തിരയുക

സോദരങ്ങളോടൊപ്പം സ്വർഗ്ഗോന്മുഖം ചരിക്കുക,പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രാർത്ഥനാ സന്ദേശം: സ്വർഗ്ഗാരോഹണം. പർവ്വതാരോഹകർ പാശബന്ധിതരായി ഗിരിശൃംഗം ലക്ഷ്യമാക്കി ഓരോ ചുവടും വച്ച് കയറുന്നതു പോലെ നമ്മളും സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ച് സഹോദരങ്ങളോടു ചേർന്നു നീങ്ങണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ഔപചാരികമായി മെയ് 9-നായിരുന്നെങ്കിലും ഇറ്റലിയുൾപ്പടെ അനേകം നാടുകളിൽ ഇത് ആചരിക്കപ്പെട്ടത്  പന്ത്രാണ്ടാം തീയതി ഞായറാഴ്‌ചയാണ് (12/05/24). അന്ന്  ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനു  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ കരഘോഷവും ആനന്ദാരവങ്ങളും ജനസഞ്ചയത്തിൻറെ ആഹ്ലാദാവിഷ്ക്കാരമായി. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (12/05/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പതിനാറാം അദ്ധ്യായം, 15-20വരെയുള്ള വാക്യങ്ങൾ (മർക്കോസ് 16:15-20) അതായത്, ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാൻ ഉത്ഥിതൻ ശിഷ്യന്മാരെ ആഹ്വാനം ചെയ്യുന്നതും സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതുമായ സംഭവവിവരണഭാഗം, ആയിരുന്നു.

പാപ്പായുടെ പ്രഭാഷണം: സ്വർഗ്ഗാരോഹണം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!

ഇപ്പോൾ, ഞാൻ ജേനോവക്കാരായ കുട്ടികൾക്ക് ഒരു നല്ല ഞായറാഴ്ച നേരാൻ ആഗ്രഹിക്കുന്നു. ഈ ആശംസകളോടെ തൻറെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടർന്നു:  ഇന്ന്, ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും, കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ആഘോഷിക്കപ്പെടുന്നു. തൻറെ ദൗത്യം തുടരുകയെന്ന ചുമതല അപ്പോസ്തലന്മാരെ ഏൽപ്പിച്ച ശേഷം, യേശു "സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുകയും ദൈവത്തിൻറെ വലത്തുഭാഗത്ത് ഉപവവിഷ്ടനാകുകയും ചെയ്തു" (മർക്കോസ് 16:19) എന്ന് ദിവ്യബലിയിൽ വായിക്കപ്പെട്ട സുവിശേഷം പറയുന്നു. സുവിശേഷം പറയുന്നത് ഇതാണ്: "അവൻ സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുകയും ദൈവത്തിൻറെ വലത്തുഭാഗത്ത് ഉപവവിഷ്ടനാകുകയും ചെയ്തു"

കർത്താവ് നമുക്കു മുന്നോടിയായി സ്വർഗ്ഗത്തിലേക്ക്

യേശു പിതാവിൻറെ പക്കലേക്കു മടങ്ങിപ്പോയത് നമ്മിൽ നിന്നുള്ള വേർപിരിയലായിട്ടല്ല, മറിച്ച് സ്വർഗ്ഗമെന്ന ലക്ഷ്യത്തിലേക്ക് നമുക്ക് മുമ്പേ പോകുന്നതായിട്ടാണ് നമുക്ക് ദൃശ്യമാകുന്നത്. മലയിൽ അതിൻറെ കൊടുമുടിയിലേക്ക് കയറുമ്പോൾ എന്നതു പോലെ: ഒരുവൻ ആയാസത്തോടെ നടക്കുന്നു, ഒടുവിൽ, പാതയിലെ ഒരു വളവിൽ, ചക്രവാളം തുറക്കപ്പെടുന്നു, വിശാലദർശനം സാധ്യമാകുന്നു. അപ്പോൾ ശരീരം മുഴുവൻ അവസാന കയറ്റത്തെ അഭിമുഖീകരിക്കാനുള്ള ശക്തി കണ്ടെത്തുന്നു. ശരീരം മുഴുവനും - കൈകളും കാലുകളും എല്ലാ പേശികളും – ഗിരിശൃംഗോന്മുഖമാകുകയും മലമുകളിൽ എത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

നാം ഒരുമിച്ച് സ്വർഗ്ഗം ലക്ഷ്യം വച്ച് നീങ്ങണം

സ്വർഗ്ഗാരോഹിതനായ യേശു, ഒരു "കയറിൽ ബന്ധിതരായ പർവ്വതാരോഹർ" എന്നപോലെ തന്നോടൊപ്പം വലിച്ചുകൊണ്ടു പോകുന്ന ശരീരമാണ് നമ്മൾ, സഭ. നാം എവിടേയ്ക്കാണോ നടക്കുന്നത് ആ മാതൃരാജ്യത്തിൻറെ മനോഹാരിത തൻറെ വചനത്താലും കൂദാശകളുടെ കൃപയാലും നമ്മോട് വെളിപ്പെടുത്തുന്നതും ആശയവിനിമയം നടത്തുന്നതും അവിടന്നാണ്. നാം യേശുവിൻറെ അവയവങ്ങളാണ്, അങ്ങനെ നമ്മൾ, അവിടത്തെ അവയവങ്ങൾ - ഒരാളുടെ ചുവട് എല്ലാവരുടെയും ചുവടാണെന്നും, ആരും വഴിതെറ്റിപ്പോവുകയോ പിന്നിലാക്കപ്പെടുകകയോ ചെയ്യരുത്, കാരണം നാം ഒരു ശരീരമാണ് (കൊളോസോസ് 1:18; 1 കോറിന്തോസ് 12:12-27 കാണുക) എന്ന അവബോധത്തോടുകൂടി, നമ്മുടെ ശിരസ്സായ അവിടത്തോടൊപ്പം സന്തോഷത്തോടെ ആരോഹണം ചെയ്യുകയാണ്.

പടിപടിയായ നീക്കം

നമുക്ക് ശ്രദ്ധയോടെ ശ്രവിക്കാം: ഘട്ടം ഘട്ടമായി, പടിപടിയായി യേശു നമുക്ക് വഴി കാണിക്കുന്നു. നാം വയ്ക്കേണ്ട ഈ ചുവടുകൾ ഏവയാണ്? ഇന്നത്തെ സുവിശേഷം പറയുന്നു: "സുവിശേഷം പ്രഘോഷിക്കുക, സ്നാനപ്പെടുത്തുക, പിശാചുക്കളെ പുറത്താക്കുക, സർപ്പങ്ങളെ നേരിടുക, രോഗികളെ സുഖപ്പെടുത്തുക" (മർക്കോസ് 16,16-18 കാണുക); ചുരുക്കത്തിൽ, സ്നേഹത്തിൻറെ പ്രവൃത്തികൾ ചെയ്യുക: ജീവൻ പ്രദാനം ചെയ്യൽ, പ്രത്യാശയേകൽ, എല്ലാ ദ്രോഹപ്രവർത്തികളിലും നികൃഷ്ടതയിലും നിന്ന് അകന്നുനിൽക്കുക, തിന്മയോട് നന്മകൊണ്ട് പ്രതികരിക്കുക, കഷ്ടപ്പെടുന്നവരുടെ ചാരത്തായിരിക്കുക. ഇതാണ് "ഘട്ടം ഘട്ടമായി" എന്നത്. നാം ഇത് എത്രയധികം ചെയ്യുന്നുവോ അത്രയധികം നാം അവിടത്തെ ആത്മാവിനാൽ രൂപാന്തരപ്പെടാൻ നമ്മെത്തന്നെ അനുവദിക്കും, അത്രയധികം നാം അവിടത്തെ മാതൃക പിൻചെല്ലും, കൂടാതെ, മലമുകളിലെന്നപോലെ, നമുക്ക് ചുറ്റുമുള്ള വായു മൃദുലവും ശുദ്ധവും ചക്രവാളം വിശാലവും ലക്ഷ്യം സമീപസ്ഥവും ആയി മാറുന്നതായി നമുക്ക് അനുഭവപ്പെടും, വാക്കുകളും ചെയ്തികളും നല്ലതായിത്തീരുന്നു, മനസ്സും ഹൃദയവും വികസിക്കുകയും ശ്വസമെടുക്കുകയും ചെയ്യുന്നു.

ദൈവത്തിനായുള്ള അഭിവാഞ്ഛ നമ്മിൽ സജീവമാണോ? 

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: ദൈവത്തിനായുള്ള അഭിവാഞ്ഛ, അവിടത്തെ അനന്തസ്നേഹത്തിനും നിത്യജീവനാകുന്ന അവിടത്തെ ജീവനും വേണ്ടിയുള്ള അഭിലാഷം എന്നിൽ സജീവമാണോ? അതോ ഞാൻ അൽപ്പം വിരസനും ക്ഷണികമായ കാര്യങ്ങളിൽ, പണത്തിലോ നേട്ടങ്ങളിലോ സന്തോഷങ്ങളിലോ നങ്കൂരമിട്ടിരിക്കുന്നവനുമാണോ? സ്വർഗ്ഗത്തിനായുള്ള എൻറെ ആഗ്രഹം എന്നെ ഒറ്റപ്പെടുത്തുകയോ, അടച്ചിടുകയോ ആണോ, അതോ, എൻറെ സഹോദരങ്ങളെ മഹാ നിസ്വാർത്ഥ ചൈതന്യത്തോടെ സ്നേഹിക്കാനും സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ അവരെ കൂട്ടാളികളായി കരുതാനും അത് എന്നെ പ്രേരിപ്പിക്കുന്നുണ്ടോ? ലക്ഷ്യത്തിലെത്തിയിരിക്കുന്ന മറിയം സ്വർഗ്ഗീയ മഹത്വത്തിലേക്ക്  സന്തോഷത്തോടെ ഒരുമിച്ച് ചരിക്കാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ:  റഷ്യയും ഉക്രൈയിനും യുദ്ധത്തടവുകാരെ കൈമാറട്ടെ

റഷ്യയും ഉക്രൈയിനും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറുന്നതിനു വേണ്ടിയുള്ള അഭ്യർത്ഥന താൻ നമ്മെ സ്വതന്ത്രരാക്കുകയും നാം സ്വതന്ത്രരായിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഉത്ഥിതനായ കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാളിൽ നവീകരിക്കുന്നുവെന്ന് പാപ്പാ ആശീർവ്വാദനന്തരം  പറഞ്ഞു. യുദ്ധത്തടവുകാരെ കൈമാറുന്നതിനു വേണ്ടിയുള്ള ഏതൊരു യത്നത്തിനും അനുകൂലമായി പ്രവർത്തിക്കാനുളള പരിശുദ്ധസിംഹാസനത്തിൻറെ സന്നദ്ധത പാപ്പാ ഉറപ്പുനൽകുകയും ചെയ്തു. യുദ്ധവേദികളായ ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യന്മാർ എന്നീ നാടുകളിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സാമൂഹ്യവിനിമയ ലോകദിനം

ഈ ഞായറാഴ്ച അമ്പത്തിയെട്ടാം ലോക സാമൂഹ്യസമ്പർക്കമാദ്ധ്യമ ദിനം ആചരിക്കപ്പെട്ടതും “നിർമ്മിത ബുദ്ധിയും ഹൃദയജ്ഞാനവും” എന്ന വിചിന്തന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു. ഹൃദയത്തിൻറെ ജ്ഞാനം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങളെ വ്യാഖ്യാനിക്കാനും പൂർണ്ണമായും മനുഷികമായ ആശയവിനിമയത്തിനുള്ള വഴി കണ്ടെത്താനും കഴിയൂ എന്ന് പാപ്പാ പറഞ്ഞു. സമ്പർക്കമാദ്ധ്യമപ്രവർത്തകരായ എല്ലാവർക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുയും ചെയ്തു.

മാതൃദിനാചരണം

മെയ് 12-ന്, ഞായറാഴ്‌ച, പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ എല്ലാ അമ്മമാരെയും നന്ദിയോടെ സ്മരിച്ചു. സ്വർഗ്ഗം പൂകിയ അമ്മമാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും എല്ലാ അമ്മമാരെയും സ്വർഗ്ഗീയ മാതാവായ മറിയത്തിന് ഭരമേല്പിക്കുകയും ചെയ്തു.

ഛായാചിത്ര പ്രദർശന

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലെ സ്തംഭാവലിക്കിടയിൽ “മാറ്റം” (Changes) എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട ഛായാചിത്ര പ്രദർശനത്തെക്കുറിച്ചു നന്ദിയോടെ പരാമർശിച്ച പാപ്പാ നമ്മുടെ പൊതുഭവനത്തിൻറെ മനോഹാരിതയെ വർണ്ണിക്കുന്ന, ലോകമെമ്പാടും നിന്നുള്ള ഛായാചിത്രങ്ങളാണ് അവിടെ നിരത്തിയിരിക്കുന്നതെന്ന് അനുസ്മരിച്ചു. സ്രഷ്ടാവിൻറെ ദാനമായ പൊതുഭവനം നാം കാത്തുപരിപാലിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.   

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2024, 11:42

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >