തായ് വാൻ ഭൂകമ്പത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യവും സാമീപ്യവും ഉറപ്പു നൽകി പാപ്പാ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
തായ് വാനിലെ ചൈനീസ് റീജിയണൽ മെത്രാ൯ സമിതി അധ്യക്ഷ൯ മോൺ. ജോൺ ബാപ്റ്റിസ്റ്റ് ലീ കെഹ്-മീനിനാണ് പാപ്പാ സന്ദേശം അയച്ചത്.
തായ് വാനിലെ ഭൂകമ്പം മൂലമുണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളും അറിഞ്ഞതിൽ പരിശുദ്ധ ഫ്രാ൯സിസ് പാപ്പാ അതീവ ദുഃഖിതനാണെന്ന് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളി൯ ഒപ്പ് വച്ചയച്ച സന്ദേശത്തിൽ രേഖപ്പെടുത്തി. ഈ ദുരന്തം ബാധിച്ച എല്ലാവർക്കും തന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ സാമീപ്യവും ഉറപ്പ് നൽകുന്നതായി പാപ്പാ രേഖപ്പെടുത്തി. മരിച്ചവർക്കും, പരിക്കേറ്റവർക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വേണ്ടിയും അടിയന്തിര രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി സാന്ത്വനത്തിന്റെയും ശക്തിയുടെയും എല്ലാ ദൈവിക അനുഗ്രഹങ്ങളും ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒമ്പത് പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുടുങ്ങിക്കിടക്കുന്ന 600 ലധികം ആളുകളിലേക്ക് എത്താനായി രക്ഷാപ്രവർത്തകർ തീവ്രയത്നം നടത്തുകയാണെന്നും ഡസൻ കണക്കിന് ആളുകളെ കാണാതായതായും ബിബിസി റിപ്പോർട്ട് ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: