പാപ്പാ: കുഞ്ഞുങ്ങളായിരുന്നപ്പോൾ ഉണ്ടായിരുന്ന ലാളിത്യം നഷ്ടപ്പെടാതെ വളരണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
മെയ് 25-26 ദിവസങ്ങളിലാണ് റോമിൽ വച്ച് കുട്ടികളുടെ ആദ്യത്തെ ആഗോള ദിനം ആചരിക്കപ്പെടുന്നത്.
കഴിഞ്ഞ നവംബർ ആറിന് കുട്ടികളുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ കുട്ടികളിൽ നിന്ന് പഠിക്കേണ്ട ആവശ്യത്തെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു. കുട്ടികളെ ഓരോ പ്രാവശ്യം കാണുമ്പോഴെല്ലാം അവർ പാപ്പായെ എന്തെങ്കിലും പുതിയ കാര്യം പഠിപ്പിക്കുമെന്നും ഒരുമിച്ചായിരിക്കലും ലാളിത്യവും ദൈവത്തിന്റെ വലിയ രണ്ടു ദാനങ്ങളാണെന്നും പാപ്പാ പറഞ്ഞിരുന്നു. കുട്ടികളുടെ ആവശ്യങ്ങളും ആകുലതകളും ശ്രവിച്ചാൽ മാത്രമേ സമാധാനവും പ്രകൃതിയോടു ആദരവുമുള്ള ഒരു നല്ല ലോകം കെട്ടിപ്പടുക്കുവാനാകുകയുള്ളൂ എന്നും ഫ്രാൻസിസ് പാപ്പാ അന്ന് അടിവരയിട്ടു. കുട്ടികളുടെ സ്വാഭാവീകതയിലും നന്മയിലും നിന്നാണ് നാം വീണ്ടും ആരംഭിക്കേണ്ടത്. അന്ന് വത്തിക്കാനിൽ നിന്നും പുറപ്പെട്ട തീവണ്ടിയിൽ കുട്ടികളെ യാത്രയാക്കിയിട്ടാണ് പാപ്പാ മടങ്ങിയത്.
റോബെർത്തൊ പച്ചിലിയോയുമായി നടത്തിയ അഭിമുഖത്തിൽ വിദ്യാഭ്യാസം നൽകുകയെന്നാൽ കുട്ടികളെ അവർ സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാകും വരെ പിൻചെല്ലുക എന്നാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ബന്ധങ്ങളെ അനുദിനം പരിപാലിക്കുകയും അപരന്റെ സമീപത്ത് അവൻ അവനായിതന്നെ നിലനിൽക്കാൻ സഹായിക്കുകയുമാണ് വേണ്ടത് എന്ന് പാപ്പാ പറഞ്ഞു.
റോമിൽ വച്ച് ലോകം മുഴുവനിൽ നിന്നും വന്ന 7000 ഓളം വരുന്ന കുട്ടികളുമായി നടന്ന കൂടിക്കാഴ്ചയുടെ പ്രതീകാത്മകമായ മൂല്യം വളരെ വലുതാണെന്ന് പാപ്പാ അഭിമുഖത്തിൽ അറിയിച്ചു. കുട്ടികൾ കാത്തുസൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ സൗന്ദര്യം അവരെ നിരീക്ഷിക്കുകയും ശ്രവിക്കുകയും ചെയ്താൽ മുതിർന്നവരായ നമ്മെ ബോധവൽക്കരിക്കാൻ കുഞ്ഞുങ്ങൾക്കു കഴിയും. ഈ കൈമാറ്റം പ്രത്യാശ പകരുന്ന ഒരു മാറ്റത്തിന് എല്ലാവരേയും പ്രോൽസാഹിപ്പിക്കുമെന്ന് പാപ്പാ എടുത്തു പറഞ്ഞു.
വളരുമ്പോൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ ഉണ്ടായിരുന്ന ലാളിത്യം നഷ്ടപ്പെടാതെ വളരണം. ഓരോ പ്രായത്തിനനുസരിച്ചും ആ ലാളിത്യം ഉണ്ടാവണം എങ്കിലേ സമാധാനത്തെക്കുറിച്ചും, പ്രകൃതിയാകുന്ന അമ്മയെക്കുറിച്ചും ഒക്കെ ബുദ്ധിമുട്ടില്ലാതെ സംസാരിക്കാൻ കഴിയൂ, പാപ്പാ അടിവരയിട്ടു.
ലൗ ദാത്തോസീ യിൽ പറയുന്ന നമ്മുടെ പൊതു ഭവനത്തിന്റെ പരിപാലനത്തിന് വേണ്ടത്ര ചെയ്യാൻ കഴിയാതിരുന്നതുകൊണ്ടാണ് എട്ട് വർഷത്തിനു ശേഷം ആ വിഷയം ലൗ ദാത്തെ ദേവും എന്ന അപ്പോസ്തോലിക പ്രബോധനത്താൽ വീണ്ടും ഏറ്റെടുത്തതെന്ന് പാപ്പാ പരിതപിച്ചു. എല്ലാവരുടേയും ഇടപെടൽ ആവശ്യമായ ഒരു പ്രതിസന്ധിയാണിത്. സമൂഹത്തിലെ ഓരോ വ്യക്തിയും ആരോഗ്യ പരമായ ഒരു സമ്മർദ്ദം ഇക്കാര്യത്തിൽ നടത്തണം. കാരണം ഓരോ കുടുംബവും ചിന്തിക്കണം. തങ്ങളുടെ കുട്ടികളുടെ ഭാവിയാണ് ഇവിടെ അപകടത്തിലെന്ന് പാപ്പാ മുന്നറിയിപ്പു നൽകി.
പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും അഭിമുഖത്തിൽ ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നുണ്ട്. അർജന്റിനയിൽ മെട്രോയിൽ യാത്ര ചെയ്യുന്ന പാപ്പായുടെ ഫോട്ടോകളെക്കുറിച്ച് ചോദിച്ച റോബെർത്തോയ്ക്ക് പാപ്പാ നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കാൻ വേണ്ട തരത്തിൽ നമ്മുടെ ജീവിത ശൈലികൾ മാറ്റേണ്ടത് അടിസ്ഥാനപരമാണ്. തനിക്ക് പൊതുവാഹനങ്ങൾ ഉപയോഗിക്കാൻ ഇഷ്ടമാണ് കാരണം അത് ജനങ്ങളുടെ കൂടെ ആയിരിക്കാനും അവരുടെ ഊഷ്മളതയും വിഷമങ്ങളും അറിയാൻ സഹായിക്കും. സ്ക്കൂളിൽ പോയിരുന്ന കാലത്ത് സ്ഥിരമായി പൊതുഗതാഗത സൗകര്യങ്ങൾ വിനിയോഗിച്ചിരന്നത് ഓർമ്മിച്ച പരിശുദ്ധ പിതാവിന് ഇന്ന് നഷ്ടമായ ചില കാര്യങ്ങളിൽ കൂടുതൽ നഷ്ടമായവയിൽ ഒന്നാണതെന്നും അഭിമുഖത്തിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: