പാപ്പാ : ലോകത്തിൽ എത്ര ജനങ്ങളുണ്ട് എന്നതല്ല, ഏതുതരം ലോകമാണ് നാം പടുത്തുയർത്തുന്നത് എന്നതാണ് പ്രശ്നം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ആഗോള പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്ന ജനനനിരക്കിലെ കുറവ് കൈകാര്യം ചെയ്യുന്നതിൽ വേണ്ട യാഥാർത്ഥ്യബോധവും, ദീർഘവീക്ഷണവു, ധൈര്യവും ചൂണ്ടികാണിച്ചു കൊണ്ട് ജനനനിരക്ക് ഉച്ചകോടിയിൽ പങ്കെടുത്തവരെ മെയ് പത്താം തിയതി പാപ്പാ അഭിസംബോധന ചെയ്തു. ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി നത്താലിത്ത ഫൗണ്ടേഷൻ വർഷം തോറും സംഘടിപ്പിക്കുന്ന ഉച്ചകോടി വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നു.
വിശിഷ്ട അധികാരികളെയും പൗര സമൂഹത്തിന്റെ പ്രതിനിധികളെയും അവിടെ സന്നിഹിതരായ സകലരേയും അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ ജാൻ ലൂയിജിയോടും ഈ ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തി. "ആയിരിക്കുക, കൂടുതൽ യുവജനങ്ങൾ, കൂടുതൽ ഭാവി" എന്ന മുദ്രാവാക്യം പ്രതിധ്വനിച്ചുകൊണ്ട്, മനുഷ്യരാശിയിലുള്ള ദൈവത്തിന്റെ വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ കുട്ടിയുടെയും ദാനം എന്ന് ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.
മനുഷ്യജീവിതത്തെ ഒരു പ്രശ്നമായി കാണുന്ന കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെ ചൂണ്ടികാണിച്ചു കൊണ്ട് യാഥാർത്ഥ്യബോധത്തിന് ഊന്നൽ നൽകാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. കൂടുതൽ കുട്ടികളുടെ ജനനമല്ല ആഗോള പ്രശ്നങ്ങളുടെ യഥാർത്ഥ മൂലകാരണങ്ങൾ മറിച്ച് സ്വാർത്ഥതയും, ഉപഭോക്തൃ സംസ്കാരവും, വ്യക്തിപ്രാമുഖ്യവാദവുമാണ് എന്ന് പാപ്പാ വിമർശിച്ചു. ലോകത്തിൽ എത്ര ജനങ്ങളുണ്ട് എന്നതല്ല, ഏതുതരം ലോകമാണ് നാം പടുത്തുയർത്തുന്നത് എന്നതാണ് പ്രശ്നം.
ഭാവിയിലേക്കുള്ള ഒരു രാജ്യത്തിന്റെ പ്രതീക്ഷയുടെ നിർണ്ണായകമായ സൂചകമാണ് ജനനനിരക്ക് എന്ന് ഊന്നിപ്പറഞ്ഞ പാപ്പാ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും യുവതലമുറകൾക്ക് അവസരങ്ങൾ നൽകുന്നതിനുമുള്ള ഫലപ്രദമായ ദീർഘകാല നയങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളോടു അഭ്യർത്ഥിച്ചു.
നല്ല നാളേക്കായി ഇന്ന് വിത്ത് പാകാൻ ധീരവും മൂർത്തവുമായ നടപടികൾ വേണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. ദീർഘവീക്ഷണം അത്യന്താപേക്ഷിതമാണെന്ന് സൂചിപ്പിച്ച പാപ്പാ മുൻ തലമുറകളുടെ ത്യാഗങ്ങളെ അംഗീകരിക്കുകയും ഇളയ തലമുറയ്ക്ക് അവരുടെ അവകാശമായ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഉദാരമനസ്കതയുടെയും തലമുറകൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സംസ്കാരത്തിനായി പാപ്പാ വാദിച്ചു.
യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ധൈര്യത്തെ കുറിച്ച് പാപ്പാ സംസാരിച്ചത്. ഭയാനകമായ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പ്രതീക്ഷയോടെയും ധൈര്യത്തോടെയും നിലകൊള്ളാൻ അവരെ ആഹ്വാനം ചെയ്ത ഫ്രാൻസിസ് പാപ്പാ വിശ്വാസത്തിലൂടെയും ഐക്യദാർഢ്യത്തിലൂടെയും നയിക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. പ്രത്യാശ വളർത്തിയതിന് നത്താലിത്ത ഫൗണ്ടേഷനെ അദ്ദേഹം അഭിനന്ദിക്കുകയും അതിന്റെ ദൗത്യത്തിന് തുടർച്ചയായ പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു.
ഇറ്റലിയിലും യൂറോപ്പിലും ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് നടപടിക്കായുള്ള പാപ്പായുടെ വികാരാധീനമായ അഭ്യർത്ഥന. വരാനിരിക്കുന്ന തലമുറകൾക്കുള്ള ഒരു ദാനമായും പ്രത്യാശയുടെ പ്രതീകമായും ഓരോ കുട്ടിയേയും സ്വാഗതം ചെയ്യുന്ന ഒരു ഭാവിയിലേക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് ജനനനിരക്ക് ഉച്ചകോടി സമാപിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: