പാപ്പാ: ക്രൈസ്തപ്രത്യാശയുടെ ഉറക്കശാലയാണ് കാറ്റകോമ്പുകൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
2007 മുതൽ 2022 വരെ പൊന്തിഫിക്കൽ കമ്മീഷനെ നയിച്ച കർദ്ദിനാൾ റവാസിയോടും കമ്മീഷൻ മുൻ സെക്രട്ടറിയും നിലവിലെ പ്രസിഡണ്ടുമായ മോൺ. പാസ്കുവാലെ ലാക്കോബോണെനിനോടും പാപ്പാ നന്ദി രേഖപ്പെടുത്തി.
ഇറ്റലിയിലെ ക്രൈസ്തവ കാറ്റകോമ്പുകളുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം, പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ പുതിയ തലമുറയിലെ വിദ്യാർത്ഥികളെയും പണ്ഡിതന്മാരെയും ഉൾപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെ പാപ്പാ പ്രശംസിച്ചു. കാറ്റകോമ്പുകളെക്കുറിച്ചുള്ള അറിവും മതിപ്പും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള
വിദ്യാഭ്യാസ ശിൽപശാലകൾ, കുടുംബങ്ങളും കുട്ടികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള "കാറ്റകോമ്പു ദിനങ്ങൾ", ടെലിവിഷൻ പരിപാടികളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും വിവിധ കാറ്റകോമ്പുകളുടെ അവതരണം തുടങ്ങിയ അവരുടെ സംരംഭങ്ങളെ പാപ്പാ പ്രശംസിച്ചു. കൂടാതെ, വിവിധ സർവ്വകലാശാലകളുമായി സഹകരിച്ച് സ്കോളർഷിപ്പുകളും വാർഷിക പുരാവസ്തു ഗവേഷണ പദ്ധതികളും സുപ്രധാന സംഭാവനകളായി എടുത്തു പറഞ്ഞ പാപ്പാ വിവിധ ഇറ്റാലിയൻ പ്രദേശങ്ങളിലുടനീളം നടന്നുകൊണ്ടിരിക്കുന്ന പല വിധ പദ്ധതികൾ നിരവധി പ്രസിദ്ധീകരണങ്ങളിലും ശാസ്ത്ര കോൺഫറൻസുകളിലും രേഖപ്പെടുത്തപ്പെട്ട ആകർഷകവുമായ കണ്ടെത്തലുകളിലേക്ക് നയിച്ചതും പാപ്പാ അനുസ്മരിച്ചു.
വരാനിരിക്കുന്ന ജൂബിലിയുടെ "പ്രതീക്ഷയുടെ തീർത്ഥാടകർ" എന്ന വിഷയവുമായി ബന്ധപ്പെടുത്തിയായിരുന്നു പാപ്പായുടെ പ്രഭാഷണം. ജൂബിലി വർഷത്തിൽ തീർത്ഥാടന കേന്ദ്രങ്ങൾ എന്ന നിലയിൽ ക്രൈസ്തവ കാറ്റകോമ്പുകൾ വളരെ പ്രാധാന്യം വഹിക്കുന്നു.
അപ്പോസ്തലന്മാരായ പത്രോസിന്റെയും, പൗലോസിന്റെയും തിരുശേഷിപ്പുകൾ ഒരുമിച്ച് വണങ്ങുന്ന സാൻ സെബാസ്റ്റ്യാനോ പോലുള്ള പ്രധാന കാറ്റകോമ്പുകളിൽ കണ്ടെത്തിയ ഗ്രാഫിറ്റികളിൽ പുരാതന ക്രൈസ്തവ തീർത്ഥാടനത്തിന്റെ അടയാളങ്ങളെ ഫ്രാൻസിസ് പാപ്പാ പരാമർശിച്ചു. ആദ്യകാല ക്രൈസ്തവ ചിഹ്നങ്ങളും ചിത്രീകരണങ്ങളും നിറഞ്ഞ കാറ്റകോമ്പുകളിൽ കാണുന്ന പ്രതീകാത്മക ചിത്രങ്ങളിൽ ഉടനീളം, മരണത്തിനും അപകടങ്ങളിലും നിന്നുള്ള സ്വാതന്ത്യത്തിന്റെയും മരണത്തിന് അപ്പുറത്തുള്ള ജീവിതത്തിന്റെ പ്രതീക്ഷയും വെളിവാക്കുന്ന ക്രൈസ്തവ പ്രത്യാശയാണ് പ്രതിധ്വനിക്കുന്നതെന്ന് പാപ്പാ പങ്കുവച്ചു.
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും ഉള്ള ക്രിസ്തീയ പ്രത്യാശയെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്ന "ഡോർമിറ്ററികൾ" അഥവാ ശയനമുറികൾ എന്നാണ് പാപ്പാ കാറ്റകോമ്പുകളെ വിശേഷിപ്പിച്ചത്. നമ്മളെല്ലാവരും തീർത്ഥാടകരാണെന്ന് മനസ്സിലാക്കാനും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സന്തോഷത്തിലും സമാധാനത്തിലും പങ്കുചേരാനും വിശ്വാസികളെ വിളിക്കുന്ന, ക്രിസ്തീയ പ്രത്യാശയെക്കുറിച്ചും ദൈവത്തെ കണ്ടുമുട്ടാനുള്ള പ്രതീക്ഷയെക്കുറിച്ചും മനസ്സിലാക്കുന്ന യാത്രകളാണ് കാറ്റകോമ്പുകളിലേക്കുള്ള തീർത്ഥാടനങ്ങളെന്ന് പാപ്പാ അടിവരയിട്ടു. ക്രൈസ്തവ വിശ്വാസികളുടെ ആദ്യ തലമുറകൾ നമ്മോടു ഈ പ്രതീക്ഷ പങ്കു വയ്ക്കുന്ന ലിഖിതങ്ങളാണ് കാറ്റകോമ്പുകളിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങളിൽ “സമാധാനത്തിൽ വസിക്കട്ടെ; ക്രിസ്തുവിൻ, ദൈവത്തിൽ വസിക്കട്ടെ “ എന്നൊക്കെ രേഖപ്പെടുത്തി വച്ചിട്ടുള്ളത്.
ക്രൈസ്തവ പ്രത്യാശ ഏറ്റം വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നത് രക്തസാക്ഷികളാണ് അതിനാൽ ജൂബിലി സമയത്ത് രക്തസാക്ഷികളുടെ ശവകുടീരങ്ങൾ ഉയർത്തിക്കാട്ടാനുള്ള നിർദ്ദേശത്തെ പാപ്പാ പ്രശംസിച്ചു, തീർത്ഥാടകരെ രക്തസാക്ഷികളുടെ ധീരമായ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുകയും ക്രിസ്തുവിലുള്ള വിശ്വാസത്തിനായി നിലവിൽ പീഡിപ്പിക്കപ്പെടുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാൻ അത് അവർക്ക് പ്രചോദനമേകും. തീർത്ഥാടകർക്ക് ആക്സസ് ചെയ്യാവുന്ന കാറ്റകോംബ് സൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച പാപ്പാ കൂടുതൽ ആളുകളെ സന്ദർശിക്കാനും അവരുടെ വിശ്വാസവും പ്രത്യാശയും ശക്തിപ്പെടുത്താനും അത് പ്രാപ്തരാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
അപ്പോസ്തോലിക ഭരണഘടന പ്രെദിക്കാത്തേ ഇവഞ്ചോലിയം (245) സ്ഥിരീകരിച്ച ഇറ്റലിയിലെ ക്രൈസ്തവ കാറ്റകോമ്പുകളുടെ വിശ്വാസത്തിന്റെയും കലയുടെയും പൈതൃകത്തിന്റെ സംരക്ഷകരെന്ന നിലയിൽ കമ്മീഷന്റെ പങ്ക് എടുത്തു പറഞ്ഞു കൊണ്ട് അവരുടെ സേവനത്തിന് നന്ദി രേഖപ്പെടുത്തിയ പാപ്പാ അവരുടെ തൊഴിൽ നൈപുണ്യവും അഭിനിവേശവും അവരുടെ ജോലിയിൽ വിനിയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. ദൈവമാതാവും രക്തസാക്ഷികളുടെ രാജ്ഞിയുമായ പരിശുദ്ധ അമ്മയുടെ സംരക്ഷണവും പിന്തുണയും അഭ്യർഥിച്ച പാപ്പാ അവരുടെ പ്രവർത്തനത്തെയും, പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: