ഫ്രാൻസീസ് പാപ്പാ, ചരിത്ര ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതിയിലെ അംഗങ്ങളുമൊത്ത് വത്തിക്കാനിൽ, 20/04/24 ഫ്രാൻസീസ് പാപ്പാ, ചരിത്ര ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതിയിലെ അംഗങ്ങളുമൊത്ത് വത്തിക്കാനിൽ, 20/04/24  (Vatican Media)

അപകടകരമായ സംഘർഷ പശ്ചാത്തലത്തിൽ ഇന്ന് “സാംസ്കാരിക നയതന്ത്രജ്ഞത” അത്യന്താപേക്ഷിതം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ചരിത്ര ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതിയുടെ എഴുപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിൻറെ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനസികവും വ്യവസ്ഥാപിതവുമായ അടച്ചുപൂട്ടലുകളുടെ എല്ലാ രൂപങ്ങളും ഒഴിവാക്കിയും ശാസ്ത്രീയവും മാനുഷികവുമായ ബന്ധങ്ങൾ വിപുലമാക്കിയും മറ്റുള്ളവരുമായി സഹകരിക്കാൻ മാർപ്പാപ്പാ ചരിത്ര ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതിയ്ക്ക് പ്രചോദനമേകി.

ഈ പൊന്തിഫിക്കൽ സമിതിയുടെ എഴുപതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിൻറെ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുപ്പതിലേറെ അംഗങ്ങളെ ശനിയാഴ്ച (20/04/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഇന്ന് ലോകത്തിൽ തുടരുന്ന ശകലിത സംഘർഷങ്ങൾക്കു മുന്നിൽ നഷ്ക്രിയരായി നോക്കിനില്ക്കാനാവില്ല എന്നു വ്യക്തമാക്കുന്ന പാപ്പാ, സംഭാഷണത്തിൻറെ ചക്രവാളങ്ങൾ തുറന്നുകൊണ്ട് ചരിത്രപരമായ ഗവേഷണ പഠനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും, സുവിശേഷാത്മക പ്രത്യാശയുടെ, നിരാശപ്പെടുത്താത്ത പ്രത്യാശയുടെ, വെളിച്ചം ചൊരിയണമെന്നും അപകടകരമായ ആഗോളസംഘർഷ പശ്ചാത്തലത്തിൽ ഇന്ന് “സാംസ്കാരിക നയതന്ത്രജ്ഞത” ഏറെ അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു.

എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലുമുള്ള ഗവേഷകരുമായുള്ള കൂടിക്കാഴ്ചകളും സഹകരണവും വഴി, സഭയും സമകാലിക ലോകവും തമ്മിലുള്ള സംഭാഷണത്തിന് സവിശേഷ സംഭാവനയേകാൻ കഴിയുമെന്ന തൻറെ ബോധ്യം പാപ്പാ ഒരിക്കൽക്കൂടി വെളിപ്പെടുത്തി. സഭയും ചരിത്രകാരന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ അത് സാമീപ്യത്തിൻറെ അടിസ്ഥാനത്തിലുള്ള ഒരു ബന്ധമാണെന്ന് വിശേഷിപ്പിക്കുകയും സഭയും ചരിത്രവും തമ്മിൽ സുപ്രധാനമായ ഒരു ബന്ധമുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു.

സഭ എക്കാലത്തെയും സ്ത്രീപുരുഷന്മാരോട് ചേർന്ന് ചരിത്രത്തിലൂടെ സഞ്ചരിക്കുന്നുവെന്നും സഭ, ഒരു പ്രത്യേക സംസ്കാരത്തിലും ഉൾപ്പെടുന്നില്ലയെന്നും  എന്നാൽ സുവിശേഷത്തിൻറെ സൗമ്യവും ധീരവുമായ സാക്ഷ്യത്താൽ എല്ലാ സംസ്കാരത്തിൻറെയും ഹൃത്തിനെ സജീവമാക്കിക്കൊണ്ട് നാഗരികത ഒരുമിച്ച് കെട്ടിപ്പടുക്കാൻ അഭിലഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2024, 12:21