തിരയുക

ഫ്രാൻസീസ് പാപ്പാ, സ്പെയിനിലെ സെവില്ലെയിലെ “റെദെംപ്തോറിസ് മാത്തെർ” അതിരൂപതാ സെമിനാരിയിൽ നിന്നെത്തിയവരെ സംബോധന ചെയ്യുന്നു, 20/04/24 ഫ്രാൻസീസ് പാപ്പാ, സ്പെയിനിലെ സെവില്ലെയിലെ “റെദെംപ്തോറിസ് മാത്തെർ” അതിരൂപതാ സെമിനാരിയിൽ നിന്നെത്തിയവരെ സംബോധന ചെയ്യുന്നു, 20/04/24  (Vatican Media)

ക്രിസ്തുവിനോട് അനുരൂപരായ വൈദികരാകുക, പാപ്പാ വൈദികാർത്ഥികളോട്!

ഫ്രാൻസീസ് പാപ്പാ, സ്പെയിനിലെ സെവില്ലെയിലെ “റെദെംപ്തോറിസ് മാത്തെർ” അതിരൂപതാ സെമിനാരിയിൽ നിന്ന് അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ഹൊസേ ആഞ്ചെൽ സായിസ് മെനേസെസിൻറെ നേതൃത്വത്തിൽ എത്തിയ വൈദികാർത്ഥികളും വൈദികപരിശീലകരുമുൾപ്പടെയുള്ള നാല്പതോളം പേരുടെ സംഘത്തെ ശനിയാഴ്‌ച (20/04/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നല്ല ഇടയനായ യേശുവിനോട് അനുരൂപരാകുന്നതിനുള്ള പ്രക്രിയയിൽ വൈദികാർത്ഥികൾ ആത്മീയ ജീവിതം, പഠനം, കൂട്ടായ ജീവിതം അപ്പൊസ്തോലിക പ്രവർത്തനം എന്നീ ചതുർമാനങ്ങളിൽ ശ്രദ്ധിക്കണമെന്ന് മാർപ്പാപ്പാ.

സ്പെയിനിലെ സെവില്ലെയിലെ “റെദെംപ്തോറിസ് മാത്തെർ” അതിരൂപതാ സെമിനാരിയിൽ നിന്ന് അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ഹൊസേ ആഞ്ചെൽ സായിസ് മെനേസെസിൻറെ നേതൃത്വത്തിൽ എത്തിയ വൈദികാർത്ഥികളും വൈദികപരിശീലകരുമുൾപ്പടെയുള്ള നാല്പതോളം പേരുടെ സംഘത്തെ ശനിയാഴ്‌ച (20/04/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പൂർണ്ണ അർത്ഥത്തിൽ വൈദികരാകാനും തങ്ങൾക്കു ലഭിച്ച വിളിയോട് ദൈവത്തിനും സഹോദരങ്ങൾക്കും, വിശിഷ്യ, യാതനകളനുഭവിക്കുന്നവർക്ക്, വേണ്ടിയുള്ള സമ്പൂർണ്ണ സമർപ്പണത്തിൽ പ്രത്യുത്തരിക്കാനും ക്രിസ്തുവിനോടു അനുരൂപരാകുകയെന്ന പ്രക്രിയ അനിവാര്യവും അടിയന്തിരവുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥന, പഠനം, സാഹോദര്യം, ദൗത്യം എന്നിവ വൈദികനിൽ സമന്വയിക്കണമെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.

ദൈവത്തിൽ ഹൃദയമർപ്പിച്ചും, കരങ്ങൾ തുറന്നു പിടിച്ചും കണ്ടുമുട്ടുന്നവരിലേക്ക് സുവിശേഷാനന്ദം പ്രസരിപ്പിക്കുന്നതിന് പുഞ്ചിരിക്കുന്ന മുഖഭാവം പുലർത്തിയും പരിശീലനത്തിൻറെ തീവ്രമായ സമയം പരമാവധി പ്രയോജനപ്പെടുത്താൻ പാപ്പാ സെമിനാരിവിദ്യാർത്ഥികൾക്ക് പ്രചോദനം പകർന്നു.

വിശുദ്ധ പത്രോസിൻറെ കബറിടത്തിങ്കലേക്കുള്ള അവരുടെ തീർത്ഥാടനത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ അപ്പോസ്തൊലന്മാർ പകർന്നു നല്കിയ വിശ്വാസമെന്ന ദാനം വിസ്മയത്തോടും കൃതജ്ഞതാഭാവത്തോടുംകൂടി ജീവിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2024, 12:32