുഴിമാടങ്ങളുമല്ലയെന്നും പ്രസ്താവിക്കുന്നു.
മരുഭൂമികൾ പുഷ്പിക്കുമെന്ന തൻറെ ബോധ്യം വെളിപ്പെടുത്തുന്ന പാപ്പാ പ്രകൃതിയിലെന്നപോലെ, ആളുകളുടെ ഹൃദയങ്ങളിലും ജനങ്ങളുടെ ജീവിതത്തിലും. അങ്ങനെ സംഭവിക്കുമെന്നും എങ്ങനെ ഒത്തൊരുമിച്ചു വളരാൻ സാധിക്കും എന്നു പഠിച്ചാൽ വിദ്വേഷത്തിൻറെ മരുഭൂമികളിൽ നിന്ന് പ്രതീക്ഷയുടെ മുളകൾ പൊട്ടുമെന്നും പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: