ബ്രസീലിലെ വെള്ളപ്പൊക്കം: ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാപ്പായുടെ ഫോൺ വിളി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ബ്രസീലിന്റെ തെക്കൻ ഭാഗത്ത് ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. മരണമടഞ്ഞവരുടെ സംഖ്യ 137 ആയി ഉയരുകയും 6 ലക്ഷത്തിലധികം പേർ ഭവനരഹിതരാവുകയും ചെയ്തു. ഏറ്റവുമധികം ദുരന്തം വിതച്ചയിടം അർജന്റീനയുടെയും, ഉറുഗ്വയുടെയും അതിർത്തിയിലുള്ള റിയോ ഗ്രാന്തെ ദൊ സുൾ ആണ്. അവിടെ ഇന്നലെയും മഴയും കാറ്റും ശക്തി പ്രാപിക്കുമെന്നും വെള്ളത്തിന്റെ നില ഉയരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനം മുന്നറിയിപ്പു നൽകി.
ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന, പ്രത്യേകിച്ച് ഏറ്റം ദരിദ്രരായവരെ തേടി തന്റെ സാമിപ്യമറിയിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ മേയ് 11 ശനിയാഴ്ചയാണ് മോൺ. ജെയ്മെ സ്പെൻഗ്ളെറുമായി ഫോണിൽ സംസാരിച്ചത്. പാപ്പായുടെ ഈ പിതൃസഹജമായ പ്രവൃത്തിയിൽ അത്ഭുതം മറച്ചുവയ്ക്കാതെ മെത്രാപ്പോലീത്ത പാപ്പായ്ക്ക് നന്ദി പറഞ്ഞു. തന്റെ സാമിപ്യവും പ്രാർത്ഥനയും അറിയിച്ചു കൊണ്ടായിരുന്നു ഫോൺ വിളി.
കഴിഞ്ഞ മേയ് 5ന് നടന്ന മദ്ധ്യാഹ്ന പ്രാർത്ഥനയിലും പാപ്പാ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ബ്രസീലിലെ അപ്പോസ്തോലിക ന്യൂൺഷിയോയുടെ കാര്യാലയം അറിയിച്ചതനുസരിച്ച് പരിശുദ്ധ പിതാവ് 1,00,000 യൂറോ അപ്പോസ്തലിക ദാനധർമ്മകാര്യാലയം വഴി വീടു നഷ്ടപ്പെട്ടവരെ സഹായിക്കാൻ നൽകിയതായി മോൺ. സ്പെൻഗ്ലർ സ്ഥിരീകരിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: