തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലം സെപ്റ്റംബറിൽ ഏഷ്യൻ-ഓഷ്യാന നാടുകളിൽ!

ഫ്രാൻസീസ് പാപ്പാ സെപ്റ്റംബർ 2-13 വരെ ഇന്തൊനേഷ്യ, പൂർവ്വതിമോർ, പാപുവ ന്യൂ ഗിനി, സിങ്കപ്പൂർ എന്നീ നാടുകളിൽ ഇടയസന്ദർശനം നടത്തും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും സന്ദർശിക്കും.  ഇക്കൊല്ലം സെപ്റ്റംബർ 2-13 വരെയാണ് സുദീർഘമായ ഈ ഇടയസന്ദർശന പരിപാടി.

പന്ത്രണ്ടാം തീയിതി വെള്ളിയാഴ്‌ചയാണ് (12/04/24) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ, അതായത് പ്രസ്സ് ഓഫിസിൻറെ മേധാവി മത്തേയൊ ബ്രൂണി പാപ്പായുടെ ഏറ്റം ദൈർഘ്യമേറിയതും നാല്പത്തിനാലാമത്തേതുമായ ഈ വിദേശ അപ്പൊസ്തോലികപര്യടനത്തെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ നാടുകളുടെയെല്ലാം രാഷ്ട്രത്തലവന്മാരും പ്രാദേശിക സഭാധികാരികളും ക്ഷണിച്ചതനുസരിച്ചാണ് പാപ്പാ ഈ സന്ദർശനം നടത്തുകയെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സെപറ്റംബർ 3-6 വരെ പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി അവിടെ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പാ അന്നാടിൻറെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കും. അന്നാട്ടിൽ കത്തോലിക്കർ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്, ഏതാണ്ട് 20 ലക്ഷം. ഒമ്പതാം തിയതിവരെയായിരിക്കും പാപ്പാ അന്നാട്ടിൽ ചിലവഴിക്കുക. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിൻറെ തലസ്ഥാനമായ ദിലിയിൽ പാപ്പായെത്തും. അന്നാട്ടിൽ കത്തോലിക്കരുടെ സംഖ്യ 10 ലക്ഷത്തോളം വരും. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് സിങ്കപ്പൂറിലേക്കു പോകും. അന്നാട്ടിലെ ജനസംഖ്യയിൽ ഏതാണ്ട് 3 ശതമാനം മാത്രമാണ് കത്തോലിക്കർ, അതായത് 4 ലക്ഷത്തോളം. 13-ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2024, 12:47